Tuesday 29 November 2022 03:01 PM IST : By റൂബിൻ ജോസഫ്

‘ഒറ്റയടിക്ക് ഉയർന്ന ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ നൽകരുത്; ഉപയോഗം വിവേകപൂർവം വേണം’: ഐസിഎംആർ മാർഗരേഖ

antibioticcc556

അണുബാധ ഏതെന്ന് ഉറപ്പിക്കും മുൻപ്, അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് (എംപിരിക് ആന്റിബയോട്ടിക് തെറപ്പി) അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വ്യക്തമാക്കി.

ഐസിയു രോഗികൾക്കു നൽകുന്ന ആന്റിബയോട്ടിക്കായ കാർബപെനം വലിയൊരു വിഭാഗത്തിനു നിലവിൽ പ്രയോജനം ചെയ്യുന്നില്ലെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായി നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണു കാരണം. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളാണു മാർഗരേഖയിലുള്ളത്. പൂർണരൂപം വായിക്കാൻ: bit.ly/icmrantibio

പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരുമായ രോഗികൾക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് ആന്റിബയോട്ടിക്ക് നൽകാം. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം.

ചെറിയ പനി, വൈറൽ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങൾ, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളിൽ, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാൻ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ട.

ചികിത്സയിൽ ശ്രദ്ധിക്കാൻ

∙ ശരിയായ ഡോസേജ്, സമയപരിധി, മരുന്നു നൽകേണ്ട രീതി എന്നിവ മുൻകൂർ നിർണയിക്കണം.

∙ പ്രകടമായ രോഗലക്ഷണങ്ങൾ, ശരീരത്തിൽ അണുബാധ എവിടെനിന്നു തുടങ്ങുന്നു, രോഗകാരി ഏതാകാം തുടങ്ങിയവയിൽ വ്യക്തത, ആന്റിബയോട്ടിക്ക് ഫലപ്രാപ്തിയും റെസിസ്റ്റൻസും മനസ്സിലാക്കിയുള്ള സമീപനം എന്നിവ പ്രധാനം.

∙ ഒറ്റയടിക്ക് ഉയർന്ന ശേഷിയുള്ള (ഹൈ എൻഡ്) ആന്റിബയോട്ടിക്കുകൾ നൽകരുത്.

∙ ബാക്ടീരിയ ബാധയില്ലെന്നു തീർത്തും സ്ഥിരീകരിക്കാൻ കഴിഞ്ഞാൽ ഉടനടി ആന്റിബയോട്ടിക് ചികിത്സ അവസാനിപ്പിക്കണം.

Tags:
  • Health Tips
  • Glam Up