Wednesday 17 January 2018 10:09 AM IST : By സ്വന്തം ലേഖകൻ

ഫോണ്‍ സെക്സിന് അടിമയാകുമോ? അറിയാം

sex_life

വായനക്കാരുെട 15 ലൈംഗിക സംശയങ്ങൾക്ക് െസക്േസാളജിസ്റ്റ് മറുപടി പറയുന്നു ഡോക്ടർ എനിക്ക്...

ലൈംഗികസംശയങ്ങൾ തുറന്നുപറയാൻ മടിച്ച് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി മുഖം കുനിച്ചിരുന്ന കാലമുണ്ടായിരുന്നു. പനി വന്നാൽ മരുന്ന് വാങ്ങുന്ന ലാഘവത്തിൽ സെക്സോളജിസ്റ്റിനെ കാണുകയും കുഴപ്പങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് പോലും തുറന്ന് പറയുകയും ചെയ്യുന്നവരാണിേപ്പാള്‍ മിക്കവരും. കുഴപ്പങ്ങളും കുറവുകളും മനസ്സിനുള്ളിൽ‍ കുഴിച്ചിട്ട് നീറിപ്പുകഞ്ഞ് തീർക്കാനുള്ളതല്ല ജീവിതം. അടിമുടി പയറ്റിത്തെളിഞ്ഞ് ആഘോഷിക്കാനുള്ളതാണ് ഒാരോ നിമിഷവും. അത് കിടപ്പുമുറിയിലായാലും. ഇൗ തിരിച്ചറിവാണ് പുതിയ തലമുറയെ നയിക്കുന്നത്.

ഇനി സംശയങ്ങളുടെയും ധാരണകളുടെയും ചെപ്പ് തുറന്നാലോ? ഇടുക്കി ഡാം തുറന്നുവിട്ടതു പോലുള്ള കുത്തൊഴുക്കായിരിക്കും അത്! കൺപോളയിലെ നിറംമാറ്റം മുതൽ അവയവങ്ങളുടെ വളവും തിരിവും പോലും സംശയ നിഴലിലാണ്. അതിനാകട്ടെ തലമുറ പ്രായ വ്യത്യാസങ്ങളുമില്ല താനും. ആണുങ്ങൾക്കാണ് പെണ്ണുങ്ങളെക്കാൾ ലൈംഗിക സംശയങ്ങൾ കൂടുതൽ. സംശയങ്ങളിൽ പലതും വെറും ‘ഗ്യാസ്’ മാത്രമാകാനാണ് സാധ്യതയെന്നാണ് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സ് തെറപ്പിസ്റ്റ് ഡോ. കെ. പ്രമോദിന്റെ വിലയിരുത്തൽ (ഡോ. പ്രേമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്. ഇടപ്പള്ളി, കൊച്ചി.)

വിവാഹത്തിന് മുമ്പ് ഫോൺ സെക്സിൽ ഏർപ്പെടുമായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ ശേഷവും അത് തുടരുന്നു. നേരിട്ടുള്ള ലൈംഗിക ബന്ധത്തെക്കാൾ ഫോണിലൂടെയുള്ള ലൈംഗിക സുഖമാണ് എനിക്ക് ആസ്വദിക്കാൻ കഴിയുന്നത്. ഇതൊരു മാനസിക പ്രശ്നമാണോ?

തമാശയ്ക്ക് തുടങ്ങി പിന്നീടത് സ്ഥിരമാക്കുന്നത് നിങ്ങൾ അതിൽ അടിമപ്പെട്ടു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. പങ്കാളി കൂടെയില്ലാതെ താമസിക്കുമ്പോൾ ലൈംഗിക സംതൃപ്തിക്ക് മറ്റ് മാർഗങ്ങളില്ലാതെ ഇൗ മാർഗം സ്വീകരിക്കുന്നവരുണ്ട്. എന്നാൽ നേരിട്ടുള്ള ലൈംഗിക വേഴ്ചയ്ക്ക് സാഹചര്യമുണ്ടായിട്ടും കൂടുതൽ സുഖത്തിനായി നടത്തുന്ന ഇത്തരം ഏർപ്പാടുകളെയെല്ലാം തന്നെ വൈകൃതം എന്നു പറയാം. നേരിട്ട് കാണാതെ മറ്റൊരാളുമായി ഉള്ളിലുള്ള കാമനകളെല്ലാം വിളമ്പുന്നത് അത്ര ശൂരത്വമുള്ള കാര്യമല്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അതൊരു ദുർബലന്റെ പ്രകടനം കൂടിയാണ്. നേരിട്ടുള്ള പ്രകടനത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അതൊക്കെ ധൈര്യപൂർവം നീക്കം ചെയ്യൂ. എന്നിട്ട് പങ്കാളിയുമൊത്തുള്ള വേഴ്ചകൾ ആസ്വദിച്ച് ഇത്തരം വൈകൃതങ്ങളിൽ നിന്ന് മോചനം നേടിക്കോളൂ. ഒട്ടും പറ്റുന്നില്ലെങ്കിൽ ഒരു കൗൺസിലറുടെ ഉപദേശങ്ങൾ തേടുന്നത് ഉചിതം.

