‘കല്യാണം കഴിഞ്ഞാൽ നിന്റെ ജീവിതം ഭർത്താവിനും പിള്ളേർക്കുമുള്ളതാ...’
പെണ്ണിന്റെ സ്വപ്നങ്ങൾക്ക് വാലിഡിറ്റി നിശ്ചയിക്കുന്ന ടിപ്പിക്കൽ മലയാളി ഡയലോഗ് ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. പക്ഷേ ഉറങ്ങാൻ വിടാത്ത സ്വപ്നങ്ങളെ ചങ്കും ചങ്കിടിപ്പുമായി ചേർത്തു നിർത്തുന്ന ചിലര്‍ അത്തരം മുൻവിധികൾക്കു കുറുകേ നടന്നു പോകാറുണ്ട്. കൊച്ചിക്കാരിയും തനി മലയാളിപ്പെണ്ണുമായ സ്മിതയുടെ ജീവിതവും അത്തരത്തിലൊന്നാണ്. സ്വപ്നം കാണുന്നവർക്കും അതു പാതിയിൽ മുറിഞ്ഞു പോയവർക്കും മുന്നിൽ വഴിവിളക്കായി നിന്ന് അഴകിന്റെ കിരീടം ചൂടിയവൾ.
ആരവങ്ങൾക്കു നടുവിലൂടെ റാപ്‍വോക്ക് ചെയ്ത് അഴകിന്റെ കിരീടം ചൂടിയ കൊച്ചിക്കാരി. പെണ്ണായാൽ തന്നാലാവുന്ന ജോലി ചെയ്ത് ഭർത്താവിനേയും മക്കളേയും നോക്കി ജീവിക്കണമെന്ന് ചിന്തിക്കുന്നവരുടെ മുൻവിധികളെ പൊളിച്ചെഴുതിയവൾ.
‘അണിഞ്ഞൊരുങ്ങാനും അഴകിന്റെ വേദി സ്വപ്നം കാണാനും നീയാര് ഐശ്വര്യ റായിയോ?’ എന്ന ടിപ്പിക്കൽ മലയാളി കമന്റ് സ്മിതയും ബാല്യ–കൗമാരങ്ങളിൽ കേട്ടിരിക്കണം. പക്ഷേ പരിഹാസങ്ങളിലും ഒന്നും നടക്കില്ലെന്ന പ്രവചനങ്ങളിലും തളരാതെ ആഗ്രഹിച്ച അഴകിന്റെ കിരീടം ശിരസിലേന്തി സ്മിത. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത സ്വന്തം പേരിൽ ചേർത്തുവച്ചത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സര വിഭാഗത്തിലാണ് സ്മിതയുടെ കിരീട നേട്ടമെന്നതും ശ്രദ്ധേയം. കാറുംകോളും വേദനകളും നിറഞ്ഞ ജീവിതവും വേദനകളും ആഴക്കടലും താണ്ടി സ്മിത നേടിയ സ്വപ്നങ്ങൾ, അഴകിന്റെ വേദിയിലേക്കുള്ള കടന്നു വരവുകൾ. വനിത ഓൺലൈനോടു സ്മിത മനസു തുറക്കുന്നു...
അഴകിന്റെ വേദിയെ പ്രണയിച്ചവൾ
ഒന്നൊരുങ്ങി ഇറങ്ങിയാൽ നീയാര് ഐശ്വര്യ റായിയോ എന്ന് തമാശിക്കുന്ന മലയാളികൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. കാരണം അഴകും സൗന്ദര്യ മത്സര വേദികളുമൊക്കെ എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല എന്നുള്ളൊരു അപ്രഖ്യാപിത നിയമം നമുക്കു ചുറ്റുമുണ്ട്. പക്ഷേ ഒരു മുൻവിധികളുടെ പേരിലും സ്വപ്നങ്ങളെ പണയം വയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നു. സുസ്മിത സെന്നിനെ പോലെ, ഐശ്വര്യ റായിയെ പോലെ, പ്രിയങ്ക ചോപ്രയെ പോലെ ഒരുനാൾ അഴകിന്റെ വേദിയിൽ കിരീടം ചൂടുമെന്ന് കൊതിച്ചവളാണ് ഞാൻ. അന്നു കുറിച്ചിട്ട മനോഹര സ്വപ്നങ്ങളുടെ സാഫല്യമാണ് ഈ കഴിഞ്ഞു പോയതൊക്കെയും– ആത്മവിശ്വാസത്തോടെ സ്മിതയുടെ വാക്കുകൾ.
