Tuesday 01 August 2023 03:01 PM IST

‘69 വയസുള്ള മുത്തശ്ശി റാംപ് വോക്ക് ചെയ്തപ്പോള്‍ അഭിമാനം തോന്നി, പ്രായം ഒന്നിനും തടസമല്ല’; അമ്പതാം വയസില്‍ സൗന്ദര്യപ്പട്ടം നേടിയ അഡ്വ. മഞ്ജുള പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

mrs-manjula-1

കറുപ്പും വെളുപ്പും വസ്ത്രങ്ങള്‍ മാത്രം ശീലിച്ച ഒരാള്‍, അമ്പതാം വയസില്‍ നിറങ്ങളുടെ ലോകത്തേക്ക് ഒറ്റ കുതിപ്പായിരുന്നു. പിന്നെ മുങ്ങിക്കയറിയത് തലയില്‍ മിന്നുന്ന കിരീടവുമായി. മിസിസ് ഗ്ലോബല്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ടൈറ്റില്‍ വിന്നറായി മാറിയ അഡ്വക്കറ്റ് മഞ്ജുളയാണ് ഇപ്പോള്‍ നാട്ടിലെയും വീട്ടിലെയും താരം. 40 കഴിഞ്ഞവര്‍ക്കായി ഗ്ലോബല്‍ ഇന്ത്യ എന്റര്‍ടൈന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനി ഡല്‍ഹിയില്‍ വച്ച് നടത്തിയ മത്സരത്തിലാണ് അഡ്വ. പി ആര്‍ മഞ്ജുള സൗന്ദര്യപ്പട്ടം നേടിയത്. 

‘‘69 വയസുള്ള മുത്തശ്ശി വരെ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ റാംപ് വോക്ക് ചെയ്തപ്പോള്‍ അഭിമാനം തോന്നി. പ്രായം ഒന്നിനും തടസമല്ല, വെറും നമ്പര്‍ മാത്രമാണെന്ന് തോന്നിപ്പോയി. ഒരു പ്രായത്തിനു ശേഷം മക്കള്‍ക്ക് ജോലി കിട്ടി, അവരുടെ വിവാഹം കഴിഞ്ഞാല്‍, ജീവിതം സെറ്റിലായി, ഇനിയൊന്നും ഇല്ല എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ അതല്ല ജീവിതം, സ്വന്തമായി സന്തോഷം കണ്ടെത്തണം. അവനവനു വേണ്ടി ജീവിക്കണം. വിന്നറായതോടെ ആത്മവിശ്വാസം കൂടി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറേപേര്‍ക്ക് മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞു.’’- വാക്കുകളില്‍ അഭിമാനം നിറച്ച് മഞ്ജുള വനിതാ ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവച്ചു.  

സ്വപ്നങ്ങള്‍ക്ക് പരിധിയില്ല...

ഡല്‍ഹിയിലെ നമ്പര്‍ വണ്‍ പേജന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്ന ഒരു കമ്പനിയാണ് ഗ്ലോബല്‍ ഇന്ത്യ എന്റര്‍ടൈന്‍മെന്റ്. അവര്‍ ഓള്‍ ഇന്ത്യ ലെവലില്‍ എല്ലാ പ്രായക്കാര്‍ക്കു വേണ്ടിയും സൗന്ദര്യമത്സരം സംഘടിപ്പിക്കാറുണ്ട്. ടീന്‍, മിസ്റ്റര്‍, മിസ്, മിസിസ്, അണ്‍ മാരിഡ് വിമെന്‍, മാരിഡ് വിമെന്‍ (രണ്ടു കാറ്റഗറി- 20 മുതല്‍ 40 വരെ, 40നു മുകളില്‍ പ്രായമുള്ളവര്‍) എന്നിങ്ങനെയായിട്ടാണ് മത്സരങ്ങള്‍ നടത്തിയത്.

mrs-manjula2

ഞാന്‍ മാരിഡ് വിമെനിലെ 40നു മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയിലാണ് മത്സരിച്ചത്. അതിലെ ടൈറ്റില്‍ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ മിസിസ് ഗ്ലോബല്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ടൈറ്റില്‍ വിന്നറായി മാറുന്നത്. ബോളിവുഡ് താരം മലൈക അറോറയായിരുന്നു എന്നെ കിരീടം അണിയിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ ഓഡീഷനു വിളിച്ചതു കണ്ട് വെറുതെ അപേക്ഷിച്ചതാണ്. ആദ്യം കണ്ടപ്പോള്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാകും എന്നു വിചാരിച്ചു. പിന്നെയാണ് പ്രായപരിധിയില്ലെന്ന് മനസ്സിലായത്. ബെംഗളൂരുവില്‍ മൂന്നു ദിവസത്തെ ഓഡീഷനു പങ്കെടുത്തു. ആത്മവിശ്വാസം തരുന്നതായിരുന്നു ഓരോ റൗണ്ടും. അവിടുന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ മത്സരാര്‍ഥികള്‍ക്കായി ഗ്രൂമിങ് സെക്ഷന്‍ ഉണ്ടായിരുന്നു. സെലിബ്രിറ്റികളും മോഡലുകളും ചേര്‍ന്നായിരുന്നു ട്രെയ്നിങ് നല്‍കിയത്. എങ്ങനെ റാംപില്‍ നടക്കണം, സ്റ്റേജില്‍ എങ്ങനെ പെര്‍ഫോം ചെയ്യണം എന്നൊക്കെ പറഞ്ഞുതന്നു. 

