Saturday 19 August 2023 02:35 PM IST

പ്രമേഹം മനസ്സിലും മനസ് പ്രമേഹത്തിലും വരുത്തുന്ന മാറ്റങ്ങൾ; ചികിത്സയിലെ പ്രതിസന്ധികളും പരിഹാരങ്ങളും

Santhosh Sisupal

Senior Sub Editor

diabetes-mental-physical-impacts-remedies-cover

രോഗിയുടെ ശരീരത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം. മനസ്സിലും കുടുംബത്തിലും സമൂഹത്തിലും രോഗം ആഘാതങ്ങൾ സൃഷ്ടിക്കും. പ്രമേഹരോഗം കണ്ടു പിടിക്കുമ്പോൾ തന്നെ, രോഗിയും വീട്ടുകാരും വളരെ വിഷമിക്കുകയും, ഇനി ഞങ്ങൾക്ക് എല്ലാവരേയും പോലെ ആഹാരം കഴിക്കാനും ജീവിക്കാനും സാധിക്കുകയില്ല എന്നു കരുതുകയും ചെയ്യുന്നത് സാധാരണമാണ്. ഇക്കാരണങ്ങളാൽ പ്രമേഹം കണ്ടുപിടിക്കുമ്പോൾ പലരും കടുത്ത മാനസികസമ്മർദത്തിലേക്ക് എത്താറുണ്ട്. പ്രമേഹനിർണയം ഒരാളുടെ ജീവിതരീതിയെ മാറ്റി മറിക്കും, ഒറ്റപ്പെടും എന്നെല്ലാമുള്ള തോന്നലുള്ളവരും ധാരാളം. മാത്രമല്ല രോഗ സങ്കീർണതകൾ പലപ്പോഴും ഒരു വ്യക്തിയേയും കുടുംബത്തേയും നിരാശയിലേക്കു തള്ളിവിടാം. ചുരുക്കിപ്പറഞ്ഞാൽ പ്രമേഹരോഗിയുടെ മാനസികവും കുടുംബപരവും സാമൂഹികപരവുമായ തലങ്ങൾക്കു പ്രമേഹ നിയന്ത്രണത്തിന്റെ വിജയത്തിലും പ്രധാനമായൊരു പങ്കുണ്ട്.

മാറ്റം വീട്ടിൽ നിന്ന്

ഈ സാഹചര്യത്തെ വിശാലമായി വിലയിരുത്തുമ്പോഴാണ് ഒരു രോഗിയുടെ പ്രമേഹ നിയന്ത്രണത്തിൽ കുടുംബാന്തരീക്ഷത്തിനും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും എത്ര വലിയ പങ്കാണു നിർവഹിക്കാനുള്ളതെന്നു ബോധ്യമാവുക. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും രോഗിയോടൊപ്പം വീട്ടുകാർ ഉണ്ടെന്നു വരുത്തണം. രോഗിയോടുള്ള പെരുമാറ്റം കൊണ്ടും, ഇടപെടലുകൊണ്ടും, രോഗിയുടെ മനസ്സിനു ബലം കൊടുക്കുകയും ഇങ്ങനെയുള്ള പിൻബലം കൊണ്ട് രോഗിക്കു സാധാരണ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യും.

പ്രമേഹരോഗം കണ്ടുപിടിക്കുമ്പോൾ ത ന്നെ വീട്ടുകാർക്കു പലവിധ പ്രശ്നങ്ങൾ മനസ്സിൽ വരും. ഇനി ഒരാൾക്കുവേണ്ടി പ്രത്യേകം ആഹാരം പാചകം ചെയ്യണം. രോഗിക്കു പ്രത്യേക ശുശ്രൂഷ കൊടുക്കണം. പ്രത്യേക ജീവിതശൈലി തയാറാക്കണം എന്നെല്ലാം ചിന്തിക്കാം. പക്ഷേ, നന്നായി വിലയിരുത്തിയാൽ ഇതെല്ലാം ശരിയല്ല എന്നു മനസ്സിലാകും.