ഞാനൊരു ഗവ. ഉദ്യോഗസ്ഥനാണ്. വയസ്സ് 28. സ്വപ്നസ്ഖലനം ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് വിവാഹാലോചനകളിൽ നിന്ന് ഒാരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ്. എന്താണ് പരിഹാരം?

കൗമാരകാലത്ത് പലർക്കും സ്വപ്നസ്ഖലനം ഉണ്ടാകാറുണ്ട്. ലൈംഗിക ചിന്തയുണരുന്ന സ്വപ്നങ്ങളും മറ്റും കാണുമ്പോഴാണ് ഉറക്കത്തിൽ സ്വയമറിയാതെ സ്ഖലനം നടക്കുന്നത്. ലൈംഗിക വിഷയങ്ങളിൽ കൂടുതൽ താല്‍പര്യം കാണിക്കുന്ന കൗമാരകാലത്ത് ഇതൊക്കെ സംഭവിക്കുന്നത് ഒരു സ്വാഭാവിക കാര്യം മാത്രമാണ്.

ഉറങ്ങുമ്പോഴും ഉണരുമ്പോഴുമൊക്കെ ഉള്ളിന്റെയുള്ളിൽ രതികാമനകൾ നിറഞ്ഞുനിൽക്കുന്നത് കൗമാരകാലത്തെ ലൈംഗികവളർച്ചയുടെ സൂചനയാണ്. ഇൗ സമയത്ത് ഉള്ളിലെ ലൈംഗിക വിങ്ങലുകൾ നിങ്ങളുടെ അനുവാദമില്ലാതെ ഒളിച്ച് പുറത്തേക്ക് കടക്കുന്നതായി മാത്രം കരുതിയാൽ മതി.

20 വയസ്സിന് ശേഷവും സ്വപ്നസ്ഖലനം ഉണ്ടാകുന്നത് തുടരാം. സ്വയംഭോഗം ചെയ്യാത്തവരിൽ ഇത് കൂടുതലായി നടക്കാം. വിവാഹം കഴിഞ്ഞ് ലൈംഗിക ബന്ധത്തിൽ സ്ഥിരമായി ഏർപ്പെട്ടു തുടങ്ങുമ്പോൾ സ്വപ്നസ്ഖലനം താനേ ഇല്ലാതായിക്കോളും. വിവാഹശേഷം ഇത് തുടർന്നാലും വിഷമിക്കേണ്ട കാര്യമില്ല. അമിത പ്രാധാന്യം നൽകി ആധി പിടിക്കുകയും വേണ്ട. സ്വപ്നസ്ഖലനം ഒരു തരത്തിലും ലൈംഗികാരോഗ്യത്തെ ബാധിക്കില്ല. കാലക്രമേണ നിങ്ങൾ അറിയാതെ തന്നെ ഇത് നിങ്ങളെ വിട്ടൊഴിഞ്ഞോളും.

സ്വപ്നസ്ഖലനം നിങ്ങളുടെ ദാമ്പത്യജീവിതത്തെ ഒരു തരത്തിലും അലോസരപ്പെടുത്തില്ല. മറിച്ച് സ്വപ്നസ്ഖലനത്തെ പഴിച്ച് വിവാഹം കഴിക്കാതെ എല്ലാം ഉള്ളിന്റെയുള്ളിൽ മൂടി വച്ചാലോ, സ്വപ്നസ്ഖലനം അതിന്റെ ജോലി തുടർന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് ഇത് മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം എത്രയും പെട്ടെന്ന് നല്ലൊരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നത് തന്നെയാണ്.

ബിരുദ വിദ്യാർഥിയാണ്. സ്വയംഭോഗം ഒഴിവാക്കാൻ പറ്റുന്നില്ല. സ്ഥിരമായി സ്വയംഭോഗം ചെയ്യുന്നത് ഭാവിയിൽ പ്രശ്നമാകുമോ?