കോസ്റ്റ്യൂം, ബോളിവുഡ് സ്റ്റൈല്‍ മേക്കപ്പ് എല്ലാം നല്‍കിയതും അവര്‍ തന്നെയാണ്. ഫൈനല്‍ മത്സരത്തില്‍ കോസ്റ്റ്യൂം റൗണ്ട്, ടാലന്റ് റൗണ്ട്, റീജിയണല്‍ റൗണ്ട് എന്നിങ്ങനെ പല ഘട്ടങ്ങളും ഉണ്ടായിരുന്നു. മത്സരം അത്ര ഈസിയായിരുന്നില്ല, നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാല്‍ അവിടെ നിന്നും കിട്ടിയ എനര്‍ജി വളരെ വലുതാണ്.  

പ്ലാറ്റിനം കാറ്റഗറിയില്‍ അഞ്ച് വിജയികളാണ്. അഞ്ചുപേരും തുല്യരാണ്, അതിലൊരാളാണ് ഞാന്‍. വിന്നറെ വിളിക്കുന്നത് നമ്പര്‍ പറഞ്ഞാണ്. എന്റെ കണ്ടസ്റ്റന്റ് നമ്പര്‍ 153 ആയിരുന്നു. നാലുപേരെ വിളിച്ചപ്പോള്‍ ഞാന്‍ കരുതി എല്ലാം കഴിഞ്ഞു എനിക്കിനി ഒന്നും ഉണ്ടാകില്ല എന്ന്. എന്നേക്കാള്‍ അതിസുന്ദരികളായ സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ക്ഷീണിതയായിരുന്നു, അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് എന്റെ നമ്പര്‍ അപ്രതീക്ഷിതമായി വിളിച്ചത്. ഭയങ്കര സര്‍പ്രൈസ് ആയി. തിരിഞ്ഞു നിന്നപ്പോള്‍ പെട്ടെന്നു പോകൂ.., നിങ്ങളുടെ നമ്പര്‍ വിളിക്കുന്നു എന്നൊക്കെ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്റ്റേജിലേക്ക് വന്നപ്പോള്‍ മലൈക മാഡം അഭിനന്ദനങ്ങള്‍ അറിയിച്ചു, കിരീടം അണിയിച്ചുതന്നു. ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അത്. 

manuulahted7788

പ്രായം ഒന്നിനും തടസമല്ല...

ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിലും സൗന്ദര്യത്തിലുമൊന്നും ശ്രദ്ധിക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് ഒരു മാറ്റം ആവശ്യമാണ്. വീടുകളില്‍ ഒതുങ്ങി കഴിയുന്ന സ്ത്രീകള്‍ പ്രചോദനമാകട്ടേ എന്നു കരുതിയാണ് ഞാന്‍ മത്സരത്തില്‍ പങ്കെടുത്തത്. ഈ മത്സരത്തില്‍ സൗന്ദര്യം എന്നു പറഞ്ഞാല്‍ അത് ശാരീരികമായ സൗന്ദര്യമല്ല, ഓരോരുത്തരുടേയും ബുദ്ധി, ആത്മവിശ്വാസം എന്നിവയാണ് അളക്കുന്നത്. നമ്മള്‍ തടിച്ചിട്ടാണോ, മെലിഞ്ഞിട്ടാണോ, പൊക്കം കുറഞ്ഞ ആളാണോ എന്നൊന്നും ആരു നോക്കില്ല. അതെനിക്ക് വളരെ സന്തോഷം തോന്നിയ കാര്യമായിരുന്നു. 

69 വയസുള്ള മുത്തശ്ശി വരെ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ റാംപ് വോക്ക് ചെയ്തപ്പോള്‍ അഭിമാനം തോന്നി. പ്രായം ഒന്നിനും തടസമല്ല, വെറും നമ്പര്‍ മാത്രമാണെന്ന് തോന്നിപ്പോയി. പലര്‍ക്കും സ്വന്തം കഴിവുകള്‍ അറിയില്ല. പ്രായമായി, തന്നെക്കൊണ്ട് ഇനിയൊന്നും കഴിയില്ലെന്നു കരുതി വീട്ടില്‍ തന്നെ ഒതുങ്ങി കൂടുന്നവരുണ്ട്. അവര്‍ക്ക് പ്രചോദനമാണ് ഈ നേട്ടങ്ങള്‍. 

adv-manju876f

ആ സര്‍പ്രൈസ് പൊട്ടിച്ചപ്പോള്‍... 