സ്മിത ഭാസി സഞ്ജീവ് അതാണെന്റെ മുഴുവൻ പേര്. യുഎസിലെ ഷാർലറ്റിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരാണ് ഞാനും ഭർത്താവ് സഞ്ജീവ് നായരും. ഞങ്ങൾക്ക് മൂന്ന് കുട്ടികൾ. സ്വന്തം കാലിൽ സഹായിക്കുന്ന ഒരു പ്രഫഷനലാകുക, അതിനൊപ്പം സുസ്മിതയെയും ഐശ്വര്യയെയും പ്രിയങ്ക ചോപ്രയെ പോലെ അഴകിന്റെ വേദിയിൽ തിളങ്ങുന്ന പെണ്ണാകുക. അതിമോഹമെന്ന് പലരും പറഞ്ഞപ്പോഴും ആത്മവിശ്വാസമായിരുന്നു എന്റെ കരുതൽ ധനം. പക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും അതിനുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ ചിലര്‍ ജീവിതത്തിലേക്ക് വരുമ്പോൾ നമ്മുടെ സ്വപ്നങ്ങൾക്ക് നിറംവയ്ക്കും എന്നു പറയാറില്ലേ. അങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നയാളാണ് ഭർത്താവ് സഞ്ജീവ് നായർ.
ഫൊട്ടോഗ്രഫിയെ ആവേശമായി കൊണ്ടു നടക്കുന്ന അദ്ദേഹം എന്റെ സ്വപ്നങ്ങളെ അതിവേഗം തിരിച്ചറിഞ്ഞു. പലരും നടക്കില്ലെന്ന് കരുതിയ ആഗ്രഹങ്ങളെ ഉപാധികളില്ലാതെ പ്രോത്സാഹിപ്പിച്ചു. വിവാഹ ശേഷവും മോഡലായി അദ്ദേഹത്തിന്റെ ക്യാമറയ്ക്കു മുന്നിൽ പലതവണ എത്തിയിട്ടുണ്ട്. ഒരിക്കൽ എന്റെ ഭർത്താവിന്റെ ഒരു സുഹൃത്ത് എന്നെ സമീപിച്ച്, യുഎസിലെ മിസ് നോർത്ത് കാരലിന പേജന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ആ ചോദ്യമായിരുന്നു കുട്ടിക്കാലത്തു കണ്ടു തുടങ്ങിയ സ്വപ്നങ്ങള്‍ക്ക് ജീവൻ വയ്പിച്ച വേക്ക് അപ് കോൾ.
വേദനകളുടെ ആഴക്കടൽ താണ്ടി
എന്റെ സഹോദരന്റെ ദുരന്തപൂർണമായ വേർപാടും, തുടർന്നുണ്ടായ മാനസികാഘാതവും എന്നെ വളരെയധികം തളര്‍ത്തിയ കാലമായിരുന്നു അത്. എല്ലാ സന്തോഷങ്ങളിൽ നിന്നുമൊഴിഞ്ഞ് ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങിയ കാലം. തീർത്തും ഏകാകിയായി പോയ അവസ്ഥ. പക്ഷേ എല്ലാ വേദനകൾക്കും അപ്പുറം ജീവിത്തിൽ സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും മറുകര ഉണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വളരെയധികം മോട്ടിവേറ്റ് ചെയ്തു. ക്രമേണ, അത് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. കൊച്ചിയിലെ മികച്ച മോഡലായിരുന്ന എന്റെ സഹോദരന് എപ്പോഴും വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ആ സ്വപ്നങ്ങൾ എന്റെ സ്വന്തം യാത്രയിലൂടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അവൻ ആഗ്രഹിച്ചുവെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ സഫലീകരണമാണ് ഞാൻ ഇന്ന് തലയിൽ ചൂടുന്ന അഴകിന്റെ കിരീടം.
ആത്മവിശ്വാസമാണ് കരുത്ത്
സൗന്ദര്യത്തെ നിർവചിക്കുന്നത് ശാരീരിക രൂപമോ നിറമോ അല്ല. യഥാർത്ഥ സൗന്ദര്യംനമ്മുടെ ഉള്ളിലാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. നമ്മുടെ പെരുമാറ്റവും മനഃശക്തിയുമാണ് നമ്മുടെ പാതയിൽ വഴിവിളക്കാകുന്നത്. അപകർഷതാബോധങ്ങളും നിരാശകളും എന്നെയും അലട്ടിയിരുന്നു. ഞങ്ങൾക്ക് മൂന്ന് കുട്ടികളാണ്. ഓരോ തവണ ഗർഭിണിയാകുമ്പോഴും കുഞ്ഞ് ജനിച്ചപ്പോഴും എന്റെ ശരീരവും ഞാൻ കണ്ട സ്വപ്നങ്ങൾക്ക് വിരുദ്ധമായി വിപരീത ദിശയിൽ പോയിരുന്നു. എന്റെ ശരീരത്തിലെ മാറ്റങ്ങൾ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങൾക്കും ബോഡി ഷെയ്മിങ്ങുകൾക്കും വഴിവച്ചിട്ടുണ്ട്. പക്ഷേ അവയെ ഒന്നും കൂസാക്കാതെ കൃത്യമായ ഇടവേളകളിൽ ചിട്ടയായ ഡയറ്റിലൂടെയും ഫിറ്റ്നസ് കെയറിലൂടെയും ഞാൻ മടങ്ങിയെത്തി.