സ്വയംഭോഗം ചെയ്യാനുള്ള തോന്നൽ ആൺ വളർച്ചയുടെ ലക്ഷണമായി കരുതിയാൽ മതി. വളർച്ചയുടെ ഒാരോ ഘട്ടത്തിലും ഉള്ളിലുണ്ടാകുന്ന ലൈംഗിക അഭിനിവേശത്തെ സ്വയംഭോഗത്തിലൂടെയാണ് ശമിപ്പിക്കുന്നത്. എന്നാൽ പഠനത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിക്കാതെ പൂർണമായും ഇ തിലേക്ക് തിരിയുന്നത് വിപരീതഫലം ഉണ്ടാക്കും.

സ്വയംഭോഗം ചെയ്യുമ്പോൾ ആണുങ്ങൾ എത്രയും പെട്ടെന്ന് സ്ഖലനം നടത്താനുള്ള ശ്രമങ്ങൾ നടത്തും.

പലർക്കും എത്രയും വേഗം സ്ഖലനം നടത്താനുള്ള ഏർപ്പാട് മാത്രമാണ് സ്വയംഭോഗം. പെട്ടെന്ന് സ്ഖലിച്ച ശേഷവും ലൈംഗികാസക്തി അടങ്ങിയില്ലെങ്കിൽ കുറച്ചു നേരം കാത്തിരുന്ന ശേഷം വീണ്ടും ചെയ്യും. ഉടനടി സുഖം കിട്ടാനുള്ള ശ്രമം ഭാവിയിൽ ശീഘ്രസ്ഖലനത്തിനും മറ്റും ഇടയാക്കും. അതുകൊണ്ട് സ്വയംഭോഗം ശീലമാക്കിയവർ ‘ഗിയർ ഒന്ന് മാറ്റിപ്പിടിച്ച് കുറച്ച് സ്ലോ’ ആകുന്നതാണ് നല്ലത്.

സ്വയംഭോഗത്തിൽ സ്ഖലനം നടക്കാനുള്ള നിശ്ചിത സമയം ആണ് വേണ്ടിവരുന്നത്. എന്നാൽ യഥാർഥ ബന്ധപ്പെടലിൽ പൂർവലീലകൾക്കും മറ്റും ഏറെ സമയം വേണ്ടിവരും. സ്വയംഭോഗത്തിലൂടെ നിശ്ചിത സമയം സെറ്റ് ചെയ്തിരിക്കുന്നവർക്ക് ഇത് വലിയ പ്രശ്നമായി മാറും. പൂർവ ലീലകൾക്ക് ശേഷം ബന്ധപ്പെടലിലേക്ക് കടക്കുമ്പോൾ തന്നെ സ്ഖലനം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

അവിവാഹിതനാണ്. ലൈംഗിക സുഖം നേടാൻ സെക്സ് ടോയ്സ് സഹായിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അവ ഉപയോഗിക്കുന്നത് ദോഷകരമാണോ?

കളിപ്പാട്ടങ്ങൾക്ക് സെക്സിൽ യഥാർഥത്തിൽ വലിയ റോളൊന്നുമില്ല. വികാരങ്ങളെ ഉണർത്തി അജ്ഞതയെ മുതലെടുത്തുള്ള കച്ചവട തന്ത്രം മാത്രമാണത്. മാത്രമല്ല, സെക്സ് ടോയ്സ് നമ്മുടെ നാട്ടിൽ നിയമവിധേയവുമല്ല. മനസ്സിന്റെ ഭാവനകൾ ചിറക് വിരിച്ച് പറക്കുമ്പോൾ എന്തിനാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ. ലൈംഗിക ആരോ ഗ്യം നേടി നല്ല ലൈംഗിക ജീവിതം നയിക്കാൻ യാതൊരു ചെലവുമില്ലാത്തപ്പോള്‍ എന്തിനാണ് വെറുതെ ഇല്ലാത്ത സുഖം കിട്ടാൻ പണം മുടക്കുന്നത്. നല്ല ജീവിത ചര്യയിലൂടെ മികച്ച ആരോഗ്യം നേടുക. നിങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് അത് മാത്രമേ ആവശ്യമുള്ളൂ. പിന്നെ, ഇത്തരം കളിപ്പാട്ടങ്ങളുടെ ഉപയോഗം പല അപകടങ്ങൾക്കും വഴി വച്ചേക്കാം. അതുകൊണ്ട് കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങലല്ലേ ഇത്?

sex03

സിവിൽ എൻജിനിയറാണ് ഞാൻ. 29 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം ആയി. ശീഘ്രസ്ഖലനം കാരണം ലൈംഗിക സംതൃപ്തി കിട്ടുന്നില്ല.