ദാമ്പത്യത്തിലെ പ്രശ്നങ്ങൾ

diabetes-mental-physical-impacts-remedies-support

പ്രമേഹരോഗിക്കു മറ്റുള്ളവരെ പോലെ ജീവിക്കാൻ സാധിക്കും. വിവാഹം കഴിക്കാനും ദാമ്പത്യജീവി‌തം നയിക്കാനും കുട്ടികൾ ഉണ്ടാകാനും, അവരെ വളർത്താനും എല്ലാം സാധിക്കും. പ്രമേഹരോഗം ലൈംഗികശക്തിയെ ബാധിക്കുമെന്നു മിക്കവരും വായിച്ചിരിക്കും. പക്ഷേ അതു മുഴുവനും ശരിയല്ല. പ്രമേഹം വരുന്ന സമയത്തു ലൈംഗികശക്തിക്കു കുറവൊന്നും വരില്ല. പ്രമേഹരോഗം വളരെ പഴകി വരുകയും, നല്ലവണ്ണം ചികിത്സിക്കാതിരിക്കുകയും ചെയ്താൽ മാത്രം ചിലപ്പോൾ ലൈംഗിക ശക്തിക്കു കുറവു വരാൻ സാധ്യതയുണ്ട്. പക്ഷേ, ഇങ്ങനെ സംഭവിച്ചാലും, അതു ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം തുടർന്നുകൊണ്ടുപോകാനും കഴിയും.

ഭക്ഷണത്തിലെ പ്രതിസന്ധികൾ

വീട്ടിൽ ഒരംഗത്തിനു പ്രമേഹം കണ്ടുപിടിച്ചാൽ, ആദ്യമായി വീട്ടുകാർ ആലോചിക്കുന്നതു രോഗിക്ക് ആഹാരനിയന്ത്രണവും പ്രത്യേക പ്രമേഹരോഗ ആഹാരവും ഉണ്ടാക്കുന്നതിനെപ്പറ്റിയാണ്. എന്നാൽ, ഒരു കാര്യം മനസ്സിലാക്കേണ്ടത്, പ്രമേഹരോഗികൾക്കു പ്രത്യേക ഭക്ഷണമില്ല എന്നതാണ്. പ്രമേഹ രോഗികൾക്കും ഇല്ലാത്തവർക്കും ആരോഗ്യകരമായ ഭക്ഷണശൈലിയാണു സ്വീകരിക്കേണ്ടത്.

പ്രമേഹരോഗികൾക്കു വീട്ടിൽ എല്ലാവർക്കും ഉണ്ടാക്കുന്ന ഭക്ഷണം കൊടുക്കാം. പക്ഷേ, അവർ കാപ്പിയിലും ചായയിലും പഞ്ചസാര ഇടാതിരിക്കുകയും, മധുരപലഹാരം ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ മതി. പിന്നെ വീട്ടിൽ എല്ലാവർക്കും വേണ്ടി ആഹാരം പാചകം ചെയ്യുമ്പോൾ എണ്ണയുടെ അളവും, ഉപ്പിന്റെ അളവും കുറയ്ക്കുന്നതു പ്രമേഹരോഗിക്കു മാത്രമല്ല മറ്റു അംഗങ്ങൾക്കും നല്ലതാണ്.

വേർതിരിവു പാടില്ല

വീട്ടിൽ ആർക്കെങ്കിലും അസുഖം വന്നാൽ പ്രത്യേക പരിചരണം കൊടുക്കാറുണ്ട്. എന്നാൽ, പ്രമേഹരോഗിക്ക് അങ്ങനെയൊന്നും ആവശ്യമില്ല. പ്രമേഹം വച്ചുകൊണ്ട് ജീവിതകാലം മുഴുവനും എല്ലാവരെയും പോലെ ജീവിക്കേണ്ടതാണ്. ഒരു ഉദാഹരണം പറയാം, സുഹൃത്തിന്റെ വീട്ടിൽ ഒരു ദിവസം വിരുന്നിനു പോയി. ആഹാര സമയമായപ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ഗൃഹനാഥ ആദ്യം പ്രമേഹരോഗമുള്ള ഭര്‍ത്താവിനു പ്രത്യേക ആഹാരം കൊടുത്തു മറ്റൊരു മുറിയിൽ ആക്കിയശേഷമാണ് വിരുന്നുകാരെ ഉണ്ണാൻ വിളിച്ചത്. വീട്ടിലെ ബാക്കിയുള്ളവരെല്ലാം ഇരുന്ന് ആഹാരം കഴിക്കുകയും, പല കാര്യങ്ങൾ ചർച്ച ചെയ്യുകയും ആസ്വദിക്കുകയും ചെയ്തു. പക്ഷേ, പ്രമേഹരോഗിയായ ഗൃഹനാഥനു മാത്രം ഇങ്ങനെയുള്ള അവസരം കിട്ടിയില്ല.

ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ വീട്ടമ്മയുടെ അഭിപ്രായത്തിൽ എല്ലാവരും കഴിക്കുന്ന ആഹാരം പ്രമേഹരോഗിക്കു കൊടുക്കാൻ പാടില്ലാത്തതു കൊണ്ടാണു അദ്ദേഹത്തിനു പ്രത്യേകം കൊടുത്തത് എന്നായിരുന്നു. എല്ലാവരുമായി ഒരുമിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞ് ഭക്ഷണം ആസ്വദിക്കാൻ സാധിക്കാത്തതിലുള്ള അദ്ദേഹത്തിന്റെ വിഷമം ആ മുഖത്തു കാണാമായിരുന്നു.ഇത്തരം വേർതിരിവുകൾ പ്രമേഹരോഗിയോടു പാടില്ല.

സമൂഹത്തിലെ മാറ്റിനിർത്തലുകൾ

diabetes-mental-physical-impacts-remedies-test

പ്രമേഹരോഗികൾ ചിലർ സമൂഹത്തിൽ ഇടപെടാൻ പ്രയാസം കാണിക്കാറുണ്ട്. കല്യാണ ചടങ്ങുകളിൽ അവർ പോകാറില്ല. അവിടെവച്ചു മരുന്നു കഴിക്കാനുള്ള പ്രയാസവും ആഹാരം വരുമ്പോൾ എല്ലാവരുടേയും മുമ്പിൽ വച്ചു ചിലതു വേണ്ടെന്നു പറയാനുമുള്ള വൈഷമ്യവുമൊക്കെ അവരെ അലട്ടും. എന്നാൽ, ഇത്ര നിസ്സാരമായ കാര്യങ്ങളുെട പേരിൽ പ്രമേഹരോഗികൾ കല്യാണം പോലുള്ള സാമൂഹിക പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നത് അവരുടെ സാമൂഹികമായ ഒറ്റപ്പെടൽ (social isolation) കൂട്ടുകയേയുള്ളൂ.

പൊതു ചടങ്ങുകൾക്കു പോകാനും സദ്യയിലും മറ്റും പങ്കെടുക്കാനും പ്രേരിപ്പിക്കണം. ആഹാരം കഴിക്കുമ്പോൾ ചോറു മിതമായി കഴിച്ചാൽ മതി. കൂടാതെ വല്ലപ്പോഴും ഒരിക്കൽ അര ഗ്ലാസ് പായസം കഴിക്കുന്നതുകൊണ്ട് പ്രമേഹരോഗിക്കും കുഴപ്പം വരുന്നില്ല. സാമൂഹികമായ കൂട്ടായ്മകൾ ഉപേക്ഷിച്ചാൽ മാനസിക നില മോശമാകാം. ഇങ്ങനെയുള്ള സ്ഥിതി വിശേഷങ്ങൾക്ക് ഒരു പരിധിവരെ, പ്രമേഹരോഗികൾക്ക് ആഹാര ക്രമത്തെ പറ്റി ഉപദേശം കൊടുക്കുന്ന ഡോക്ടർമാരും ഡയറ്റീഷൻമാരും ഉത്തരം പറയേണ്ടതുണ്ട്.

സാമ്പത്തികമായ പിരിമുറുക്കം

diabetes-mental-physical-impacts-remedies-type2

പ്രമേഹരോഗികൾക്കു ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടി വരും. മിക്കവാറും ഒന്നു രണ്ടുതരം ഗുളികകളും ചിലപ്പോൾ ഇൻസുലിനും എടുക്കേണ്ടിവരും. കാലം മാറുന്നതിനനുസരിച്ചു വില കൂടിക്കൊണ്ടിരിക്കും. കൂടാതെ പ്രമേഹം സംബന്ധിച്ചു നടത്തുന്ന പരിശോധനകൾക്കും ചിലവു വരും, ഉദാഹരണമായി മൂന്നുമാസത്തിൽ ഒരിക്കൽ ചെയ്യേണ്ടതായ HbA1c പരിശോധനയ്ക്കു തന്നെ 400 രൂപയോളം വരും. അതുകൊണ്ട് വീട്ടിൽ ഒരാൾക്ക് പ്രമേഹം വന്നു കഴിഞ്ഞാൽ, വീട്ടിലെ ചെലവു കണക്ക് കൂടുന്നതിൽ പ്രമേഹ പരിശോധന, ചികിത്സ മുതലായ ചിലവുകൾ കൂടി ഉൾപ്പെടുത്തണം.

