Saturday 28 August 2021 03:43 PM IST

‘ഒന്നുറക്കെ തുമ്മിയാൽ പോലും എല്ലു നുറുങ്ങിപ്പോകും.. പിന്നെ, പ്ലാസ്റ്ററിനകത്തു കയറും; ഡോക്ടർമാർ പോലും ചിലപ്പോൾ കയ്യൊഴിയും’: പ്രധാനമന്ത്രിയ്ക്ക് കത്തുമായി അനൂപ് സഹദേവൻ

V R Jyothish

Chief Sub Editor

_REE0212
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എത്രയും ബഹുമാന്യനായ പ്രധാനമന്ത്രി അവർകൾ അറിയുന്നതിന്,

ഞാൻ അനൂപ് സഹദേവൻ.

മുപ്പത്തിയാറു വയസ്സുണ്ട്. രണ്ടടിയാണ് ഉയരം. പത്തുകിലോയിൽ താഴെയാണ് ശരീരഭാരം. മാവേലിക്കര പൊന്നാരംതോട്ടം ക്ഷേത്രത്തിനടുത്താണ് വീട്. കഴിഞ്ഞ കുറേ വർഷങ്ങളായി അങ്ങയെ ഒരു നോക്കുകാണുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണു ഞാൻ. അതിനുവേണ്ടി ഞാൻ ഒരുപാടു ശ്രമിച്ചിട്ടുണ്ട്, നടന്നിട്ടില്ല. ഇപ്പോൾ വനിതയിലൂടെയും അതിനുള്ള ശ്രമമാണ്. നടക്കുമോ എന്നറിഞ്ഞുകൂടാ.

ഞാനീ കത്തെഴുതുന്നത് വ്യക്തിപരമായ ആരാധന വെളിപ്പെടുത്താനല്ല. എനിക്ക് പറയാനുള്ളത് എന്നെക്കുറിച്ച് മാത്രമല്ല, എന്നെപ്പോലെയുള്ള ഇന്ത്യയിലെ എല്ലാവരെയും കുറിച്ചാണ്. ഞങ്ങളുടെ ദയനീയത അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം.

നുറുങ്ങുന്ന വേദനയുടെ കൂട്ട്

ബ്രിറ്റിൽ ബോൺ അഥവാ ‘ഓസ്റ്റിയോജെനസിസ് ഇംപെർഫറ്റാ’ എന്ന അസുഖബാധിതനാണ് ഞാൻ. ഇതൊരു ജനിതകരോഗമാണ്. ശരീരത്തിൽ അസ്ഥികളെ ബലപ്പെടുത്തുന്ന കൊളാജൻ എന്ന ഘടകത്തിന്റെ അഭാവമാണ് ഈ രോഗത്തിനു കാരണം. ഈ ജനിതകരോഗം ബാധിച്ചവർ ജനിച്ചുവീഴുന്നതു മുതൽ മരിക്കുന്നതു വരെ  എല്ലുകൾ നുറുങ്ങിക്കൊണ്ടിരിക്കും. പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. ഒന്നുറക്കെ തുമ്മിയാൽ പോലും എല്ലു നുറുങ്ങിപ്പോകും. പിന്നെ, പ്ലാസ്റ്ററിനകത്തു കയറും. ഒരു മാസം കഴിയുമ്പോൾ അതിൽ നിന്നു പുറത്തിറങ്ങും. അധികം കഴിയാതെ അടുത്തഭാഗത്ത് പൊട്ടലുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ പ്ലാസ്റ്ററിൽ നിന്ന് ഞങ്ങൾക്കൊരിക്കലും മോചനമില്ല.   

ഈ രോഗവുമായി ഒരു കുഞ്ഞു ജനിച്ചാൽ ആ കുടുംബം നിത്യദുഃഖത്തിലാകും. ഒന്നുമറിയാതെ ഞങ്ങൾക്കു ജന്മം തരുന്ന മാതാപിതാക്കളാണോ കുറ്റക്കാർ? അതോ ഞങ്ങളെ ഈ വേദനയുമായി ഭൂമിയിലേക്കു പറഞ്ഞയച്ച ദൈവമാണോ കുറ്റക്കാരൻ? അറിഞ്ഞുകൂടാ. പക്ഷേ, ഒന്നറിയാം ഇതുപോലെ നരകയാതന അനുഭവിക്കേണ്ടി വരുന്ന മറ്റൊരു ജനിതകരോഗം ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല.