വിവാഹശേഷം പൂർണമായ രീതിയിലുള്ള ലൈംഗികബന്ധത്തിൽ എത്താൻ ചിലരിൽ മൂന്നോ നാലോ മാസമൊക്കെ വേണ്ടി വന്നേക്കാം. ടെൻഷനടിക്കാതെ പടിപടിയായി പൂർണതയിലെത്താൻ നോക്കണം. ഭാര്യയേയും ഇതു പറഞ്ഞ് മനസ്സിലാക്കിക്കണം. ഒരു മിനിറ്റ് നേരം ബന്ധപ്പെടാൻ സാധിച്ചാൽ ശീഖ്രസ്ഖലനമായി കാണേണ്ടതില്ല. നിരാശ വെടിഞ്ഞ് പൊസിറ്റീവായി സെക്സിനെ സമീപിച്ച് നോക്കൂ. സെക്സിനോടുള്ള അമിതമായ ഉത്കണ്ഠ, പങ്കാളിയെ സംതൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന പേടി തുടങ്ങിയ സമ്മർദങ്ങൾ സ്വാഭാവിക സെക്സിൽ നിന്നും മനസ്സിനെ പിന്നോട്ടടിക്കും.

സുഹൃത്തുക്കളും മറ്റും വച്ച് കാച്ചുന്ന വമ്പൻ ‘വീരഗാഥ’കൾക്കും ചെവി കൊടുക്കേണ്ടതില്ല. ടെൻഷനില്ലാത്ത മനസ്സുമായി കൂൾ കൂളായി പങ്കാളിയെ സമീപിക്കുക. സ്ഖലനം നടക്കാൻ പോകുന്നു എന്നു തോന്നിയാൽ ഒരു ചെറിയ ബ്രേക്ക് എടുത്തോളൂ. ക്രമേണ സമയം നീട്ടിനീട്ടിയെടുത്ത് ശീഘ്രസ്ഖലനത്തിന് തട കെട്ടാം. ഇതെല്ലാം കഴിഞ്ഞിട്ടും ശീഘ്രസ്ഖലനത്തെ പിടിച്ചുകെട്ടാൻ പറ്റിയില്ലെങ്കിൽ മടിക്കാതെ ഒരു സെക്സോളജിസ്റ്റിനെ കാണണം. വളരെ ലളിതമായ ഇടപെടൽ കൊണ്ട് ഇത് മറികടക്കാം.

വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമായി. ഒരു കുട്ടിയുമുണ്ട്. ലിംഗത്തിന്റെ വലുപ്പക്കുറവ് വല്ലാതെ അലട്ടുന്നു. പലപ്പോഴും ഭാര്യയുടെ മുന്നിൽ അപകർഷതയുണ്ടാകുന്നു.

ലിംഗത്തിന്റെ വലുപ്പത്തിന് ലൈംഗികതയിൽ വലിയ പ്രാധാന്യമൊന്നുമില്ല. ആത്മ വിശ്വാസത്തിന്റെ കരുത്തും വലുപ്പവുമാണ് ലൈംഗികതയിൽ മാറ്റുരയ്ക്കുന്നത്. ഉദ്ധരിക്കാത്ത അവസ്ഥയിൽ 4.5 സെ.മീ മുതൽ 13 സെ. മീ. വരെയും (ശരാശരി 8 സെ.മീ.) ഉദ്ധരിച്ച ശേഷം 10 മുതൽ 17 സെ.മീ വരെയുമാണ് (ശരാശരി 13 സെ.മീ.) ലിംഗത്തിന്റെ ശരാശരി നീളമെന്ന് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത്. ലിംഗത്തിന്റെ വലുപ്പം കൂടി എന്നു കരുതി പങ്കാളിക്ക് സുഖം കൂടണമെന്നില്ല. കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. വിദേശ പോൺ വീഡിയോകൾ കാണുന്നത് മൂലം ധാരാളം തെറ്റിധാരണകൾ ഉണ്ടാകാറുണ്ട്. ഇതിനായി പ്രത്യേകം പ്രൊഫഷനലുകളെക്കൊണ്ടാണ് അവയിൽ പലതും നിർമ്മിക്കുന്നത്.

പണമുണ്ടാക്കാനായി നടത്തുന്ന നിയമവിരുദ്ധ പരിപാടി. അതിെന ശാസ്ത്രീയ മാതൃകയായി കാണേണ്ടതില്ല. പങ്കാളിക്ക് ലൈംഗികസുഖം കുറയുന്നു എന്ന തോന്നലുണ്ടെങ്കിൽ അത് മറികടക്കാനുള്ള മറ്റ് പോംവഴികൾ കണ്ടെത്തിക്കോളൂ. ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ചോർത്തുള്ള വിഷമങ്ങളോട് വിടപറഞ്ഞോളൂ. പ്രശ്നം അവിടം കൊണ്ട് തീരുന്നില്ലെങ്കിൽ പങ്കാളിയേയും കൂട്ടി വിദഗ്ധ സെക്സോളജിസ്റ്റിനെ കണ്ട് കൗൺസലിങ് നടത്താം.