എന്നാൽ, ചികിത്സിക്കുന്ന ഡോക്ടർ രോഗിയുടെ സാമ്പത്തികനില കൂടി കണക്കിലെടുത്തു മരുന്നുകൾ തീരുമാനിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് ആശ്വാസം കിട്ടും. ഒരു ടൈപ് 1 രോഗി പ്രതിമാസം 3000 രൂപ ഇൻസുലിനു വേണ്ടി ചെലവാക്കുന്ന സ്ഥാനത്ത്, 600 രൂപകൊണ്ടുപോലും ചികിത്സ സാധ്യമാണ്. വിലയേറിയ ഇൻസുലിനു മികവുകൾ പലതുമുണ്ടാകാമെങ്കിലും ചെലവു കാരണം ചികിത്സ നിർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗിയുെട സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള ഇൻസുലിനും മരുന്നുകളും തിരഞ്ഞെടുക്കുന്നത്.

അഭിമാനത്തിന്റെ പേരിൽ പല രോഗികളും അവരുടെ കുറഞ്ഞ സാമ്പത്തിക വിവരം, ഡോക്ടറിനോട് പറയാറില്ല. മരുന്നുകൾ എഴുതുന്നതിനു മുൻപ് ഡോക്ടർ അതു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. മാത്രമല്ല കൂടുതൽ സർക്കാർ സംവിധാനങ്ങൾ പ്രമേഹരോഗ ചികിത്സയ്ക്കായി വരുന്നുണ്ട്. പല സർക്കാർ ആശുപത്രികളിലും പ്രമേഹക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

പ്രമേഹരോഗിയുെട ചികിത്സാ ചെലവു കൂടുന്നതിനു മറ്റുചില കാരണങ്ങളും കൂടിയുണ്ട്. രോഗത്തിന്റെ ആരംഭഘട്ടത്തിൽ രോഗിയായി പലരും പരിഗണിക്കാറില്ല. പ്രമേഹം ആദ്യ കാലങ്ങളിൽ വലിയ ലക്ഷണങ്ങളൊന്നും ഉണ്ടാക്കില്ല. അതുകൊണ്ട് പ്രമേഹരോഗികൾക്കു പരിഗണന ലഭിക്കുന്നത് വളരെ വൈകിയാണ്. എന്നാൽ ഈ സമയത്ത് നിശ്ശബ്ദമായി രോഗിയുടെ ശരീരത്തിലെ അവയവങ്ങൾക്കു കേടുവന്നുകൊണ്ടിരിക്കും. വർഷങ്ങൾക്കുശേഷം പ്രമേഹം പല അവയവങ്ങളേയും കേടുവരുത്തുകയും രോഗത്തിന്റെ സങ്കീർണതകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.

സങ്കീർണതകൾ വന്നാൽ ചികിത്സ പ്രയാസകരവും, ചെലവു വളരെ കൂടുകയും ചെയ്യും. ഈ അവസ്ഥ പ്രമേഹരോഗിയെ മാത്രമല്ല കുടുംബാംഗങ്ങളേയും മാനസികമായി തളർത്തുകയും കൂടുതൽ പിരിമുറുക്കത്തിലലാക്കുകയും ചെയ്യും. അതുകൊണ്ട് പ്രമേഹരോഗം, ആരംഭം മുതൽ നല്ലവണ്ണം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