ബോഡി ഷേമിംഗ് പലപ്പോഴും ഉയരം, ഭാരം, നിറം എന്നിവയെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകളിൽ നിന്നാണ് ഉണ്ടാകുന്നത്. പക്ഷേ സൗന്ദര്യ മത്സരങ്ങൾ അഴകിന്റെ മാത്രം വേദിയല്ല എന്നുള്ള തിരിച്ചറിവാണ് വേണ്ടത്. ഞാൻ പങ്കെടുത്തിട്ടുള്ള സൗന്ദര്യമത്സരങ്ങൾ, ഇന്നർ ബ്യൂട്ടി, ഇന്റലിജൻസ് ആൻഡ് കോൺഫിഡൻസ് ആണ് ഫോക്കസ് ചെയ്തിരുന്നത്. ഈ കടമ്പകളിൽ നമ്മുടെ ശരീരത്തിന്റെ അഴകളവുകൾക്കപ്പുറം നമ്മുടെ പെരുമാറ്റം മുതൽ ആത്മവിശ്വാസം വരെ നിർണയിക്കപ്പെടുന്നു. നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ശിരസിലേറ്റി കൊതിച്ച കിരീടം
നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് എന്റെ തുടക്കം. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും ഞാൻ വിജയി ആയിരുന്നു . സൂപ്പര്‍താരം വിജയ് ദേവേരകൊണ്ടയാണ് എന്നെ കിരീടമണിയിച്ചത്. അത് എന്നെ സംബന്ധിച്ചടത്തോളം ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു. വീണ്ടും നവംബറില്‍ ന്യൂ ജേഴ്സിയിൽ നടന്ന മത്സരത്തില്‍ മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലിനയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതോടൊപ്പം കടുത്ത മത്സരം നടന്ന മിസിസ് യുഎസ്എ യൂണിവേഴ്സ് മത്സരത്തിലെ ടോപ് ഫൈവ് ഫൈനലിസ്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മനസിലുണ്ട് സ്വപ്നങ്ങൾ
പെണ്‍കുട്ടിക്കായി 'മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍' എന്നൊരു സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഞാൻ. കേരളത്തിലെ നിർദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം അവരെ സ്വയം പര്യാപ്തതരാക്കുന്നതിന് കഴിവുകള്‍ വികസിപ്പിക്കുന്നതിൽ ലക്ഷ്യമിടുന്ന ഒരു സംഘടന ആണ് ഇത്.
എന്റെ സ്വപ്നം ഈ കിരീടം ധരിക്കുക എന്നത് മാത്രം അല്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് എങ്ങനെ മറ്റുള്ളവരെ പ്രചോദിപ്പിക്കാം എന്നതാണ്. വിവാഹം, മാതൃത്വം, അല്ലെങ്കിൽ സാമൂഹിക പ്രതീക്ഷകൾ തുടങ്ങിയ വെല്ലുവിളികൾക്ക് നമ്മെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് ലോകത്തെ കാണിക്കുക എന്നതാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും വലിയ സ്വപ്‌നവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിക്കാൻ, മറ്റുള്ളവർക്ക് ഒരു മാതൃകയാവുക എന്നതാണ്.
ന്യൂയോർക്ക് ഫാഷൻ വീക്ക് റൺവേ 7-ൽ ഒരു പ്രശസ്ത ബ്രാൻഡിനൊപ്പം നടക്കാനുള്ള അവസരവും 2025-ൽ മിലാൻ ഫാഷൻ വീക്കിലും പാരീസ് ഫാഷൻ വീക്കിലും അരങ്ങേറ്റം കുറിക്കാനുള്ള അവസരവും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വിവാഹ ശേഷം അവസാനിക്കുന്നില്ല പെണ്ണിന്റെ സ്വപ്നങ്ങൾ
അങ്ങനെയാണെങ്കിൽ, ഇന്ന് ഈ അഭിമുഖം നൽകാൻ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. വിവാഹമോ മാതൃത്വമോ അവരുടെ സ്വപ്നങ്ങളുടെ അവസാനമല്ലെന്ന് മനസ്സിലാക്കാൻ മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വലിയ സ്വപ്നങ്ങൾ കാണുകയും ആ സ്വപ്നങ്ങളിലേക്ക് ചുവടുവെക്കുകയും ചെയ്യുന്നതിലൂടെ, പ്രായമോ സാഹചര്യങ്ങളോ പരിഗണിക്കാതെ നമുക്ക് നമ്മുടെ ലക്ഷ്യങ്ങൾ നേടാനാകും. മൂന്ന് കുട്ടികളും ഒരു മുഴുവൻ സമയ ജോലിയും ഉണ്ടായിരുന്നിട്ടും, എന്റെ ലക്ഷ്യങ്ങൾ പിന്തുടരാൻ എനിക്ക് കഴിഞ്ഞു, എന്റെ ഭർത്താവിന്റെ അചഞ്ചലമായ പിന്തുണയില്ലാതെ എനിക്ക് അത് ചെയ്യാൻ കഴിയുമായിരുന്നില്ല. മക്കളായ ആയുഷ്, ആര്യന്‍, അയാന്‍ഷ് എന്നിവരും എന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തിയാണ്. എന്റെ ആഗ്രഹങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും പിന്നാലെ പോകുമ്പോഴും കുടുംബത്തിന്റെ പ്രാധാന്യം ഒരിക്കലും ഞാൻ മറക്കാറില്ല.