എനിക്ക് 24 വയസ്സായി. സ്തനങ്ങൾക്ക് അമിതവലുപ്പമുണ്ട്. കൂട്ടുകാരൊക്കെ പെണ്ണെന്ന് വിളിച്ചു

കളിയാക്കാറുണ്ട്. എന്താണ് പരിഹാരം?

തടിയുള്ള പ്രകൃതക്കാരിൽ സ്തനങ്ങൾക്ക് വലുപ്പം കൂടി കാണാറുണ്ട്. കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ഒരു പരിധിവരെ ഇതു കുറയ്ക്കാം. കാഴ്ചയിൽ ഉണ്ടാകുന്ന അഭംഗിയേക്കാൾ ഇത് നിങ്ങളുടെ പുരുഷത്വത്തെ ബാധിക്കുന്ന സൂചകമല്ല. ഹോർമോൺ പ്രശ്നങ്ങൾ മൂലവും ഇങ്ങനെ കാണാറുണ്ട്. സാധാരണയിലും കൂടുതൽ വലുപ്പമാണെങ്കിൽ വിദഗ്ധ പ്ലാസ്റ്റിക് സർജന്‍റെ നിര്‍േദശം സ്വീകരിക്കുക.

ഞാന്‍ ഗൾഫിലായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷത്തിന് േശഷവും ലൈംഗിക ബന്ധം നടന്നിട്ടില്ല. ഇപ്പോൾ നാല് മാസമായി നാട്ടിൽ വന്ന് ഭാര്യയുമൊത്ത് കഴിഞ്ഞിട്ടും ബന്ധപ്പെടാൻ സാധിക്കുന്നില്ല. എന്താണ് േപാംവഴി?

ആറും ഏഴും വർഷം കഴിഞ്ഞിട്ടും ലൈംഗികമായി ബന്ധപ്പെടാത്ത ദമ്പതികളുണ്ട്. ഒരു സെക്സോളജിസ്റ്റിനെ കണ്ട് ശരിയായ കാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പങ്കാളിക്ക് ലൈംഗികതയോടുള്ള പേടിയാണ് ഇത്തരം കേസുകളിൽ കൂടുതലായും കാണുന്നത്. ഇത് ലൈംഗിക ബന്ധത്തിൽ നിന്ന് ആദ്യം മനസ്സിനെ പിൻവലിക്കും. പിന്നീട് ശരീരത്തെയും. മനസ്സ് മടത്തു തിരിച്ചുപോന്നാൽ തന്നെ കാര്യങ്ങളെല്ലാം തകിടം മറിയും. പങ്കാളിയുടെ താൽപര്യമില്ലായ്മ ഉദ്ധാരണം ഇല്ലാതാക്കുകയും ഇരുഭാഗത്ത് നിന്നും സുല്ലിട്ട് കളം പിരിയുന്ന അവസ്ഥയുണ്ടാക്കും. ഇത് കിടക്കയിൽ സമ്പൂർണ സെക്സ് നിരോ ധനത്തിലേക്കും നയിക്കും.

സ്നേഹപൂർണമായ ഇടപെടലിലൂടെയും തമാശയിലൂടെയുമൊക്കെ പങ്കാളിയുെട മനസ്സ് കീഴടക്കി കാര്യം നടത്താൻ നോക്കാം. കുറച്ച് ക്ഷമ കാണിക്കണമെന്ന് മാത്രം. എന്നിട്ടും രക്ഷയില്ലെങ്കിൽ ഡോക്ടറെ സമീപിക്കാൻ വൈകേണ്ട. ഇത്തരക്കാരെ അഡ്മിറ്റ് ചെയ്തുള്ള അത്യാധുനിക ചികിത്സാരീതികൾ വരെയുണ്ട്. വർഷങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പിന് ഒറ്റത്തവണ ട്രീറ്റ്മെന്റ് കൊണ്ട് തന്നെ വിരാമമിടാം.

sex02

പങ്കാളി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നതിന്റെ ശരിയായ കാരണം കണ്ടെത്തണം. പേടി മൂലമാണെങ്കിൽ ആ പേടിയുടെ ഉറവിടം തേടിപ്പിടിക്കണം. അതങ്ങ് ഇല്ലാതാക്കിയാൽ വർഷങ്ങളുടെ കാത്തിരിപ്പ് ഒറ്റ നിമിഷം കൊണ്ട് തീർക്കാവുന്നതേയുള്ളൂ.