മനസ്സും പ്രമേഹവും

diabetes-mental-physical-impacts-remedies-depression

പ്രിയപ്പെട്ടവരുടെ വേർപാടുപോലെ കടുത്ത മാനസികാസ്വാസ്ഥ്യം ഉണ്ടാക്കാവുന്ന സാഹചര്യങ്ങൾക്കു പിന്നാലെ പലരും പ്രമേഹബാധിതരായി മാറാറുണ്ട്. പ്രമേഹമുണ്ടാകാൻ സാധ്യതയുള്ളവരായിരുന്നിരിക്കാം അവര്‍. പെട്ടെന്നുള്ള മാനസികാഘാതം പ്രമേഹം ഉടന്‍ പ്രകടമാകാൻ കാരണമായി എന്നു പറയാം. മനസ്സിനു മുറിവുണ്ടാവുമ്പോൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനായി ഇൻസുലിൻ എന്ന ഒരു ഹോർമോൺ മാത്രമേ നമുക്കുള്ളൂ. പക്ഷേ, പഞ്ചസാര കൂട്ടുന്നതിന് ഒരുപാടു ഹോർമോണുകൾ ഉണ്ടുതാനും.

കഠിനമായ ദുഃഖം, വ്യാകുലത, നിരാശ, ഉറക്കമില്ലായ്മ, പ്രിയപ്പെട്ടവരുടെ വേർപാട് ഇവയെല്ലാം രക്തത്തിലെ അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, സ്റ്റിറോയ്ഡ് തുടങ്ങിയവയുടെ അളവു ക്രമാതീതമായി വർധിപ്പിക്കും. അവയെല്ലാം പ്രമേഹം വരുന്നതിനുള്ള കളവുമൊരുക്കും. അതുപോലെ പ്രമേഹ ബാധിതരിലാണ് ഇത്തരം മാനസികാവസ്ഥ ഉണ്ടാകുന്നതെങ്കിൽ പ്രമേഹ നിയന്ത്രണം തന്നെ താളം തെറ്റും. ചിലപ്പോൾ ചികിത്സാരീതി തന്നെ മാറ്റേണ്ടിയും വരാം.

ഡയബറ്റിസ് ഡിസ്ട്രസ്സ്

പ്രമേഹവുമായി ജീവിക്കുന്ന ഒരു വ്യക്തി പ്രമേഹാനുബന്ധമായി അനുഭവിക്കുന്ന മാനസിക സമ്മർദത്തെ അഥവാ മാനസിക പിരിമുറുക്കത്തെയാണ് ഡയബറ്റിസ് ഡിസ്ട്രസ്സ് എന്നു പറയുന്നത്. ടൈപ് 1 രോഗമുള്ളവരിൽ നാലിൽ ഒന്ന് പേരിലും ടൈപ് 2 പ്രമേഹമുള്ളവരിൽ അഞ്ചിൽ ഒന്നു പേരിലും ഇത് കാണാം. മാനസിക പ്രശ്നങ്ങൾ പ്രമേഹ നിയന്ത്രണവും ബുദ്ധിമുട്ടിലാക്കാം. ഡയബറ്റിസ്ഡിസ്ട്രസ്റ്റ് ഡിപ്രഷൻ അഥവാ വിഷാദത്തിൽ നിന്നും വ്യത്യസ്തമാണ്. ഡയബറ്റിസ് ഡിസ്ട്രസിന്റെ ഭാഗമായി കുറ്റബോധം, നിരാശ, സങ്കടം, ആശങ്ക തുങ്ങിയവ ഈ ഘട്ടത്തിൽ പ്രമേഹ രോഗിക്ക് അനുഭവപ്പെട്ടുവെന്നു വരും.

പ്രമേഹത്തെക്കുറിച്ചു പറയുകയോ കേൾക്കുകയോ ചെയ്യുമ്പോൾ വല്ലാതെ ദേഷ്യമോ വാശിയോ കാണിച്ചെന്നുമിരിക്കും. പലപ്പോഴും മരുന്നോ ഇൻസുലിനോ ചികിത്സയോ മുടങ്ങുന്നതിനും ഈ അവസ്ഥ കാരണമാകാം. മനശ്ശാസ്ത്ര സഹായമോ മരുന്നുകളോ ഇതു പരിഹരിക്കാൻ വേണ്ടിവരാം.

എന്തുപറ്റി, ഡയബറ്റിസാണോ?