മാവേലിക്കര ചാലിശ്ശേരിയിൽ വീട്ടിൽ സഹദേവനാണ് അച്ഛൻ. മാവേലിക്കരയിലെ വിവിധ കടകളിൽ അച്ഛൻ കൂലിക്കാരനായി നിന്നിരുന്നു. പിന്നീടാണ് സ്വന്തം കട തുടങ്ങിയത്. അമ്മ ശ്യാമള നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. അമ്മ നഴ്സായതുകൊണ്ട് ഗുണമുണ്ടായത് എനിക്കാണ്. കാരണം, എല്ലു നുറുങ്ങിപ്പോകുമ്പോൾ ഡോക്ടർമാർ പോലും ചിലപ്പോൾ കയ്യൊഴിയും. അപ്പോൾ വേദനയോടെയാണെങ്കിലും അമ്മ എന്നെ ചികിത്സിക്കും. അങ്ങനെയുള്ള സന്ദർഭങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ.

ഞാൻ ജനിച്ച് അധികം വൈകാതെ തന്നെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാർ എന്റെ രോഗത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. ഏഴാം ദിവസം ആദ്യത്തെ ഒടിവുമായി ആലപ്പുഴ െമഡിക്കൽ കോളജിൽ. അന്നു മുതൽ ഇന്നോളം എത്രയോ ആശുപത്രികൾ കയറിയിറങ്ങിയിരിക്കുന്നു. ഏഴാംദിവസം തുടങ്ങിയ ഒടിവുകളുടെ എണ്ണം ഇപ്പോൾ ആയിരം കടന്നു.

നങ്ങ്യാർകുളങ്ങരയാണ് അമ്മയുടെ വീട്. അവിടെ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു ഞാൻ. നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിലായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. വളരെ ബുദ്ധിമുട്ടിയായിരുന്നു സ്കൂളിൽ പോയിരുന്നത്. അമ്മയോ മുത്തശ്ശിയോ എടുത്ത് ക്ലാസിൽ കൊണ്ടിരുത്തും. അവിെട നിന്നു മാറിയിരിക്കണമെങ്കിൽ സുഹൃത്തുക്കൾ കനിയണം. ചെറിയൊരു അശ്രദ്ധ മതി കയ്യോ കാലോ ഒടിയാൻ. എന്റെ വിദ്യാഭ്യാസം നങ്ങ്യാർകുളങ്ങര യു.പി. സ്കൂളിൽ ഏഴാംക്ലാസിൽ അവസാനിച്ചു.

യഥാർഥത്തിൽ അവിെട അവസാനിക്കേണ്ടതായിരുന്നു എന്റെ ജീവിതവും!

കാരണം രൂപത്തിൽ മാത്രമല്ല വലുപ്പക്കുറവ്, ആയുസ്സും തീരെ കുറവാണ് എന്റെ രോഗമുള്ളവർക്ക്. നന്നായി പരിചരിക്കുകയാണെങ്കിൽ പത്തുവയസ്സുവരെ ജീവിക്കും എന്നാണു ഡോക്ടർമാർ എന്നെക്കുറിച്ചു പറഞ്ഞത്. പക്ഷേ, മുപ്പത്തിയാറു കൊല്ലം പിന്നിടാൻ കഴിഞ്ഞു. ഒരു പനി വന്നാൽ പോലും പിടിച്ചുനിൽക്കാൻ കഴിയാതെ മരണത്തിനു കീഴടങ്ങുന്നവരാണു ഞങ്ങൾക്കിടയിൽ കൂടുതലും.

അച്ഛനും അമ്മയും വല്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നെ സന്തോഷിപ്പിക്കാൻ. പക്ഷേ, അവർക്കും പരിമിതികളില്ലേ? ഇതിനിടയിലായിരുന്നു മുത്തശ്ശിയുെട മരണം. അതെന്നെ കൂടുതൽ വേദനിപ്പിച്ചു. കൂടുതൽ തളർത്തി. എന്നെ മാത്രമല്ല കുടുംബത്തെയും. ഞങ്ങൾ പൊന്നാരംതോട്ടത്തിലേക്ക് താമസം മാറി. തികച്ചും അനിശ്ചിതമായ ദിവസങ്ങൾ.