വർഷങ്ങൾ നീണ്ട സമ്പൂർണ ‘സെക്സ് നിരോധന’ പ്രശ്നവുമായി വന്ന ദമ്പതിമാരുടെ അനുഭവം കേട്ടോളൂ. പങ്കാളി ലൈംഗിക വേഴ്ചയ്ക്ക് തയാറാകാത്തതിൽ ആ ഭർത്താവ് കടുത്ത നിരാശയിലായിരുന്നു. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നു പറഞ്ഞു. രണ്ടുപേർക്കും എടുത്തു പറയാവുന്ന പ്രശ്നങ്ങളൊന്നുമില്ല. കാഴ്ചയിലും സുമുഖർ. അവരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ചു. ഭർത്താവിന്റെ വായ്നാറ്റമാണ് പ്രശ്നം. അതു തുറന്ന് പറയാൻ തയാറാകാഞ്ഞതിലൂടെ ആയുസ്സിന്റെ എത്രയെത്ര സുന്ദര സുരഭില നിമിഷങ്ങളാണ് ഇൗ ഭൂമിയിൽ അവർ പാഴാക്കിയത്. തിരിച്ചുപോകും വഴി ഒരു ഡെന്റിസ്റ്റിനെ നിർബന്ധമായും കാണാൻ ഉപദേശിച്ച് അവരെ യാത്രയാക്കി. തൊട്ടടുത്ത രാവിലെ തന്നെ മൊബൈലിൽ അയാളുടെ മെസേജ്, ‘താങ്ക് യൂ ഡോക്ടർ!’ എന്ന്.

പരസ്പരം മനസ്സ് തുറന്ന് ഉള്ളിലൂള്ള കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കുക. തുറന്ന് പറയുന്നത് പോലെ തന്നെ പങ്കാളി പറയുന്നത് ക്ഷമയോടെ കേൾക്കാനും ഉൾക്കൊള്ളാനുമുള്ള മനസ്സും കാണിക്കണം. കാരണം കിടക്കയിലെ ‘കപ്പ്’ നേടാനുള്ള ഏറ്റവും നല്ല ഗെയിം പ്ളാൻ വിട്ടുവീഴ്ച തന്നെയാണ്. ഇതെല്ലാം കഴിഞ്ഞിട്ടും പങ്കാളി പിടി തരുന്നില്ലെങ്കിൽ പിന്നെ കാത്തിരിക്കേണ്ട, വിദഗ്ധ സെക്സ് തെറപ്പിസ്റ്റിനെ കണ്ടോളൂ. വലിയ മഞ്ഞുമലയും അലിയിച്ച് ഇല്ലാതാക്കാൻ സെക്സ് തെറപ്പിക്ക് സാധിക്കും.

ഞാന്‍ 29 വയസ്സുള്ള അഭിഭാഷകനാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു. ലിംഗത്തിന്റെ വലുപ്പവും ഭംഗിയും കൂട്ടാനുള്ള പരസ്യങ്ങൾ കാണാറുണ്ട്. പരീക്ഷിച്ച് നോക്കുന്നതിൽ തെറ്റുണ്ടോ?

ലൈംഗികവിജയത്തിന് ലിംഗത്തിന്റെ വലുപ്പം കൂട്ടേണ്ട യാതൊരു കാര്യവുമില്ല. ലിംഗത്തിന്റെ വലുപ്പം ഇരട്ടിയാക്കാം തുടങ്ങിയ തട്ടിപ്പുകളിലും പ്രലോഭനങ്ങളിലും വീഴാതിരിക്കുന്നതാണ് ബുദ്ധി. വൃത്തിയും വെടിപ്പുമുള്ള ജീവിതശൈലിയിലൂടെ ആരോഗ്യവാനായി ഇരിക്കുക. പങ്കാളിയുമായി എല്ലാ കാര്യത്തിലും മനസ്സ് തുറന്ന് ഇടപെടുക. കിടപ്പറയിലും അതിന്റെ ഗുണങ്ങളുണ്ടാകും. പിന്നെ ലിംഗത്തിന് വലിപ്പം കൂടിയതു കൊണ്ട് ലൈംഗികസുഖം കൂടണമെന്നില്ല. ചിലപ്പോൾ ബന്ധപ്പെടുന്ന സമയത്ത് പങ്കാളിക്ക് വേദനയുണ്ടാവുകയും എല്ലാം തകിടംമറിയാനും സാധ്യതയുണ്ട്.

ഞാൻ മെഡിക്കൽ എക്സിക്യുട്ടീവാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ ഭയം കാരണം അവിവാഹിതനായി കഴിയുകയാണ്. പ്രായം 35 കഴിഞ്ഞു.