പ്രമേഹരോഗികൾക്കു ദുഃഖമുണ്ടാക്കുന്ന ഒരു അവസ്ഥയുണ്ട്. പെട്ടെന്നു മെലിഞ്ഞതായി ആരു കണ്ടാലും ആദ്യത്തെ ചോദ്യം: ‘അയ്യോ! എന്തുപറ്റി? ഡയബറ്റിസ് ആണോ?’ രോഗം അനിയന്ത്രിതമാണെങ്കിലും രോഗം പരിപൂർണമായും നിയന്ത്രണവിധേയമാണെങ്കിലും ഇതു സംഭവിക്കാം. നന്നായി വ്യായാമം െചയ്തു ഭക്ഷണമൊക്കെ നിയന്ത്രിച്ചു ശരീരം മെലിഞ്ഞവർക്കാണെങ്കിൽ അത് അഭിമാനിക്കാവുന്ന നേട്ടമാണുതാനും. പക്ഷേ, സമൂഹം ഇവരെ ആരെയും വെറുതെ വിടുന്നില്ല. ഈ വിഷമം, പ്രമേഹരോഗിക്ക് രോഗനിയന്ത്രണം കൈവിടാൻ കാരണമായെന്നു വരാം. കൂടുതൽ ആഹാരം കഴിക്കുന്നതിനും വ്യായാമം നിറുത്തുന്നതിനും കാരണമാകും. ഇത്തരം രോഗികൾക്ക് കൗൺസിലിങ് ആവശ്യമാണ്.

മറന്നു പോകുന്നുണ്ടോ?

ആഹാരത്തിനു മുന്‍പുള്ള മരുന്ന് ആഹാരത്തിനുശേഷമായി പോകുന്നു. രാവിലെ എടുക്കേണ്ട ഇൻസുലിൻ പലപ്പോഴും മറന്നുപോകുന്നു.അങ്ങനെ നൂറുകൂട്ടം മറവികൾ പ്രമേഹ രോഗികൾക്കുണ്ടാകാറുണ്ട്. ഈ മറവിയും മനസ്സിന്റെ പ്രശ്നമാണ്. പ്രമേഹരോഗികളിൽ ഇതു സാധാരണമാണുതാനും. രോഗം തീവ്രമാകുമ്പോൾ പോലും ശരിയായ ചികിത്സാരീതികൾ സ്വീകരിക്കാതിരിക്കുമ്പോഴുമാണ് മറവി, ചികിത്സയ്ക്കും കൂടി തടസ്സമായി മാറുന്നത്. ഭാര്യയ്ക്കോ മക്കളിൽ ഒരാൾക്കോ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്ത് കുടുംബനാഥന്റെ ചികിത്സയിൽ പ്രധാന പങ്കാളിയാകുവാൻ കഴിഞ്ഞാൽ രോഗചികിത്സ മെച്ചപ്പെടും. മാസങ്ങൾക്കുള്ളിൽത്തന്നെ പ്രമേഹരോഗിയുെട മറവിയും അപ്രത്യക്ഷമാകുന്നതു കാണാറുണ്ട്.

പെട്ടെന്ന് ആരെങ്കിലും ‘എന്നെ മനസ്സിലായോ?’ എന്നു ചോദിച്ചാൽ ഓർമ വരാതെ ടെൻഷനായി പോകുന്ന പ്രമേഹരോഗികളുണ്ട്. ഓർമ വരുന്നില്ലല്ലോ എന്ന് ആധിപിടിച്ചുള്ള ചിന്തമൂലം പ്രമേഹനില ദിവസങ്ങളോളം ഉയർന്നുനിൽക്കുന്നവരുണ്ട്.ഇവർക്ക് ഓർമയിൽ പരതി കുഴങ്ങിപ്പോകുന്ന സാഹചര്യങ്ങൾ മറ്റുള്ളവരേക്കാ ൾ കൂടുതലാണ്. പ്രമേഹരോഗിയാണെന്നു മനസ്സിലാക്കിയാൽ അവരെ ഈ കുഴപ്പത്തിൽ ചാടിക്കാതിരിക്കുക. രോഗികളായവർ ഈ സാഹചര്യം അതിജീവിക്കാൻ പഠിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പുഞ്ചിരിച്ചുകൊണ്ട് ‘എനിക്ക് അങ്ങയെ പെട്ടെന്ന് ഒാർക്കുവാൻ കഴിയുന്നില്ല. നിങ്ങൾ ആരാണ്?’ തുറന്നു ചോദിക്കുക. ഓർമ കിട്ടാത്തതിൽ കുറ്റബോധം തോന്നേണ്ടതില്ല. ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും പ്രമേഹരോഗികൾക്ക് ദിനം പ്രതി നേരിടേണ്ടതായി വരുന്നു.

