Tuesday 31 March 2020 10:59 AM IST

കൊറോണക്കാലത്ത് ഫാഷൻ വേണ്ട, കംഫർട്ടബിൾ ആകാം; വൈറസിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇതാ..

Delna Sathyarathna

Sub Editor

fasjin-coribnzs

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കൊറോണക്കഥകൾ  മാത്രം. മുൻപൊന്നും അനുഭവിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് ദവൻ, ദിവൾ, ദേ നമ്മൾ എല്ലാരും കടന്നു പോകുന്നത്. വീട്ടിലിരിക്കാൻ കഴിയുന്നവരെല്ലാം സുരക്ഷിതരായി വീട്ടിലിരിക്കുന്നു. ഫാഷൻ ഈ സമയത്ത്‌ പ്രസക്തമല്ല.. തീരെ അപ്രസക്തവുമല്ല. നമ്മുടെ സംസ്കാരത്തോടും, ശരീരത്തിന്റെയും മനസിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങളോടും അത്രയേറെ ഇഴ ചേർന്ന് പോയില്ലേ. വസ്ത്രങ്ങൾ. പുറത്തുപോയി വന്ന ചേട്ടന്മാരും ചേച്ചിമാരും, വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെയും പ്രായമായവരെയും തൊടും മുൻപ് വാഷ് ബേസിനിൽ തപസു ചെയ്ത് ഇരുപതു മിനിറ്റ് തികയാൻ കണക്കിന് മുറിച്ചെടുത്ത പാട്ടും പാടി കൈ കഴുകി കുറ്റവിമുക്തരാകുന്നു. 

പക്ഷെ, നമ്മളെ പൊതിഞ്ഞും അലങ്കരിച്ചും സൂക്ഷിച്ച വസ്ത്രങ്ങളോ.. ഓരോ തവണയും ഉപയോഗിച്ച വസ്ത്രങ്ങൾ ഡിറ്റർജന്റോ സോപ്പോ ഉപയോജിച്ചു വൃത്തിയായി കഴുകി ഉണക്കിയെടുക്കണം.  ഡെറ്റോൾ, ചൂടുവെള്ളം എന്നിങ്ങനെയുള്ള കഠിന ആയുധങ്ങൾ ഒന്നും നിർബന്ധമില്ല. ഡിസൈനർ ബ്രാൻഡിൽ നിന്നും വാങ്ങിയ, സെക്ക്യുഎൻസും സ്വരോസ്കിയും പതിച്ച പളപളപ്പൻ നിറങ്ങളെല്ലാം തല്ക്കാലം വാർഡ്രോബിൽ വിശ്രമിക്കട്ടെ. ഇതുപതു മിനിട്ടോളം ഡിറ്റർജന്റ് ലായനിയിൽ മുങ്ങിക്കിടന്നാലും തിളക്കമൊട്ടും പോകാത്ത, ഇളം നിറങ്ങളിലുള്ള കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് ഈ അവസരത്തിൽ ഏറ്റവും യോജിച്ചത്.  കഴുകിയുണക്കി.. ഇസ്തിരിയിട്ടു കഴിയുമ്പോൾ കൊറോണയുടെ പൊടി പോലും ബാക്കിയുണ്ടാകില്ല. സിന്തറ്റിക് വസ്ത്രങ്ങളും ഉപയോഗിക്കാവുന്നതേയുള്ളു... പക്ഷെ ഈ ചൂടിൽ വെന്തുരുകാൻ തയ്യാറാകണം.  

ഈ വില്ലൻ കൊറോണയെക്കുറിച്ച് ശാസ്ത്രലോകം കൂടുതൽ മനസിലാക്കി വരുന്നതേയുള്ളു. അതുകൊണ്ട് തുണികളിൽ ഇവ എത്ര നേരം ജീവിക്കുമെന്ന് വ്യക്തമല്ല. അറിയാത്തതിനോട് കൂടുതൽ കരുതൽ തന്നെ വേണം. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകാൻ കഴിയാത്ത ടെലിക്കറ്റ് ഫാഷൻ ആക്സസറികൾ കഴിയുന്നത്ര ഒഴിവാക്കാം. എന്താണ്.. ഏതാണ്.. എപ്പോഴാണ് അനുവാഹകരാകുക എന്ന് പറയാനാകില്ലല്ലോ. പേഴ്സ്, സൺഷേഡ്, പവർ  ഗ്ലാസ്, പേന, ഡയറി കവർ, ബെൽറ്റ്, സ്കാർഫുകൾ, ബാഗുകൾ എന്നിവ വെള്ളത്തിൽ കലർത്തിയ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. 

മെറ്റൽ പ്രതലങ്ങളിൽ വൈറസിന് അധികനേരം അതിജീവിക്കാനാകാത്തതു കൊണ്ട്, ആഭരണങ്ങൾ അല്പം സേഫ് സോണിലാണ്. തുണി പോലെയുള്ള സുഷിരങ്ങളുള്ള പ്രതലം വൈറസിനെ ട്രാപ് ചെയ്യും. ഡ്രൈ ക്ലീനിങ് സുരക്ഷിതമാണെങ്കിലും ഇതൊരു അവശ്യ സർവീസ് ആയി കണക്കാക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്  വീട്ടിൽ തന്നെ വസ്ത്രങ്ങളും മറ്റു ആക്സസറികളും കഴുകി വെയിലത്തുണക്കാം. കഴുകിയാൽ കേടു വരാവുന്ന ആക്സസറികൾ വീര്യം കുറഞ്ഞ അണുനാശിനി ഉപയോഗിച്ച് തുടയ്ക്കണം. തുടയ്ക്കാനും കഴിയാത്ത വിധം മടക്കുകളേറെയുള്ളതും ലോലവുമായ ആക്സസറികളും വസ്ത്രങ്ങളും ഇക്കാലയളവിൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധ വേണം. ആരോഗ്യ കേരളത്തിന് ഇപ്പോൾ ആവശ്യം കാര്യക്ഷമതയുള്ള ഫാഷനാണ്. ഗ്ലാമറും ഗ്ലിറ്റസും അല്പം കാത്തിരിക്കട്ടെ. 

Tags:
  • Fashion Tips
  • Fashion