അതിരാവിലെ ഭർത്താവിനെ എഴുന്നേൽപ്പിച്ചു നടക്കാൻ വിട്ടിട്ടു മൂടിപ്പുതച്ചുറങ്ങുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ സ്ത്രീകളും പുരുഷന്മാരോടൊപ്പം നടക്കാനും ജോഗിങ്ങിനുമൊക്കെ പോകുന്നുണ്ട്.
പുരുഷന്മാർക്കു മസിലുകൾ പെരുപ്പിച്ച് നടക്കാനുള്ള ജിംനേഷ്യങ്ങളിൽ നിന്നു പ്രായഭേദമെന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഫിറ്റ്നസ് ഉറപ്പാക്കാൻ പറ്റുന്ന ഫിറ്റ്നസ് സെന്ററുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എല്ലാവർക്കും ഒരേ തരത്തിലുള്ള വ്യായാമം ചെയ്യാനാവുകയില്ല.
ഓരോരുത്തരുടെയും ശാരീരികസ്ഥിതിയും പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തു വേണം വർക്ക്ഔട്ട് പ്ലാൻ ചെയ്യാൻ. ഇതിനായി പരിചയസമ്പന്നനായ ഫിറ്റ്നസ് ട്രെയിനറുടെ നിർദേശം തേടണം.
ആവശ്യകത കൂടുതൽ സ്ത്രീകൾക്ക്
പൊണ്ണത്തടിക്കുള്ള സാധ്യത സ്ത്രീകൾക്കാണ് കൂടുതൽ.കാരണം കുട്ടികളും മറ്റു കുടുംബാംഗങ്ങളും മിച്ചം വയ്ക്കുന്ന ഭക്ഷണം കഴിക്കാൻ നിർബന്ധിതരാകുന്നത് സ്ത്രീകളാണല്ലോ. കൂടാതെ വ്യായാമമില്ലായ്മ, പ്രസവരക്ഷയ്ക്കായി കഴിക്കുന്ന അമിതമായി നെയ്യടങ്ങിയ ഭക്ഷണം, നേരത്തെ ഭക്ഷണനിയന്ത്രണം പാലിച്ചിരുന്നവർ തന്നെ വിവാഹശേഷം അത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്, ആർത്തവവിരാമത്തിനു ശേഷമുള്ള ശാരീരികമാറ്റങ്ങൾ തുടങ്ങിയവയൊക്കെ സ്ത്രീകളിലെ അമിതവണ്ണത്തിനു കാരണമാകാം.
പൊണ്ണത്തടി പിന്നീട് പ്രമേഹം, ഹൈപ്പർ ടെൻഷൻ, നടുവേദന, കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്കു വഴിയൊരുക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി 30 വയസ്സ് കഴിയുമ്പോൾ തന്നെ കൃത്യമായി വ്യായാമം ചെയ്തു തുടങ്ങണം.
ഹൃദ്രോഗം, രക്താതിമർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ വ്യായാമങ്ങൾ ചിട്ടപ്പെടുത്താവൂ.
ശരീരസൗന്ദര്യം കുറയുമോ ?
ആണുങ്ങളെപ്പോലെ ഉറച്ച മസിലുകളുള്ള പെണ്ണുങ്ങളെ റെസലിങ് മത്സരങ്ങളിലും മറ്റും കാണാം. അതുപോലെയായിത്തീരുമെന്ന് പേടിച്ചു വ്യായാമം ചെയ്യാത്തവരുണ്ട്. എന്നാൽ വ്യായാമം സ്ത്രീ ശരീരത്തിന്റെ മാർദവം നഷ്ടപ്പെടുത്തുന്നില്ല. മറിച്ച് വർക്ക്‌ഔട്ട് ചെയ്യുമ്പോൾ അയഞ്ഞ പേശികൾക്ക് ആവശ്യമായ മുറുക്കം ലഭിക്കുകയും ആരോഗ്യകരവും ആകർഷകവുമായ മൃദുത്വം ഉണ്ടാകുകയുമാണ് ചെയ്യുന്നത്.
പുരുഷ ഹോർമോണായ ആൻഡ്രജനുകളുടെ പ്രവർത്തനം മൂലമാണ് ആണുങ്ങൾക്ക് ഉറച്ച വലിപ്പമുള്ള മസിലുകളുണ്ടാകുന്നത്. മറിച്ച് സ്ത്രീ ഹോർമോണായ ഈസ്ട്രജൻ മസിലുകൾ വലുതോ ദൃഢമോ ആക്കുകയില്ല. അതുകൊണ്ട് വർക്ക്ഒൗട്ട് ചെയ്യുന്നതുകൊണ്ട് സ്ത്രീകളുടെ സൗന്ദര്യമോ രൂപഭംഗിയോ കുറയുകയില്ല.
വ്യായാമം ചെയ്യാൻ സമയമില്ല
വീട്ടിലെ ജോലികൾക്കു പുറമെ മറ്റു ജോലികൾ കൂടി ഉള്ള സ്ത്രീകളുടെ സ്ഥിരം പരാതിയാണ് സമയക്കുറവ്. എന്നാൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം അര മണിക്കൂർ വീതം മാറ്റിവച്ചാൽ മാത്രം മതി ഫിറ്റ്നസ് ഉണ്ടാക്കാം. തന്നെയുമല്ല എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ലൈഫ്സ്റ്റൈൽ രോഗങ്ങളെ പടിക്കു പുറത്തുനിർത്താനും കഴിയും.
വീട്ടിൽ തന്നെ ട്രെഡ് മില്ലും എക്സർസൈസ് സൈക്കിളും ഡംബൽസുമെല്ലാം സംഘടിപ്പിച്ച് ഒരു ചെറിയ ഫിറ്റ്നസ് സെന്റർ സജ്ജീകരിക്കാം. ഫിറ്റ്നസ് ട്രെയിനിങ്ങിനെക്കുറിച്ച് കൃത്യമായ ധാരണ നേടിയിരിക്കണം.