വനിത മിസ് കേരള കിരീടവിജയത്തിനു ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അരുണിമ ജയൻ മനസ്സു തുറക്കുന്നു 

മാറ്റങ്ങൾ വീട്ടിലും

ADVERTISEMENT

അച്ഛൻ പി. ജയനാരായണനു ഞാൻ വനിത മിസ് കേരളയായെന്നത് ഉൾക്കൊള്ളാൻ കുറച്ചു ദിവസങ്ങളെടുത്തു. ഒറ്റപ്പാലമാണ് എന്റെ നാട്. വീട്ടിലോ നാട്ടിലോ ആരും ഞാൻ ടൈറ്റിൽ നേടുമെന്നു കരുതിയിരുന്നേയില്ല. 

അച്ഛൻ പ്രൈവറ്റ് കമ്പനിയിൽ റീജനൽ മാനേജറാണ്. അമ്മ വീട്ടുകാര്യങ്ങൾ ഭംഗിയായി നോക്കുന്നു. ചേച്ചി മലപ്പുറത്ത് ഫെഡറൽ ബാങ്കിലാണു ജോലി ചെയ്യുന്നത്. 

ADVERTISEMENT

സ്ലീവ്‌ലെസ് ഉടുപ്പ് ഇടുന്നതിനോടു പോലും യോജിപ്പില്ലാത്ത ഓൾഡ് സ്കൂളാണ് അച്ഛൻ. ഞാൻ മിസ് കേരളയ്ക്കു വേണ്ടി തയാറെടുക്കുമ്പോൾ അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ ഒരിടത്തു പിടിച്ചിരുത്തും. അച്ഛന്റെയും അമ്മയുടെയും മുന്നിലായിരുന്നു റാംപ് വാക് പ്രാക്ടീസ്. രണ്ടാളും ചോദ്യങ്ങളും ചോദിക്കും. 

വിശ്രമമില്ലാതെ ഫോൺ 

ADVERTISEMENT

വിമൻസ് കോളജുകളിലും എൻഐടി ട്രിച്ചി ഉൾപ്പെടെ പല പ്രമുഖ ക്യാംപസുകളിലും അതിഥിയായെത്താനും സംസാരിക്കാനും ക്ഷണം കിട്ടി. കുറേയേറെ നാളത്തെ കഠിനാധ്വാനമുണ്ട് ഈ വിജയത്തിനു പിന്നിൽ. അതു ഫലം കണ്ടു കഴിഞ്ഞ് ഇനി വിശ്രമിക്കാമെന്നു കരുതിയാൽ നടക്കില്ല. സമൂഹത്തോടു കൂടുതൽ ഉത്തരവാദിത്തം വരികയാണ് ചെയ്തത്. പലരും പ്രചോദനമായാണ് എന്നെ കാണുന്നതെന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

വൈകിപ്പോയെന്നു കരുതിയാണു ഞാൻ മത്സരത്തിലേക്കു കടന്നത്. ജോലി നേടി സ്വന്തം വരുമാനം ചെലവിട്ടു വേണം മത്സരിക്കാനെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും പ്രായം പക്വത നേടുമല്ലോ. വൈകിയെന്നു കരുതി ആരും ശ്രമിക്കാതിരിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. സൗന്ദര്യമല്ല, വ്യക്തിത്വമാണു വേദിയിൽ വിജയം നേടുന്നത്. 

അമ്മയുടെ സ്വപ്നങ്ങൾ മാറിയില്ല

അമ്മ സ്വപ്നയാണെന്റെ പഴ്സണൽ സ്റ്റൈലിസ്റ്റ്. അമ്മയ്ക്ക് ചെറുപ്പത്തിൽ അന്നത്തെ നിയന്ത്രണങ്ങൾ കാരണം ചെയ്യാൻ കഴിയാതിരുന്ന പലതുമാണ് ഞാനിന്നു ചെയ്യുന്നത്. 

ഫോട്ടോഷൂട്ടിനായി എവിടെപ്പോയാലും അമ്മയും ഒപ്പമുണ്ടാകും. സുരക്ഷയെക്കരുതി കൂടെ വരുന്നതാണെന്നു തെറ്റിധരിക്കണ്ട. അമ്മയ്ക്ക് ഇതൊക്കെ കാണാനും എക്സ്പീരിയൻസ് ചെയ്യാനും വേണ്ടി വരുന്നതാണ്. 

അമ്മ എപ്പോഴും പറയും, ഞാൻ കുട്ടിയായിരിക്കുമ്പോഴേ കണ്ണാടിയോടു വലിയ സ്നേഹമായിരുന്നെന്ന്. മോഡലിങ്ങിൽ പാഷനുണ്ടെന്നു ഞാൻ പറയും മുൻപേ അമ്മയ്ക്ക് അറിയാമായിരുന്നു. കൊച്ചിയിലെ സോട്ടി എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ അനലിസ്റ്റായ ശേഷമാണു സൗന്ദര്യ മത്സരത്തെക്കുറിച്ചൊക്കെ ഞാൻ അമ്മയോടു പറയുന്നത്.

മാറിയ ധാരണകൾ

മോഡലിങ്, ബ്യൂട്ടി പേജന്റ് ഇതിനൊക്കെ നാട്ടിൻപുറങ്ങളിൽ സ്വീകാര്യത കുറവാണ്. അതുകൊണ്ടു തന്നെ ഈ ഫീൽഡിനെക്കുറിച്ചു പേടിയും തെറ്റിധാരണയും ധാരാളമുണ്ട്. ഞാൻ മോഡലിങ് ചെയ്യുന്നു, സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നു എന്നൊക്കെയറിഞ്ഞപ്പോൾ നിരവധി പേർ അച്ഛനോട് ആശങ്ക പങ്കുവച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ബ്യൂട്ടി പേജന്റ് ഷോയിൽ പങ്കെടുക്കാൻ എന്തു ചെയ്യണം, എങ്ങനെ പരിശീലിക്കണം എന്നെല്ലാമറിയാൻ നിരവധി പേർ എന്നെ സമീപിക്കുന്നു.

ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുത്ത് അധ്വാനിച്ചാൽ വിജയിക്കുമെന്നതിൽ സംശയമില്ല. സെൽഫ് കെയർ, വ്യക്തിത്വം, ബന്ധങ്ങൾ, കോൺഫിഡൻസ് എല്ലാ രീതിയിലും ഞാൻ എത്രയോ മാറി.

ADVERTISEMENT