Saturday 26 June 2021 11:56 AM IST : By സ്വന്തം ലേഖകൻ

അമിതവണ്ണവും കക്ഷത്തിലും കഴുത്തിന്റെ പുറകു ഭാഗത്തും നിറവ്യത്യാസവും ഉണ്ടോ?: ശ്രദ്ധിക്കുക, പിന്നാലെയെത്തും ഈ അപകടം

diab-changes

പ്രമേഹ ചികിത്സ ശരിയായ വിധമല്ല ചെയ്യുന്നതെങ്കിൽ ജീവനു തന്നെ ഭീഷണിയായേക്കാം. ഇൻസുലിൻ എടുക്കാൻ മറക്കുന്നതും മധുരത്തോടുള്ള നിയന്ത്രിക്കാനാകാത്ത ഇഷ്ടവുമെല്ലാം മറ്റു പല ഗുരുതരമായ അസുഖത്തിലേക്കും രോഗിയെ കൊണ്ടുപോയേക്കാം.

രക്താതിമർദം മുതൽ വൃക്കകളുടെ പ്രവർത്തനത്തെ വരെ അതു ബാധിക്കുകയും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലെക്കും മറ്റ് സങ്കീർണതകളിലേക്കും പ്രമേഹ രോഗിയെ എത്തിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദം സൂക്ഷിക്കുക

മുപ്പതു ശതമാനം മുതൽ അറുപതു ശതമാനം വരെ പ്രമേഹ രോഗികൾക്ക് രക്താതിമർദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ബിപിയും നിയന്ത്രിക്കണം. ടൈപ് 1 പ്രമേഹ രോഗികളിൽ പ്രമേഹം കുറച്ചു നാൾ‌ പഴകിയ ശേഷം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും അതുവഴി രക്തസമ്മർദം വർധിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ ഉപയോഗം പ്രതിദിനം ആറു ഗ്രാമിൽ കൂടാതെ സൂക്ഷിക്കണം. ടെൻഷൻ നിയന്ത്രിക്കുകയും പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയും േവണം.

അമിതവണ്ണവും കുടവയറും കക്ഷത്തിലും കഴുത്തിന്റെ പുറകു ഭാഗത്തും നിറവ്യത്യാസവും ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടുപിടിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തുക.

ഹൃദയതാളം സൂക്ഷിക്കാം

പ്രമേഹം ഉള്ളവരിൽ ഹൃദയ ധമനീരോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ടൈപ് 2 പ്രമേഹത്തിൽ, ഹൈപ്പർ ഇൻസുലിനീമിയ ഹൃദയോപരിതലത്തിലുള്ള വലിയ രക്തക്കുഴലുകൾ‌ ചുരുങ്ങുന്ന അവസ്ഥയും ഉണ്ടാക്കാം.

രക്തത്തിലെ പഞ്ചസാര നിരക്ക് ഉയർന്നു നിൽക്കുന്നതും ഉയർന്ന ലിപ്പി‍ഡ് നിരക്കും രക്തക്കുഴലുകളിലെ ആന്തരിക ആവരണങ്ങൾ‌ക്ക് കേടുവരുത്തുന്നു. ഇതുമൂലം രക്തയോട്ടം കുറയുന്നു. ഇത് പ്രധാന അവയവങ്ങൾക്ക് തകരാറുണ്ടാക്കാം. ജീവനു തന്നെ അപകടമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറാം.

പ്രമേഹം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കും. ഇങ്ങനെ രക്തയോട്ടം തടസപ്പെടുന്നതിലൂടെ നെഞ്ചുവേദനയും സ്ഥിതി സങ്കീർണമാവുന്നതോടെ ഹൃദയാഘാതവും ഉണ്ടായേക്കാം. മരുന്നുകൾക്കൊപ്പം ഹൃദയധമനികള്‍ക്ക് ഗുണം ചെയ്യുന്ന വ്യായാമങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഹൃദ്രോഗമുള്ള പ്രമേഹ രോഗികൾ ആറാഴ്ച കൂടുമ്പോൾ പരിശോധനകൾ നടത്തുക, മൂന്നുമാസം കൂടുമ്പോൾ എച്ച്ബിഎ1സി പരിശോധനയും ആറുമാസത്തിൽ ലിപ്പിഡ് പ്രൊഫൈലും തൈറോക്സിൻ കഴിക്കുന്നവരാണെങ്കിൽ ടിഎസ്എച്ച് പരിശോധന മൂന്നുമാസം കൂടുമ്പോഴും നടത്താൻ മറക്കരുത്.

