Monday 29 March 2021 02:35 PM IST : By സ്വന്തം ലേഖകൻ

വ്യായാമത്തിന് അര മണിക്കൂർ മുൻപ് ഒരു കപ്പ് കാപ്പി; വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുമെന്ന് പഠനം!

gettyimages-500740897

പെട്ടെന്ന് ശരീരഭാരം കുറയാൻ വ്യായാമത്തിനു മുൻപ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഗുണകരമാണെന്ന കണ്ടെത്തലുമായി വിദഗ്ദർ. ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

കാപ്പിയിൽ ബി വൈറ്റമിനുകൾ, പൊട്ടാസ്യം, മാംഗനീസ്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് കാരണം വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ കാപ്പിയ്ക്ക് കഴിയും എന്നാണ് പുതിയ കണ്ടെത്തൽ. വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ കഫീന്റെ ഫലങ്ങൾ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. 

എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അരമണിക്കൂർ മുൻപ് 3 മില്ലിഗ്രാം / കി.ഗ്രാം കഫീൻ അതായത് കടുപ്പത്തിൽ ഒരു കാപ്പി കുടിക്കുന്നത് ഫാറ്റ് ബേൺ ചെയ്യുന്ന നിരക്ക് കൂട്ടുമെന്ന് ഗ്രനാഡാ സർവകലാശാലയിലെ ഫിസിയോളജി ഡിപ്പാർട്ട്മെന്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

സ്പോർട്സ് താരങ്ങൾ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി കഫീൻ സപ്ലിമെന്റുകൾ കുടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ഓക്സിഡേഷൻ വർധിപ്പിക്കാൻ അഥവാ കൊഴുപ്പ് കത്തിച്ചു കളയുന്നത് വർധിപ്പിക്കാൻ കഫീൻ സഹായിക്കുന്നു എന്ന് ഗവേഷകർ പറയുന്നു.  

എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അര മണിക്കൂർ മുൻപ് കഫീൻ ഉള്ളിൽ ചെന്നാൽ പരമാവധി ഫാറ്റ് ബേൺ ചെയ്യും എന്ന് പഠനത്തിൽ തെളിഞ്ഞു. 32 വയസിനോടടുത്ത 15 പുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് കഫീന്റെ ഗുണങ്ങൾ കണ്ടെത്തിയത്. അതേസമയം ഗർഭിണികളും ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, ഉറക്ക പ്രശ്നങ്ങൾ ഉള്ളവരും കാപ്പി ഒഴിവാക്കണമെന്ന് ഗവേഷകർ പറയുന്നു.

Tags:
  • Health Tips
  • Glam Up