പെരുമാറ്റത്തിലെ പ്രശ്നങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ അധികമായാൽ ചിന്തകളുടെയും പ്രവൃത്തികളുടെയും താളം നഷ്ടപ്പെടും. ദീർഘകാലം പ്രമേഹത്തെ അവഗണിച്ചവർക്ക് അതിന്റെ പാർശ്വഫലമായി തന്നെ മസ്തിഷ്കത്തിലെ രക്തധമനികളിൽ മാറ്റങ്ങൾ സംഭവിക്കും. മറിച്ചു പഞ്ചസാര കുറഞ്ഞ അളവിൽ ദീർഘനേരം നിലനിന്നാൽ ഒരു മാനസികരോഗിയെപ്പോലെ പ്രമേഹരോഗി െപരുമാറിയെന്നുവരും. പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോയാൽ മരണം വരെ സംഭവിക്കാം എന്നതു ശരിയാണ്. പക്ഷേ, അതിനിടയ്ക്കുള്ള അവസ്ഥയാണു മാനസികരോഗിയാണ് എന്നു സംശയിക്കുന്നവിധം ആയിത്തീരുക എന്നത്. ഇത്തരം അവസ്ഥാവിശേഷങ്ങൾ ഒഴിവാക്കുവാനായിട്ടാണ് ആധുനിക പ്രമേഹചികിത്സാ മാനദണ്ഡങ്ങൾപ്രകാരം ഒാേരാ േരാഗിക്കും അവരുടെ പ്രത്യേകതകൾ മാനിച്ച് ഒൗഷധങ്ങൾ നല്‍കുന്നത്.

മനസ്സിനെ ഒരുക്കാം

ദീർഘനാൾ നിലനിൽക്കുന്ന മാനസിക പിരിമുറുക്കം പ്രമേഹത്തെ ഗുരുതരമാക്കുന്നതുപോലെ മാനസികാരോഗ്യവും സന്തുഷ്ടജീവിതവും രോഗചികിത്സയെ സമ്പൂർണവിജയത്തിലെത്തിക്കുന്നുവെന്നതിൽ സംശയമില്ല. ഒരു പ്രമേഹരോഗി, ചികിത്സ പൂർണമായും വിജയത്തിലെത്തിക്കാൻ തന്റെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. രോഗത്തെ പൂർണമായും ഉൾക്കൊണ്ടുകഴിഞ്ഞാൽ വിശ്വാസത്തോടെ ചികിത്സ തുടരുക. പിരിമുറുക്കവും മാനസിക സമ്മർദവുമുൾപ്പെടെയുള്ള മാനസിക വ്യാപാരങ്ങൾ തന്റെ പ്രമേഹനില വഷളാക്കുമെന്നറിയാവുന്നതിനാൽ ബോധപൂർവം അത്തരം സാഹചര്യങ്ങളിൽ ശ്രദ്ധയോടെ പ്രതികരിക്കുക. രോഗിയാണ് എന്നതു വിഷാദമുണ്ടാക്കേണ്ട കാര്യമല്ല എന്നു തിരിച്ചറിഞ്ഞ്, ശരിയായ ചികിത്സ തുടരുന്നതിൽ ആഹ്ലാദിക്കുക. ഓരോ തവണ പരിശോധനയിലും അളവുകൾ കൃത്യതയോടെ നിലനിൽക്കുന്നതു കണ്ടാൽ സ്വയം അഭിനന്ദിക്കാനും മറക്കേണ്ട.

വിവരങ്ങൾക്കു കടപ്പാട് :

േഡാ. ആർ. വി. ജയകുമാർ

സീനിയർ കൺസൽറ്റന്റ്

എൻഡോക്രൈനോളജിസ്‌റ്റ്,

ആസ്‌റ്റർ മെഡ്‌സിറ്റി, കൊച്ചി.

ഡോ. ചാന്ദ്നി ആർ.

പ്രഫസർ, മെഡിസിൻ വിഭാഗം

ഗവ. മെഡിക്കൽ കോളജ്,

കോഴിക്കോട്