സോഷ്യൽ മീഡിയ പകർന്ന ലോകം

വേദന തന്ന ദൈവം ചില സന്തോഷങ്ങൾ നമുക്കു വേണ്ടി കണ്ടുവച്ചിട്ടുണ്ടാകും. എനിക്കൊരു മൊബൈൽഫോൺ കിട്ടി. ഫെയ്സ്ബുക്കിൽ അംഗമായി. സുഹൃത്തുക്കളെ കിട്ടി. എന്റെ അവസ്ഥയറിഞ്ഞപ്പോൾ പലരും വിട്ടുപോയി. ചിലർ സഹതാപത്തോടെ പ്രതികരിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിൽ ഞാൻ സജീവമായി. അക്കാലത്താണ് ശ്രീജ എന്നു പേരുള്ള ഒരു ചേച്ചിയെ പരിചയപ്പെടുന്നത്. എന്റെ അവസ്ഥയറിഞ്ഞ ചേച്ചി പറഞ്ഞു; തിരുവനന്തപുരത്ത് ‘അമൃതവർഷിണി’ എന്നൊരു സംഘടനയുണ്ട്. ബ്രിറ്റിൽബോൺ അസുഖമുള്ളവരുടെ കൂട്ടായ്മയാണ് ആ സംഘടന. ലതാ നായർ എന്നൊരു ആന്റിയാണ് അതു നടത്തുന്നത്. ആ വാർത്ത വലിയ ആശ്വാസമായിരുന്നു. ലതാന്റിയുമായി ബന്ധപ്പെട്ടു. അമൃതവർഷിണിയിൽ അംഗമായി.

_REE0229

അതായിരുന്നു എന്റെ ആദ്യത്തെ പുനർജന്മം. മരിക്കരുത് എന്നു തോന്നിയ സന്ദർഭം. എന്നെപ്പോലെയുള്ള നൂറുകണക്കിന് പേർ അമൃതവർഷിണിയിൽ അംഗമായിരുന്നു. ഞ ങ്ങൾ പരസ്പരം വേദനകൾ പങ്കുവച്ചു. സന്തോഷം പങ്കുവച്ചു. ലതാന്റി മാസംന്തോറും ഞങ്ങൾക്ക് പെൻഷൻ തന്നു. അമൃതവർഷിണിയുടെ തിരുവനന്തപുരത്തെ വാടകകെട്ടിടത്തിൽ ഞങ്ങൾക്കുവേണ്ടി ഒത്തുകൂടലുകൾ സംഘടിപ്പിച്ചു. ദൈവം തിരിച്ചുവിളിക്കുന്നതുവരെ ജീവിക്കണമെന്ന് എനിക്കു തോന്നി. ഞാൻ ലതാന്റിയോട് പറഞ്ഞു;

‘എനിക്ക് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. ഇപ്പോഴൊരു മോഹം, പഠിച്ചാൽ കൊള്ളാമെന്നുണ്ട്.’

ആന്റി സമ്മതിച്ചു. അതിനുവേണ്ട സഹായങ്ങൾ ചെയ്തു. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിേവഴ്സിറ്റിയിൽ ചേർന്നു. ഓൺലൈൻ ക്ലാസാണ്. കംപ്യൂട്ടർ ആപ്ലിക്കേഷനിലും ഇൻഫർമേഷൻ െടക്നോളജിയിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസ്സായി. അതുകൊണ്ടു വലിയ ഉപകാരമുണ്ടായി. ഇന്ന് ചില വെബ്സീരിയലുകളിൽ ഓൺലൈൻ പ്രമോട്ടറായി ജോലി ചെയ്യുന്നുണ്ട്. ആ രംഗത്ത് കുറേ സുഹൃത്തുക്കളുണ്ട്. പുതിയ കാലം ടെക്നോളജിയുടേതാണല്ലോ, അതുകൊണ്ട് എനിക്ക് ഈ കാലത്തോടൊപ്പം യാത്ര ചെയ്യാൻ കഴിയുന്നു.

എന്റെ അവസ്ഥയറിഞ്ഞ് എറണാകുളത്തു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന എനിക്കൊരു വീൽചെയർ തന്നു. അത് എനിക്ക് മറ്റൊരു ജന്മം പോലെ തോന്നുന്നു. എന്റെ അവസ്ഥയറിഞ്ഞ റെജി എന്ന സുഹൃത്ത് പിന്നെയും സഹായിച്ചു. അദ്ദേഹം കൊല്ലത്തുള്ള ജോൺ ബോസ്‌വെൽ എന്ന സാറിന് എന്നെ പരിചയപ്പെടുത്തി. അദ്ദേഹം എനിക്ക് യന്ത്രത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു വീൽചെയർ’ സമ്മാനമായി തന്നു. അത് ദൈവത്തിന്റെ സമ്മാനമായിരുന്നു. എനിക്കിപ്പോൾ കുറച്ചു ദൂരമെങ്കിലും സ്വന്തമായി യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. വീട്ടിൽ നിന്ന് കട വരെ ഞാൻ സ്വന്തമായി യാത്ര ചെയ്യുന്നു.

