Thursday 29 February 2024 11:32 AM IST : By സ്വന്തം ലേഖകൻ

കാൻസർ ബാധിച്ചവർക്ക് രോഗം വീണ്ടും വരുന്നത് തടയും; 100 രൂപയ്ക്ക് കാൻസർ പ്രതിരോധ ഗുളികയുമായി ഗവേഷകർ

istockphoto-1365606038-612x612

നൂറ് രൂപയ്ക്ക് ലഭ്യമാകുന്ന കാൻസർ പ്രതിരോധ ഗുളിക വികസിപ്പിച്ചതായി മുംബൈ ടാറ്റ മെമ്മോറിയൽ കാൻസർ സെന്‍ററിലെ ഗവേഷകർ. കാൻസർ വീണ്ടും വരുന്നത് തടയാനും റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ പാർശ്വഫലം കുറയ്ക്കാനും ഈ മരുന്ന് ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ. അന്തിമ അനുമതി ലഭിച്ച ശേഷം നാലു മാസത്തിനകം മരുന്ന് വിപണിയിലെത്തിക്കാനാണ് ശ്രമം.

ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് അത് വീണ്ടും വരുന്നത് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തെന്നാണ് ഗവേഷകരുടെ അവകാശവാദം. രാജ്യത്തെ മുൻനിര കാൻസർ ചികിൽസാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ കാൻസർ സെന്ററിലെ ഗവേഷകരാണ് ഇതിന് പിന്നിൽ. കേവലം നൂറ് രൂപ ചെലവ് വരുന്ന ഗുളിക കൊണ്ട് കാൻസർ വീണ്ടും വരുന്നതിനെ 30 ശതമാനത്തോളം പ്രതിരോധിക്കാമെന്നാണ് കണ്ടെത്തൽ. 

റേഡിയേഷന്റെയും കീമോതെറാപ്പിയുടെയും പാർശ്വഫലങ്ങൾ പകുതിയായി കുറയ്ക്കാനും ഈ മരുന്നിന് കഴിയും. കൂടാതെ ശ്വാസകോശം, വായ, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിനും ഇത് ഫലപ്രദമാണ്. അർബുദം വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്‍റ് ടാബ്‌ലറ്റാണിത്. റെസ് വെറേട്രോൾ, കോപ്പർ സംയുക്തമാണ് ഈ ഗുളികയിൽ അടങ്ങിയിരിക്കുന്നത്. 

മനുഷ്യരിലെ ക്യാൻസർ കോശങ്ങൾ എലികളിലേക്ക് കടത്തിവിട്ട് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാർശ്വഫലങ്ങൾ തടയുന്നതിനുള്ള പരീക്ഷണം മനുഷ്യനിലും വിജയിച്ചു. പത്തുവർഷത്തെ ഈ ഗവേഷണ ഫലം ഈ രംഗത്ത് വലിയ മുന്നേറ്റമാകുമെന്ന് സംഘത്തെ നയിച്ച സീനിയർ കാൻസർ സർജൻ ഡോ. രാജേന്ദ്ര ബഡ് വേ പറഞ്ഞു. 

ഫുഡ് സേഫ്റ്റി അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാൽ പാർശ്വഫലം കുറയ്ക്കുന്നതിനുള്ള മരുന്ന് നാല് മാസത്തിനകം വിപണിയിൽ എത്തിക്കാൻ കഴിയും. ക്യാൻസർ വീണ്ടും വരുന്നത് തടയുന്ന പ്രതിരോധ മരുന്ന് ചികിൽസയ്ക്ക് ഉപയോഗിക്കാൻ കുറച്ച് നാൾകൂടി കാത്തിരിക്കേണ്ടിവരും. 

Tags:
  • Health Tips
  • Glam Up