Friday 28 October 2022 05:05 PM IST

‘77ാം വയസിൽ എന്റെ അമ്മ മോഡലായി, പ്രായം സ്വപ്നങ്ങൾക്കു തടസമല്ല..’: അമ്മയെ സ്റ്റൈൽ ചെയ്തു വൈറലായ രാജീവ് പീതാംബരൻ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

rajeevvvvv

മുംബൈയില്‍ നിന്ന് ഫാഷന്‍ ‍ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദമെടുത്ത് നാട്ടിലെത്തുമ്പോള്‍ രാജീവ് പീതാംബരന് ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഹാൻഡ് ലൂമിനെ, കോട്ടനെ, നാച്ചുറൽ ഡൈയിങ്ങിനെ ഏറെയിഷ്ടപ്പെട്ട ആ ചെറുപ്പക്കാരനു പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന സ്വന്തം വസ്ത്ര ബ്രാന്‍ഡ് എന്നതായിരുന്നു സ്വപ്നം. ‘രാജീവ് പീതാംബരൻ’ എന്ന പേരിൽ വസ്ത്ര ബ്രാന്‍ഡ് പിറവിയെടുത്തത് ഇങ്ങനെ. 

സ്വന്തം ബ്രാന്‍ഡിനു മോഡലായി അമ്മയെ മതി എന്നു തീരുമാനിക്കാനും രാജീവിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. 77 വയസുള്ള അമ്മയെ മോഡലായി അവതരിപ്പിക്കുമ്പോൾ വലിയൊരു ലക്ഷ്യത്തിനു പുറകെയായിരുന്നു രാജീവ്. കാരണം സൗന്ദര്യം ആരുടേയും കുത്തകയല്ല എന്ന് സമൂഹത്തോട് വിളിച്ചു പറയണമായിരുന്നു. 

ആലപ്പുഴ സ്വദേശിയായ രാജീവ് പീതാംബരൻ കൊച്ചിയിൽ കാക്കനാട് ആണ് താമസം. അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ മാത്രമല്ല, വിഷ്വൽ ആർട്ടിസ്റ്റ് കൂടിയാണ് രാജീവ്. അമ്മ പ്രചോദനമായ കഥ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാജീവ്. 

rajeev-am55maaa

എന്റെ മോ‍ഡൽ അമ്മ  

കോയമ്പത്തൂരിൽ ആണ് ഫാഷൻ ഡിസൈനിങ് പഠിച്ചത്. മുംബൈയിൽ നെഫ്റ്റിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തു. അവിടെ മാസ്റ്റർ ഓഫ് ‍ഡിസൈനിൽ ആയിരുന്നു പിജി. റിസർച്ച് കോഴ്സാണിത്. കോഴ്സ് കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ ഞാൻ കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. അതുകഴിഞ്ഞിട്ട് ചെറിയ രീതിയിൽ സ്വന്തമായി വസ്ത്രങ്ങൾ ‍ഡിസൈൻ ചെയ്തു തുടങ്ങി. പിന്നെ 2016 ലാണ് എന്റെ സ്വന്തം ബ്രാൻഡ് തുടങ്ങുന്നത്. കമ്പനി തുടങ്ങി അധികം വൈകാതെ അമ്മയെ ബ്രാൻഡിന്റെ മോഡലാക്കി മാറ്റി. 

സൗന്ദര്യത്തെ കുറിച്ച് സമൂഹത്തിൽ ചില ടിപ്പിക്കൽ ചിന്തകൾ വളരെ സ്ട്രോങ് ആയി നിലനിൽക്കുന്നുണ്ട്. സമൂഹത്തിന്റെ ഇത്തരം പഴഞ്ചൻ ചിന്താഗതികളെ മാറ്റിമറിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എല്ലാവരും ഒരേ രീതിയിലുള്ള സൗന്ദര്യ സങ്കൽപങ്ങൾ വച്ചു കൊണ്ടിരിക്കുന്നതിനെ ബ്രേക് ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. മോഡലിങ്ങിനെ കുറിച്ച് ഞാൻ അമ്മയോട് സംസാരിച്ചു. അമ്മയ്ക്കും പൂർണ്ണ സമ്മതം. അമ്മയുടെ ഫോട്ടോസ് ഞാൻ ഇടയ്ക്കിടെ എടുക്കുമായിരുന്നു. അതുകൊണ്ട് ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്ത് അമ്മയ്ക്ക് നല്ല പരിചയം ഉണ്ടായിരുന്നു. 