ലൈംഗികതയെ ആണും പെണ്ണും തമ്മിലുള്ള ഗുസ്തി മത്സരമായി കാണേണ്ടതില്ല. മാനസികമായി പരസ്പരം തോന്നുന്ന സ്നേഹം പങ്കുവയ്ക്കലാണത്. ‘ഞാൻ ഇന്നലെ അങ്ങനെ ചെയ്തു... ഇങ്ങനെ ചെയ്തു...’ തുടങ്ങി സുഹൃത്തുക്കളും മറ്റും വിളമ്പുന്ന കിടപ്പറ വിശേഷങ്ങളെ അവഗണിച്ചേക്കുക. ഇത്തരം കഥകൾ കേൾക്കുമ്പോൾ, ഇതുപൊലൊക്കെ തനിക്ക് ചെയ്യാൻ പറ്റില്ലല്ലോ എന്ന തോന്നലുണ്ടാകാൻ ഇടയാകും. ഒാരോ രുത്തർക്കും അവരുടെ സ്വന്തം ലൈംഗിക ജീവിതമാണുള്ളത്. മനസ്സിന് ഇണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്തി മടിച്ചു നിൽക്കാതെ എത്രയും പെട്ടെന്ന് ദാമ്പത്യജീവിതത്തിലേക്ക് കച്ച മുറുക്കിക്കോളൂ. വിവാഹ ശേഷം ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തന്നെ വൈദ്യശാസ്ത്രത്തിന് അവയിൽ പലതും ഒരു പൂവിറുക്കുന്ന ലാഘവത്തിൽ മറികടക്കാനും സാധിക്കും.

ഞാന്‍ 28 വയസ്സുള്ള ആളാണ്. ജിമ്മിൽ സ്ഥിരമായി പോകുന്നുണ്ട്. ഇത് ലൈംഗിക ശേഷി കൂട്ടുമോ?

മസിലിന്റെ വലുപ്പവും ലൈംഗികാരോഗ്യവുമായി നേരിട്ട് ബ ന്ധമില്ല. എന്നാൽ നല്ല ലൈംഗിക ജീവിതത്തിന് ആരോഗ്യമുള്ള മനസ്സും ശരീരവും അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കിടക്കയിലെ പ്രധാന വില്ലനാണ്. കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം പരിപാലിക്കുന്നത് സെക്സ് അതിന്റെ പൂർണമായ തലത്തിൽ ആസ്വദിക്കാൻ സഹായിക്കും. മസിൽ പെരുക്കാൻ ഉപയോഗിക്കുന്ന മരുന്നു പ്രയോഗം ഉദ്ധാരണക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും.

റിട്ടയേർഡ് ഗവ. ഉദ്യോഗസ്ഥനാണ് ഞാൻ. ലൈം ഗിക ശക്തി കൂട്ടാൻ മരുന്നുകൾ ഉപയോഗിച്ചാ ല്‍ എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ?

ഉദ്ധാരണക്കുറവിന് ചികിത്സ തേടി സെക്സോളജസ്റ്റിനെ സമീപിക്കുന്ന ആൾക്ക് ഇത്തരം മരുന്നുകൾ നിർദേശിക്കാറുണ്ട്. എന്നാൽ ഉദ്ധാരണ പ്രശ്നമില്ലാത്തവർ അതിന് മുതിരാതെ പ്രായത്തിനനുസരിച്ച് സ്വാഭാവിക സെക്സ് ആസ്വദിക്കുന്നതാണ് നല്ലത്. മാത്രമല്ല, ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ഇത്തരം മരുന്നുകൾ യാതൊരു കാരണവശാലും പരീക്ഷിക്കരുത്. ഹൃദ്രോഗ സാധ്യതയുള്ളവർ ഇത് ഉപയോഗിക്കുന്നത് വളരെ അപകടകരവുമാണ്.

ഉദ്ധാരണക്കുറവിന് ചികിത്സ തേടുന്നവരെ ഹൃദ്രോഗ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. തങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും അറിയുന്നത് തന്നെ ഇതിലൂടെയാവും. ഹൃദയാരോഗ്യവും ഉദ്ധാരണവും തമ്മില്‍ ബന്ധമുണ്ടെന്ന് സാരം.

