Thursday 09 June 2022 04:48 PM IST

‘ഒരു രസം, ഒരു സുഖം, ഒരു ത്രില്ല് എന്ന രീതിയില്‍ ചെറുപ്രായത്തില്‍ ആവിഷ്കരിക്കാന്‍ ഉള്ളതല്ല ലൈംഗികത’; ഡോക്ടര്‍ സി.ജെ. ജോണ്‍ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

teenage44566777

അഞ്ചു മുതല്‍ പന്ത്രണ്ടാം വരെയുള്ള ആണ്‍കുട്ടികളില്‍ അധ്യാപികമാരോടും സഹപാഠികളായ പെണ്‍കുട്ടികളോടുമുള്ള സമീപനത്തില്‍ മാറ്റം വന്നതായി പഠനങ്ങള്‍ പറയുന്നു. അമ്മയെ പോലെ കാണേണ്ട കുട്ടികള്‍ തങ്ങളെ അശ്ലീലക്കണ്ണോടെ നോക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അധ്യാപികമാര്‍ പരാതി പറയുന്നു. കോവിഡിനു ശേഷം ആണ്‍കുട്ടികളുടെ മനോഭാവത്തില്‍ വന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്? സ്കൂളില്‍ നിന്നുള്ള ഇത്തരം പരാതികള്‍ക്ക് അടിസ്ഥാനമുണ്ടോ? എങ്ങനെ കുട്ടികളെ തിരുത്താം? തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍ സി.ജെ. ജോണ്‍ വനിതാ ഓണ്‍ലൈനുമായി സംസാരിക്കുന്നു.

യഥാര്‍ഥ വില്ലന്‍ 

പഠനത്തിനുവേണ്ടി ഓണ്‍ലൈന്‍ ഉപയോഗം കൂടിയത് കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വികലമായിട്ടുള്ള ലൈംഗിക സങ്കല്‍പങ്ങള്‍, അത്തരം അറിവുകള്‍ ഈ കാലയളവില്‍ കുട്ടികള്‍ക്ക് ലഭ്യമായിട്ടുണ്ട്. മേല്‍നോട്ടം ഇല്ലാത്ത രീതിയിലുള്ള ഫോണിന്റെ ഉപയോഗം കുറേയേറെ കുട്ടികളെ തെറ്റായ ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്. നിര്‍മ്മിതിയിലുള്ള, പാകത എത്താത്ത അവരുടെ തലച്ചോറിലേക്കാണ് ഇത്തരം ബിംബങ്ങള്‍ എത്തുന്നത് എന്ന് മനസ്സിലാക്കണം. ശരി, തെറ്റുകളെ കുറിച്ച് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ ഇത്തരം കാര്യങ്ങള്‍ സുലഭമായി ലഭിക്കുന്നത് കുട്ടികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും. 

പൊതുവേ കുട്ടികള്‍ക്ക് ആരോഗ്യകരമായ ലൈംഗികത എന്താണെന്ന് പറഞ്ഞുകൊടുക്കാത്ത സാഹചര്യത്തില്‍ അവരുടെ പാകതയ്ക്കനുസരിച്ച് കാര്യങ്ങളെ ഉള്‍ക്കൊള്ളുകയും, ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ ആവിഷ്കാരം നടപ്പാക്കുകയും ചെയ്യും. വഴിവക്കില്‍ പതിനാറുകാരന്‍ യുവതിയെ കയറിപ്പിടിച്ചതും, പീഡിപ്പിക്കാന്‍ ശ്രമിച്ചതുമൊക്കെ ഇത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണമായി പറയാം. തുറിച്ചുനോട്ടം, അശ്ലീലം പറച്ചില്‍ എന്നിവയൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. 

കുട്ടികള്‍ വഷളന്‍മാര്‍ അല്ല

കുട്ടികളെ വഷളന്‍മാര്‍ എന്ന് പറയുന്നതിലും വലിയ പ്രശ്നമുണ്ട്. അവര്‍ക്ക് ഒരു ദിശാബോധം നല്‍കാന്‍ നമ്മുടെ സമൂഹത്തിന് കഴിയാത്തതുകൊണ്ടും, ലൈംഗികതയെ കുറിച്ച് ഇരുത്തമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്തതു കൊണ്ടുമാണ് വീണ്ടും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന വികലമായ കാഴ്ചപ്പാടുകള്‍ തിരിച്ചറിഞ്ഞ് അപ്പപ്പോള്‍ തന്നെ ഇടപെടാനും തിരുത്താനും ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും പറ്റുന്നില്ല. മുതിര്‍ന്നവരുടെ മേല്‍നോട്ടക്കുറവ് ഇക്കാര്യങ്ങളില്‍ പ്രകടമായിട്ടുണ്ട്. ഇവിടെ കുട്ടികളെ പ്രശ്നക്കാരായി കണ്ട് മാറ്റിനിര്‍ത്തുകയല്ല വേണ്ടത്, വീണ്ടെടുക്കുകയാണ് വേണ്ടത്. 

