Saturday 31 October 2020 03:19 PM IST : By സ്വന്തം ലേഖകൻ

ഒരിക്കൽ കോവിഡ് വന്നു പോയവർ ഓർത്തുവച്ചോളൂ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീണ്ടും രോഗം വരാം

covvvdd33345567

കോവിഡിനു കാരണം പുതിയ വൈറസ് ആണ്. ആർക്കും ഇതിനെതിരായ പ്രതിരോധശേഷി ഇല്ല. ആരോഗ്യമുള്ളവരിൽ രോഗത്തിന്റെ തീവ്രത കുറയാം എന്നേയുള്ളൂ.  കോവിഡ് വാക്സീൻ ലഭിക്കുന്നതുവരെ ശരീരം തന്നെയാണു വാക്സീൻ. സൂര്യപ്രകാശമേറ്റുള്ള വ്യായാമം, സമീകൃതാഹാരം  ഇവ ഉറപ്പാക്കണം.

∙ വൈറ്റമിൻ ഗുളികകൾ എല്ലാവരും കഴിക്കണോ?

രോഗപ്രതിരോധശേഷിക്കായി  വൈറ്റമിൻ  സി, ഡി  എന്നിവ വേണം.  സമീകൃതാഹാരം കഴിക്കുന്ന, ആരോഗ്യമുള്ളയാൾക്കു വൈറ്റമിൻ ടാബ്‍ലറ്റ് കഴിക്കേണ്ട കാര്യമില്ല. വൈറ്റമിൻ സി കിട്ടാൻ ദിവസം  ഒരു നെല്ലിക്ക കഴിച്ചാൽ  മതി.

ഡി ലഭിക്കാൻ വെയിലേറ്റുള്ള വ്യായാമവും. എന്നാൽ പ്രായേറിയവർ, മറ്റ് അസുഖങ്ങൾ  ഉള്ളവർ, പോഷകാഹാരം കഴിക്കാനാകാത്തവർ  എന്നിവർക്കു ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ സി, ഡി ഗുളികകൾ  കഴിക്കാം.

∙ ലക്ഷണങ്ങളില്ലാത്തവർ?

കേരളത്തിൽ  കോവിഡ് ബാധിച്ച 80 % ആളുകളിലും  ലഘുവായ ലക്ഷണങ്ങളാണുള്ളത്. അവരുടെ ശരീരത്തിൽ   വൈറസിന്റെ  അളവു കുറവാകാം,  പ്രതിരോധശേഷി  കൂടുതലുള്ളതിനാലാകാം. എന്നാൽ  അവരും രോഗം പരത്തും. 90  % കുട്ടികളിലും കോവിഡിനു ലക്ഷണങ്ങളില്ല.

പക്ഷേ ആളുകളുമായി കൂടുതൽ ഇടപഴകുന്നതിനാൽ മറ്റുള്ളവരിലേക്കു രോഗം   പെട്ടെന്നു പകരും. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ, കോവിഡ് പോസിറ്റീവ് ആയ ആൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറുന്നതാണു നല്ലത്. തീർത്തും ഒറ്റയ്ക്കു കഴിയാൻ സൗകര്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ തുടരാം. 

∙ രോഗികളും കോവിഡും?

കൂടുതൽ ശ്രദ്ധിക്കേണ്ടത്  ഇവരാണ്: 60 വയസ്സിനുമുകളിൽ പ്രായമുള്ളവർ, കരൾ, ശ്വാസകോശം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവർ,  സ്റ്റിറോയ്ഡ്  മരുന്നു കഴിക്കുന്നവർ.  കേരളത്തിൽ ജീവിതശൈലീ രോഗികൾ കൂടുതലാണ്.

5 പേരിൽ ഒരാൾക്കു പ്രമേഹം, 3 പേരിൽ  ഒരാൾക്കു അമിതരക്തസമ്മർദം എന്നിവയുണ്ട്.  നിലവിലെ  ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം നിയന്ത്രണത്തിലാകണം എന്നതാണു പ്രധാനം. ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സകൾ കൃത്യമായി തുടരണം. ലഹരിവസ്തുക്കൾ പൂർണമായും  ഒഴിവാക്കണം.   

∙ ഗർഭിണികളിൽ?

കോവിഡ് ബാധിച്ച ഗർഭിണികളിൽ  പ്രസവത്തിനു പ്രശ്നമുണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. കുഞ്ഞിനു പാൽ നൽകുന്നതിനും പ്രശ്നമില്ല. അതുകൊണ്ട് അമിതമായ ആശങ്ക വേണ്ട.  പക്ഷേ,  ഗർഭകാല പരിശോധനകൾ നിർബന്ധമായി  നടത്തണം. 

∙ കോവിഡിനുശേഷം?

കോവിഡ് ഭേദമായതിനുശേഷമുള്ള അനുബന്ധപ്രശ്നങ്ങളെക്കുറിച്ചാണ് ഇപ്പോഴുള്ള ആശങ്ക. നെഗറ്റീവായിട്ടും ചിലരിൽ  ആരോഗ്യപ്രശ്നങ്ങൾ തുടരുന്നുണ്ട്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം,  ക്ഷീണം,  നാഡീഞരമ്പുമായി  ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നതായി കോവിഡ് ഭേദമായ ആളുകൾ പറയുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ഇവർക്കായി  പോസ്റ്റ് കോവിഡ് ഒപിക്കുള്ള നീക്കം നടത്തുന്നുണ്ട്.

∙ കോവിഡ് വീണ്ടും വരുമോ?

ഭേദമായവരിൽ കോവിഡ്  വീണ്ടും വന്നേക്കാം. രോഗപ്രതിരോധശേഷി 5  മുതൽ 7  മാസം വരെ മാത്രമാണ്. മാസ്കും സാമൂഹിക അകലവും പോലെയുള്ള സുരക്ഷാ ഉപാധികൾ അവരും പിന്തുടരണം.

Tags:
  • Health Tips
  • Glam Up