ബ്യൂട്ടിപാർലറുകളോ ഹെയർ സലൂണുകളോ സന്ദർശിക്കാത്തവർ കാണില്ല. ഇപ്പോൾ ഇക്കാര്യത്തിൽ ആൺ– പെൺ ഭേദവുമില്ല. പാർലറുകളിലും മറ്റും മുടി മുറിക്കുന്നതിനു മുൻപോ സ്പാ ചെയ്യുന്നതിനു മുൻപോ ഒക്കെ തല ഷാംപൂ ചെയ്യുന്ന ഏർപ്പാടുണ്ട്. തല വാഷ്ബേസിനിലേക്കു വലിച്ചുവച്ചാണ് ഷാംപൂ ചെയ്തശേഷം കഴുകുന്നത്. ചിലപ്പോൾ തല വാഷ്ബേസിനിലേക്കു വല്ലാതെ വലിച്ചുവച്ചു കഴുകുന്നതു കാണാറുണ്ട്.
എന്നാൽ, ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ ചെയ്യുന്നത് വലിയ ദോഷകരമായ പ്രവൃത്തിയാണെന്നാണ്. ഇത് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രം എന്ന അവസ്ഥയ്ക്ക് ഇടയാക്കുമത്രെ. സലൂൺ വാഷ്ബേസിൻ സിൻഡ്രം എന്നും അറിയപ്പെടുന്ന ഈ രോഗാവസ്ഥയ്ക്ക് വൈദ്യഭാഷയിൽ വെർട്ടിബ്രോ ബേസിലർ ഇൻസഫിഷൻസി എന്നും പറയും. 1993 ൽ ഡോ. മൈക്കൽ വെയിൻട്രോബ് എന്ന ഡോക്ടറാണ് ആദ്യമായി ഈ രോഗത്തെക്കുറിച്ച് അമേരിക്കൻ മെഡി. അസോസിയേഷൻ ജേണലിൽ അവതരിപ്പിക്കുന്നത്.
പാർലറുകളിൽ മുടി കഴുകുന്ന സമയത്ത് വാഷ് ബേസിനിലേക്കു തല സാധാരണ പിന്നാക്കം വളയ്ക്കുന്നതിലും 20 ഡിഗ്രി കൂടുതലായി വളച്ചുവയ്ക്കാതെ ശ്രദ്ധിക്കണം. കാരണം തല ഇങ്ങനെ പിന്നാക്കം വലിക്കുമ്പോൾ കഴുത്തിന്റെ ഭാഗത്തുനിന്നും തലച്ചോറിലേക്കു പോകുന്ന രക്തക്കുഴലുകളിൽ അമിത സമ്മർദമേൽക്കാം. അപൂർവം ചില സന്ദർഭങ്ങളിൽ ഇങ്ങനെ അമിതമായി ധമനികൾക്ക് ആയാസം നൽകുന്നത് ധമനികൾ പൊട്ടിപ്പോകാനോ മുറിവു പറ്റാനോ ഇടയാക്കാം. ഇതു രക്തം കട്ടകെട്ടുന്നതിനും അതുവഴി പക്ഷാഘാതം അഥവാ സ്ട്രോക്കിനു സമാനമായ അവസ്ഥയിലേക്കു നയിക്കാം. ആഴ്ചകളോ മാസങ്ങളോ എടുത്താകും ഈ രക്തക്കട്ട ധമനീ തടസ്സമുണ്ടാക്കുന്നത്ര വലുതാകുന്നത്.
വെർട്ടിഗോ, തലചുറ്റൽ, കുഴഞ്ഞുവീഴുക (സിൻകോപ്) , കാഴ്ചയ്ക്ക് തകരാറ്, ഒാക്കാനം, ആശയക്കുഴപ്പം, തലവേദന ഏതെങ്കിലും പ്രത്യേകഭാഗത്ത് സ്പർശനം അറിയാതെ വരിക തുടങ്ങിയവയാണ് തലച്ചോറിലേക്കു രക്തമെത്താത്തിന്റെ ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടനെ തന്നെ ന്യൂറോളജി വിദഗ്ധരുള്ള ആശുപത്രിയിലെത്തിക്കണം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
തല പിന്നാക്കം ചായ്ച്ചു കഴുകുന്നതിനു മുൻപ് ഒരു ടവൽ മടക്കി അതിലേക്കു കഴുത്തു വയ്ക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും. ഉയരമുള്ള കസേരകളായാൽ തല പിന്നാക്കം ഒരുപാടു വലിക്കേണ്ടിവരില്ല. കസേരകൾ കഴുത്തിനു വലിയ ആയാസം വരാത്ത രീതിയിൽ ക്രമീകരിക്കുക. അല്ലെങ്കിൽ മുന്നോട്ടാഞ്ഞിരുന്നു മുടി വാഷ്ബേസിനിലേക്ക് ഇട്ടു കഴുകിയാലും മതി.
അതുപോലെ തന്നെ ചില ബ്യൂട്ടി പാർലറുകളിൽ സൗന്ദര്യപരിചരണങ്ങളുടെ ഭാഗമായി കഴുത്തിനു മസാജ് ചെയ്യാറുണ്ട്. മൃദുവായ മസാജ് കൊണ്ടു കുഴപ്പമില്ലെങ്കിലും ശക്തിയായി കഴുത്തിനു മസാജ് ചെയ്യുന്നതും കഴുത്തു പിടിച്ചു തിരിക്കുന്നതും പ്രോത്സാഹിപ്പിക്കാതിരിക്കുക.