മനുഷ്യനുമേൽ വിധിയുടെ നിഴലുകൾ എപ്പോഴും വീണുകൊണ്ടിരിക്കുമല്ലോ? എന്റെ ജീവിതത്തിലുമുണ്ടായി അങ്ങനെയുള്ള കരിനിഴൽ. അച്ഛന്റെ തലച്ചോറിൽ ഒരു മുഴയായി ഇത്തവണ ദൈവം ഞങ്ങളെ പരീക്ഷിച്ചു. പക്ഷേ, ലതാന്റിയെപ്പോലെയുള്ളവരുടെ സഹകരണം, പിന്നെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഞങ്ങളെ താങ്ങിനിർത്തി. കോട്ടയം മെഡിക്കൽ കോളജിൽ അച്ഛന്റെ സർജറി കഴി‍ഞ്ഞു. അച്ഛനിപ്പോൾ ഞങ്ങളോടൊപ്പമുണ്ട്. ഓർമക്കുറവുണ്ട് അച്ഛന്. എനിക്കൊരു സഹോദരനുണ്ട്, അരുൺദേവ്. എൻജിനീയറിങ് വിദ്യാർഥിയാണ്. ഞാനും അമ്മയും എപ്പോഴും അച്ഛനോടൊപ്പമാണ്. അച്ഛന്റെ മറവികൾ ഓർമിപ്പിക്കാൻ.

പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിനു മുന്നിലെ കടയാണ് ഞങ്ങളുടെ ഉപജീവനമാർഗം. ചാലുശ്ശേരിയിൽ സ്റ്റോഴ്സ്. അവിടെ ഞാനും അച്ഛനും അമ്മയുമുണ്ട്. ഓർമക്കുറവുണ്ടെങ്കിലും അച്ഛൻ സഹായിക്കും. ഈ കടയിലിരുന്നാൽ പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിന്റെ ശ്രീകോവിൽ   കാണാം. എന്നും ക്ഷേത്രത്തിൽ തൊഴുതിട്ടേ ഞങ്ങൾ കട തുറക്കൂ.

അമൃതവർഷിണിയിൽ വന്ന ശേഷം എന്റെ ജീവിതം മാറി. പല വലിയ വ്യക്തികളെയും നേരിൽ കാണാൻ കഴിഞ്ഞു. വിരാട് കോലി, സുരേഷ്ഗോപി, ജഗതി ശ്രീകുമാർ, ജഗദീഷ്, അങ്ങനെയുള്ള താരങ്ങൾ. അതൊക്കെ ഈ നുറുങ്ങുന്ന ജീവിതത്തിലെ ഭാഗ്യങ്ങളല്ലേ?

ബ്രിറ്റിൽബോൺ എന്ന അസുഖം ബാധിച്ചവർക്ക് പുനർജന്മം ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. കാരണം ഈ ഭൂമിയിലെ മുഴുവൻ വേദനയും ദുരിതവും അനുഭവിച്ചാണ് അവർ മരിക്കുന്നത്. അതുകൊണ്ട് അങ്ങയോട് ഒരു അഭ്യർഥനയുണ്ട്. മോക്ഷനിമിഷമെത്തും വരെ ഈ ഭൂമിയിൽ ഞങ്ങളെ പുനരധിവസിപ്പിക്കണം.

ബ്രിറ്റിൽബോൺ അസുഖം ബാധിച്ചവർക്കുവേണ്ടി അങ്ങ് കാരുണ്യത്തോടെ ഇടപെടണമെന്ന് അപേക്ഷിക്കുന്നു. ഈ കത്തിന് അങ്ങയുടെ മറുപടി ലഭിച്ചില്ലെങ്കിൽ പോലും ഞാൻ നിരാശപ്പെടില്ല. കൂടുതൽ ആഗ്രഹത്തോടെ അങ്ങയെ കാണാനുള്ള ശ്രമം തുടരുക തന്നെ ചെയ്യും. കാരണം ശ്രമം ഒന്നു മാത്രമാണ് ഇതു പറയാൻ ഈ നിമിഷം വരെ എന്നെ എത്തിച്ചത്.

പ്രാർഥനകളോടെ

അനൂപ് സഹദേവൻ

_REE0224
Tags:
  • Spotlight