ദൈനംദിന ജോലികൾ, കുട്ടികളുടെ കാര്യങ്ങൾ, ഒരു ഫുൾ ടൈം ജോബ് , കൂടാതെ ഷോപ്പിംഗ്, പരിശീലനം, ഭക്ഷണക്രമം എന്നിവ പോലെ മറ്റെല്ലാ കാര്യങ്ങളും കരിയറിൽ ബാലൻസ് ചെയ്യുക എന്നുള്ളത് കടന്നു പോയ വിജയയാത്രയിൽ വെല്ലുവിളികളായി മുന്നിലുണ്ടായിരുന്നു. പക്ഷേ പരിശ്രമവും അർപ്പണബോധവും കൊണ്ട് അവയെ എല്ലാം മറികടന്നു. വിജയത്തിലേക്കുള്ള പാത എപ്പോഴും തടസ്സങ്ങളാൽ നിറഞ്ഞതാണ്. പ്രതിരോധശേഷിയുള്ളവരായിരിക്കുക, ഫോക്കസ് നഷ്ടപ്പെടാതിരിക്കുക എന്നിവയാണ് പ്രധാനം.
വനിതയുടെ സുന്ദരിമാരോട്
തടസങ്ങളിൽ തട്ടിത്തടഞ്ഞു പാതിവഴിയിൽ മുറിഞ്ഞു പോകാനുള്ളതല്ല നമ്മുടെ സ്വപ്നങ്ങൾ. തളർത്താനും പിന്തിരിപ്പിക്കാനും നൂറുപേർ വരും. അതിനു മേലെ നിൽക്കണം നമ്മുടെ ആത്മവിശ്വാസം. വനിത പോലൊരു വലിയ ബ്രാൻഡിന്റെ കീഴിൽ മിസ് കേരള പോലൊരു വലിയ ഇവന്റ് നടക്കാൻ പോകുകയാണ്. അഴകിന്റെ മഹാവേദി സ്വപ്നം കാണുന്ന ഓരോരുത്തർക്കും ഇതൊരവസരമാണ്. പിന്തിരിപ്പിക്കലുകളെയും മനസിലെ അപകർഷതാ ബോധങ്ങളെയും മറികടന്ന് നിങ്ങൾ ഈ വലിയ ഇവന്റിനായി തയ്യാറെടുക്കൂ. നിങ്ങൾക്ക് അത് നേടാൻ കഴിയും എന്ന തോന്നൽ ഉണ്ടാകുമ്പോൾ തന്നെ നിങ്ങൾ പാതി വിജയിച്ചു കഴിഞ്ഞിരിക്കും. എല്ലാവർക്കും സാധ്യമാകുന്ന സ്വപ്നങ്ങളേ ഈ ഭൂമിയിലുള്ളൂ. നിങ്ങൾ നിങ്ങളെ മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവരിൽ നിന്നും സവിശേഷമായ അല്ലെങ്കില്‍ വേറിട്ട ഒരു കഴിവ് നിങ്ങൾക്കുണ്ടാകും. അതു തിരിച്ചറിയുമ്പോള്‍ ഞാൻ നേടിയതു പോലുള്ള വിജയങ്ങള്‍ നിങ്ങളെയും തേടിയെത്തും. തടസങ്ങളെ കരുത്താക്കുക, മുന്നേറുക...– സ്മിത പറഞ്ഞു നിർത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ വനിത മാഗസിനായ വനിത മിസ് കേരള 2025 സംഘടിപ്പിക്കുന്നുവെന്നത് അഴകിന്റെ മഹാവേദി സ്വപ്നം കാണുന്ന നിരവധി പേർക്കുള്ള