rajeev-ammaaa

എനിക്കാണെങ്കിൽ അമ്മയെ സ്റ്റൈൽ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അമ്മയ്ക്കു ഒരുങ്ങാനും ഇഷ്ടമാണ്. അതുകൊണ്ടു ഞങ്ങൾക്കു രണ്ടുപേർക്കും ഇതൊരു എന്റർടൈൻമെന്റ് ആയിരുന്നു. എന്റെ സാരി ബ്രാൻഡിന്റെ മോഡലായാണ് അമ്മ എത്തിയത്. അന്ന് പ്രായമായ ഒരാൾ മോഡലിങ് ചെയ്യുന്നത് അത്ര കോമൺ ആയിരുന്നില്ല. ഫോട്ടോഷൂട്ട് കണ്ടശേഷം കുറേ അമ്മമാർ വിളിച്ചു. അവർക്കും ഇതുപോലെ എന്തെങ്കിലും ചെയ്യണം എന്നുപറഞ്ഞു. പ്രായം സ്വപ്നങ്ങൾക്കു തടസമല്ല, മറ്റുള്ളവർക്ക് പ്രചോദനമാകാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമല്ലേ..! അറിയുന്നതും അറിയാത്തതുമായ നിരവധിപേരിൽ നിന്നും നല്ല പ്രതികരണമാണ് ഫോട്ടോഷൂട്ടിനു ലഭിച്ചത്. 

മോ‍ഡലിങ് തുടങ്ങിയശേഷം അമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ ഞങ്ങളെപ്പറ്റി കുറേ റിപ്പോർട്ടുകൾ വന്നു. ഇതൊക്കെ കണ്ട് അമ്മയ്ക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നു. ‘ട്രാൻസ്’, ‘ഭൂതകാലം’ എന്നീ രണ്ടു സിനിമകളിൽ അഭിനയിച്ചു. ‘ഭൂതകാല’ത്തിൽ ഷെയ്നിനെ പേടിപ്പിക്കുന്നത് അമ്മയാണ്. കൂടാതെ ചില ആ‍ഡ് ഫിലിമുകളിലും അഭിനയിച്ചു. ഓഡിഷൻ ഒക്കെ ചെയ്താണ് അമ്മ സിനിമയിൽ എത്തിയത്. എങ്കിലും സിനിമയെക്കാൾ അമ്മയ്ക്കിഷ്ടം മോഡലിങ് ആണ്. മോഡലിങ്ങിൽ ഡയലോഗ് ഒന്നും കാണാതെ പഠിക്കേണ്ടല്ലോ..!

rajeev-art

ലണ്ടൻ വരെയെത്തിയ ആർട്

‍രണ്ടു ദിവസം മുൻപ് എന്റെയൊരു ആർട്ട് ലണ്ടനിലെ ഒരു ബുക്കിൽ പബ്ലിഷ് ചെയ്തു വന്നിട്ടുണ്ടായിരുന്നു. ആന്തോടൈപ് വർക്കാണ് അത്. ഭയങ്കര ഹാപ്പിയാണ്. സൈനോടൈപ് എന്ന മീഡിയത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. സൈനോടൈപിൽ ആർട് വർക് ഷോപ്പും ചെയ്യുന്നുണ്ട്. ഇതൊരു ഡാർക് റൂം പ്രോസസ് ആണ്. പണ്ട് ഫോട്ടോസ് ഒക്കെ ഡവലപ് ചെയ്തിരുന്ന രീതിയാണ്. ഡാർക് റൂം വച്ച് പേപ്പറിൽ ഒരു ആർട് ചെയ്തു സൂര്യപ്രകാശത്തിൽ പ്രിന്റ് ഡവലപ് ചെയ്തെടുക്കുന്ന രീതിയാണ്. ചിലപ്പോൾ നിമിഷങ്ങൾ കൊണ്ട് രൂപം തെളിയും, ചിലപ്പോൾ ആഴ്ചകൾ എടുക്കും. ക്ഷമയോടെ ചെയ്യേണ്ട വർക് ആണിത്. 

ആർട്ടും ഫാഷൻ ഡിസൈനിങ്ങും എനിക്ക് ഒരുപോലെ ഇഷ്്ടമാണ്. ഹാൻഡ് ലൂമിലാണ് എന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം. ഇന്ത്യൻ ക്രാഫ്റ്റ്, കോട്ടൻ ആണ് ഉപയോഗിക്കുന്നത്. ഇന്തോ– വെസ്റ്റേൺ വിമെൻസ് വെയർ ആണ് കൂടുതലും. മെൻസ് വെയർ തുടങ്ങണം എന്നാഗ്രഹമുണ്ട്. കൊച്ചി പനമ്പിള്ളിയിൽ ‘കഥ’ എന്ന പേരിൽ ഒരു സ്റ്റോർ ഉണ്ട്. അവിടെ എന്റെ കളക്ഷൻസ് എല്ലാം ലഭ്യമാണ്. 

ലോക് ഡൗൺ സമയത്ത് സെയിം ജെൻഡർ കപ്പിളിന്റെ ഒരു ഫോട്ടോ സ്റ്റോറി ചെയ്തിട്ടുണ്ടായിരുന്നു. അതിൽ അമ്മയും അഭിനയിച്ചിട്ടുണ്ട്. അത് ഇരുവരെ റിലീസ് ചെയ്തിട്ടില്ല. ഉടൻ അത് പുറത്തുവരും. അതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാൻ. 

rajeev-ammaaaa
Tags:
  • Fashion