കുട്ടിയുമായി ആരോഗ്യകരമായ ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കണം, പറഞ്ഞു മനസ്സിലാക്കണം, മൂല്യങ്ങളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കണം.. വിലക്കുകളില്ലാതെ ലൈംഗികത ആവിഷ്കരിക്കുന്നത് അവരുടെ തന്നെ വ്യക്തിത്വ രൂപീകരണത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. ഒരു രസം, ഒരു സുഖം, ഒരു ത്രില്ല് എന്നുള്ള രീതിയില്‍ ചെറുപ്രായത്തില്‍ ആവിഷ്കരിക്കാന്‍ ഉള്ളതല്ല ലൈംഗികത എന്നും, ഇത്തരം സാഹസികതയിലേക്ക് പോയാല്‍ അതവരുടെ വ്യക്തിത്വത്തെ പ്രതികൂലമായി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും മനസ്സിലാക്കി കൊടുക്കണം. ഇത്തരം ബോധ്യപ്പെടുത്തലുകളിലൂടെ കുട്ടിയെ വീണ്ടെടുക്കുകയാണ് വേണ്ടത്.

സെക്സ് എന്നത് റിയാലിറ്റി

തുറിച്ചുനോട്ടം പ്രോത്സാഹിപ്പിക്കുന്ന പൊതുസാഹചര്യം നിലവിലുണ്ട്. അതിന്റെ കൂടെ ലഭ്യത കൂടിയാകുമ്പോള്‍ ഇളം മനസ്സുകളില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രായത്തിലുള്ളവരുടെ സെക്സ് എന്നത് റിയാലിറ്റിയാണ്. ഇതൊക്കെ കാണാനും കേള്‍ക്കാനും ഇതെന്താണെന്ന് അറിയാനുമുള്ള അവസരങ്ങള്‍ കൂടുതലും ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ അവന്‍ അതിനു ശ്രമിക്കും. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വികാരപരമായി സമീപിക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. കുട്ടിയുമായി തുറന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. 

വീടുകള്‍ മൂല്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന കളരികള്‍ അല്ലാതായി മാറിയിട്ടുണ്ട്. ഇനി അഥവാ എത്രയൊക്കെ മൂല്യങ്ങള്‍ ചൊല്ലി പഠിപ്പിച്ചാലും പാകതയെത്താത്ത പ്രായത്തില്‍ അവനത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒപ്പം മാതാപിതാക്കളുടെ അമിത വിലക്കുകള്‍ കൂടിയാകുമ്പോള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ശരിയും തെറ്റും മനസ്സിലാക്കാനുള്ള പക്വത കുട്ടിയ്ക്ക് വന്നിട്ടില്ല എന്ന ബോധ്യം മാതാപിക്കള്‍ക്ക് ആദ്യം ഉണ്ടാകണം. വഷളന്‍ ആണെന്ന് മുദ്ര കുത്തി മക്കളെ മാറ്റി നിര്‍ത്തരുത്. സ്നേഹത്തോടെ ചേര്‍ത്തുപിടിക്കണം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ചര്‍ച്ചയാണ് ഈ വിഷയത്തില്‍ ആവശ്യം. 

ചേര്‍ത്തുപിടിക്കേണ്ടത് അധ്യാപകര്‍   

ചില ആണ്‍കുട്ടികള്‍ തുറിച്ച് നോക്കുന്നു എന്ന് പരാതിപ്പെടുന്ന അധ്യാപികമാര്‍ അവരറിയാതെ കുട്ടികളെ കോര്‍ണര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഒരുപാട് അധ്യാപകര്‍ അവരുടെ സെക്ഷ്വാലിറ്റിയില്‍ കംഫര്‍ട്ടബിള്‍ അല്ല. അവനവന്റെ ലൈംഗികതയില്‍ കംഫര്‍ട്ട് ആകുന്ന ആളുകള്‍ക്കേ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ.. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്ലാസില്‍ അവനെ നാണം കെടുത്താതെ അടുത്തേക്ക് വിളിച്ച് എന്താണ് യഥാര്‍ഥ പ്രശ്നം എന്ന് തുറന്നു ചോദിക്കാം. 

സെക്സിനെ കുറിച്ച് മൂല്യബോധത്തോടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാം. കുട്ടിയ്ക്കുണ്ടാകുന്ന കൗതുകത്തെ നല്ല ദിശയിലേക്ക് വഴി തിരിച്ചുവിടാം. അധ്യാപകര്‍ ഇനി എത്രയൊക്കെ പരിശ്രമിച്ചിട്ടും കുട്ടിയ്ക്ക് മാറ്റമില്ലെങ്കില്‍ മാതാപിതാക്കളുമായി ചേര്‍ന്നു ആലോചിച്ച് അവനുവേണ്ട കൗണ്‍സിലിങ് നല്‍കാം. കുറ്റപ്പെടുത്താതെ കുട്ടിയെ എങ്ങനെ മാറ്റിയെടുക്കാം, മടക്കിക്കൊണ്ടുവരാം എന്നാണ് ഓരോ അധ്യാപകരും മനസ്സില്‍ ഉറപ്പിക്കേണ്ടത്. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സി.ജെ. ജോണ്‍, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം.

Tags:
  • Health Tips
  • Glam Up