പാലക്കാട് മണപ്പുള്ളിക്കാവാണ് എന്റെ നാട്. ബാംഗ്ലൂര്‍ ആണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് പാലക്കാട് എന്‍ജിനീയറിങ് കോളജിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ്. ഇരുപത്തിയഞ്ചും ഇരുപതും വയസുള്ള രണ്ടു ആണ്‍മക്കളുണ്ട്. ഭര്‍ത്താവിനോട് പറയാതെയാണ് ഞാന്‍ മത്സരത്തില്‍ പങ്കെടുത്തത്. മകനോട് പറഞ്ഞിരുന്നു അച്ഛനോട് പറയേണ്ട എന്ന്. എനിക്കൊരു ചമ്മല്‍ ആയിരുന്നു, ഒന്നും കിട്ടാതെ തിരിച്ചു വരുമെന്ന് കരുതി. അതുപറഞ്ഞു കുറേകാലം എന്നെ കളിയാക്കുമെന്ന് അറിയാമായിരുന്നു. കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കാം എന്നൊക്കെ ചിന്തിച്ചാണ് പങ്കെടുത്തത്. വിന്നര്‍ ആയപ്പോള്‍ മോനെ വിളിച്ചു, അച്ഛനോട് ഇപ്പോള്‍ പറയേണ്ട, സര്‍പ്രൈസ് ആയി ഇരിക്കട്ടേ എന്ന് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്ന് വീടെത്തി ഡോര്‍ തുറന്നപ്പോഴാണ് ഭര്‍ത്താവിനു മുന്നില്‍ ഞാനാ സര്‍പ്രൈസ് പൊട്ടിച്ചത്. പിന്നീട് ന്യൂസില്‍ വന്നപ്പോള്‍ അദ്ദേഹം അദ്ഭുതപ്പെട്ടു.  

ഞാന്‍ ബെംഗളൂരുവില്‍ അഡ്വക്കേറ്റ് ആയി പ്രാക്റ്റീസ് ചെയ്യുകയാണ്. എന്റേത് ബ്ലാക് ആന്‍ഡ് വൈറ്റ് പ്രൊഫഷനാണ്. മത്സരത്തിനു വേണ്ടി ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചത് വ്യത്യസ്തമായ ഒരു ഫീല്‍ ആയിരുന്നു. എനിക്ക് എന്നെത്തന്നെ ഒന്നു മോട്ടിവേറ്റ് ചെയ്യണമായിരുന്നു. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ വേണ്ടിയല്ല, ഞാന്‍ എനിക്കുവേണ്ടിയാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്റ്റേജ് നന്നായി എക്സ്പ്ലോര്‍ ചെയ്തു. പക്ഷേ, ഒരിക്കലും വിന്നര്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ അമ്പതാമത്തെ വയസ്സില്‍ ഇങ്ങനെയൊരു നേട്ടം വിശ്വസിക്കാനാകുന്നില്ല.  

adv-manuula56gklk

അവനവനു വേണ്ടി ജീവിക്കണം...

ഞാന്‍ കുട്ടിക്കാലം തൊട്ടേ ക്രിയേറ്റീവായ ആളായിരുന്നു. ധാരാളം എഴുതുമായിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി മോട്ടിവേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ടായിരുന്നു. ഷോര്‍ട് ഫിലിം ഒക്കെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിലേക്ക് എങ്ങനെ എത്തണം എന്ന് അറിയില്ലായിരുന്നു. അതുപോലെ പാലക്കാട് ചെറിയൊരു സൗന്ദര്യ മത്സരം സംഘടിപ്പിക്കണം. നാല്‍പ്പതു കഴിഞ്ഞ ഒരുപാട് കഴിവുകള്‍ ഉള്ള സ്ത്രീകള്‍ പാലക്കാട് ഉണ്ട്. ഇക്കൂട്ടത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ട് ‍ഡിപ്രഷനില്‍ ജീവിതം തള്ളിനീക്കുന്ന കുറേ പേരുണ്ട്. ഒരു പ്രായത്തിനു ശേഷം മക്കള്‍ക്ക് ജോലി കിട്ടി, അവരുടെ വിവാഹം കഴിഞ്ഞാല്‍, ജീവിതം സെറ്റിലായി, ഇനിയൊന്നും ഇല്ല എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ അതല്ല ജീവിതം, സ്വന്തമായി സന്തോഷം കണ്ടെത്തണം. അവനവനു വേണ്ടി ജീവിക്കണം.

ടൈറ്റില്‍ വിന്നറായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ഫോളോവേഴ്സ് കൂടി. ദിവസവും പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്തു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകണം എന്നുണ്ട്. റീല്‍സ് ഒക്കെ ചെയ്യണം. ആത്മവിശ്വാസം കൂടി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറേപേര്‍ക്ക് മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞു. സ്വന്തം കഴിവുകള്‍ കണ്ടെത്തുക, അതിനുവേണ്ടി പരിശ്രമിക്കുക, സന്തോഷത്തോടെയിരിക്കുക, ഇതാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്. 

adv-manju997hk
Tags:
  • Fashion