വൃക്കയെ സംരക്ഷിക്കാം

പ്രമേഹ രോഗികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗാവസ്ഥയാണ് ഡയബറ്റിക് നെഫ്രോപ്പതി. പ്രമേഹം മൂലം വൃക്കയിലെ ചെറു രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരാം. ഇത് മൂലം അരിക്കൽ പ്രക്രിയ ശരിയായി നടക്കാതെ വൃക്കകൾ പ്രവർത്തനരഹിതമാകും.

മൂത്രത്തിലെ ആൽബുമിന്റെ അളവിലുള്ള വ്യത്യാസം, ഉയർന്ന രക്തസമ്മർദം കാലിലും പാദത്തിലും നീര്, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ക്രിയാറ്റിന്റെയും ബ്ലഡ് യൂറിയയുടെയും അളവു കൂടുക, ചൊറിച്ചിൽ ഇവയെല്ലാം വൃക്കരോഗത്തിന്റെ സൂചനകളാണ്.മൂത്രത്തിലെ ആല്‍ബുമിന്‍ പരിശോധന, ബ്ലഡ് യൂറിയ, സീറം ക്രിയാറ്റിനിൻ എന്നീ പരിശോധനകളും നടത്തണം.

പാദസംരക്ഷണം

പ്രമേഹരോഗികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സങ്കീർണതയാണ് ഡയബറ്റിക് ന്യൂറോപ്പതി. മിക്ക രോഗികളിലും ലക്ഷണങ്ങൾ കാണാറില്ല. വ്രണങ്ങൾ തീവ്ര രോഗാവസ്ഥയായി മാറുമ്പോഴേ ന്യൂറോപ്പതി ഉണ്ടെന്ന് തിരിച്ചറിയുകയുള്ളൂ.

രക്തത്തിൽ അധികമായി നിൽക്കുന്ന പഞ്ചസാര നാഡികോശങ്ങളെ നശിപ്പിക്കുന്നതു മൂലവും നാഡികളിലേക്കുള്ള ചെറുരക്തക്കുഴലുകളിലെ രക്തയോട്ടം തടസ്സപ്പെട്ടും ഡയബറ്റിക് ന്യൂറോപ്പതി വരാം.

ചെറിയ നാഡീഞരമ്പുകളിൽ ന്യൂറോപ്പതി വരുമ്പോൾ പുകച്ചിലും കുത്തലും കടച്ചിലുമെല്ലാം വരാം. ഞരമ്പിനെ കൂടുതൽ ബാധിക്കും തോറും തരിപ്പും പെരുപ്പും സൂചി കുത്തുന്നതു പോലുള്ള വേദനയും തോന്നാം.

വലിയ നാഡീഞരമ്പുകളെ ബാധിച്ചാൽ കാലിന്റെ ഉൾഭാഗത്തു നിന്നുള്ള കടച്ചിലും വേദനയും ഉണ്ടാകും.

ഡയബറ്റിക് ന്യൂറോപ്പതിയുടെ മാരകമായ സങ്കീർണാവസ്ഥയാണ് ഡയബറ്റിക് ഫുട് അൾസറേഷൻ അഥവാ പാദവ്രണങ്ങൾ.

പ്രമേഹം കണ്ടുപിടിച്ചു ചികിത്സിക്കുന്ന സമയത്തു തന്നെ ഡയബറ്റിക് ന്യൂറോപ്പതി വരാതിരിക്കാനുള്ള പ്രാഥമിക ചികിത്സ കൂടി തുടങ്ങണം. പലപ്പോഴും വേദനയില്ലാത്തതിനാൽ ചികിത്സിക്കാൻ വൈമുഖ്യം കാണിക്കും. ഇത് ആപത്താണ്. എല്ലാ പ്രമേഹരോഗികളും വർഷത്തിലൊരിക്കൽ പാദപരിശോധന നടത്തണം.

പ്രമേഹ രോഗികൾ ചെരുപ്പിടാതെ വീടിനുള്ളിൽ പോലും നടക്കരുത്. കൃത്യമായി പാകമാകുന്ന ഇറുക്കമില്ലാത്ത ചെരിപ്പ് ഉപയോഗിക്കുക. കുഴിനഖം പോലുള്ള അണുബാധകൾക്ക് സ്വയം ചികിത്സ പാടില്ല. നഖം മുറിക്കുമ്പോൾ മാംസത്തോടു ചേർത്ത് വെട്ടരുത്. വിരലുകളെ ബാധിക്കുന്ന ഫംഗല്‍ രോഗങ്ങൾ പെട്ടെന്ന് ചികിത്സിക്കുക.