സെക്സ് ചാറ്റ്, പോൺ വീഡിയോ കാണൽ തുടങ്ങിയവയില്‍ മാനസികമായി ഞാൻ അഡിക്ടാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

1. സ്ഥിരമായി ഇത്തരം കാര്യങ്ങൾക്ക് നിങ്ങൾ ഒരു നിശ്ചിത സമയം മാറ്റി വയ്ക്കാറുണ്ടോ? 2. ഇൗ സമയത്ത് മറ്റ് എന്തൊക്കെ ആവശ്യം വന്നാലും അവയെല്ലാം തന്നെ പൂർണമായും ഒഴിവാക്കാറുണ്ടോ? 3. ഇടയ്ക്ക് ഒരു ദിവസം എന്തെങ്കിലും സംഭവിച്ച് ഇൗ കാര്യം നടന്നില്ല എന്ന് കരുതുക. ഇതിന് തടസ്സം നിന്ന ആളോട് അല്ലെങ്കിൽ സംഭവത്തോട് നിങ്ങൾക്ക് രോഷവും ദേഷ്യവും തോന്നാറുണ്ടോ?

sex04

ഇൗ ചോദ്യങ്ങളിൽ എത്ര ‘യെസ്’ നിങ്ങൾക്ക് ഉത്തരമായി കിട്ടി എന്ന് നോക്കിയാൽ മതി, നിങ്ങൾ ഇതിന് അടിമപ്പെട്ടോ എന്നറിയാൻ. മൂന്ന് യെസ് കിട്ടിയവർ എത്രയും പെട്ടെന്ന് ഇതിനോട് വിടപറയാനുള്ള മാനസിക കരുത്ത് നേടിക്കോളൂ. ഇല്ലെങ്കിൽ നിങ്ങളുടെ ഭാവി ജീവിതത്തെ തന്നെ ഇത്തരം മാനസിക വൈകൃതങ്ങൾ ഇരുളടച്ചേക്കാം.

എല്ലാ ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് പോൺ സൈറ്റുകൾ കാണുന്ന ശീലമുണ്ട്. ഭാര്യ എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട കാര്യമുണ്ടോ?

എല്ലാ ദിവസവും പോൺ വീഡിയോകൾ കാണുന്നുണ്ട് എന്ന് പറഞ്ഞതിലൂടെ നിങ്ങൾ ഇതിൽ കുടുങ്ങിയിരിക്കുകയാണെന്ന് വേണം കരുതാൻ. എല്ലാത്തരം അഡിക്ഷൻ പോലെയും ഇതും സ്വഭാവത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് സ്ഥിരമായി പോൺവീഡിയോ കാണുന്ന ആൾ, യഥാർഥത്തിൽ പങ്കാളിയുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടേണ്ട സമയമാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഇത് ഗുരുതരമായ ദാമ്പത്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പങ്കാളി ആഗ്രഹിക്കുന്ന സമയത്ത് ലൈംഗികകാര്യങ്ങളിൽ ഏർപ്പെടാൻ കഴിയാതെ വരികയും ആ സമയം പോൺ വീഡിയോ കണ്ട് സംതൃപ്തി അടയുകയും ചെയ്യുന്നത് പങ്കാളിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. മാത്രമല്ല, സ്ഥിരമായി വീഡിയോ കണ്ട് ലൈംഗികാനന്ദം കണ്ടെത്തുന്നത് ഒരു ത രം മാനസിക വൈകൃതം കൂടിയാണ്. പങ്കാളിയുമായി നേരിട്ട് ലൈംഗികത ആസ്വദിക്കുക.

എനിക്ക് 45 വയസ്സായി. ഭാര്യ മേജർ സർജറിയെ തുടർന്ന് വിശ്രമത്തിലാണ്. ഇനി പൂർണമായ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയെന്ന് വരില്ല. ഞാനാണെങ്കിൽ ലൈംഗിക ആസക്തി അൽപം കൂടിയ പ്രകൃതവും. ആസക്തി ഇല്ലാതാക്കാൻ എന്തെങ്കിലും മരുന്നുകളുണ്ടോ?

ഉള്ളിലുള്ള ലൈംഗികാസക്തി ഇല്ലാതാക്കാൻ എന്തിന് ശ്രമിക്കണം. അത് വന്നവഴി തന്നെ പൊയ്ക്കോളും. അതിനെ പേടിക്കേണ്ട കാര്യമില്ല. പിന്നെ ലൈംഗികതയ്ക്ക് ഇനിയുള്ള കാലം പ്രാധാന്യം കൊടുക്കുന്നില്ലാണ് തീരുമാനമെങ്കിൽ ആ വഴിയേ നീങ്ങാം. ലൈംഗിക ചിന്തയുണർത്തുന്ന കാര്യങ്ങളുമായി അകലം പാലിച്ചാൽ മതി. അതിനുള്ള മനസ്സിന്റെ ഉറച്ച തീരുമാനമാണ് ഏറ്റവും വലിയ മരുന്ന്. മനസ്സിൽ നിന്ന് ലൈംഗിക ആസ്കതി താനേ ശമിച്ചുകൊള്ളും. അല്ലാതെ അവയെ ഉടനടി ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കേണ്ട കാര്യമില്ല. അതിനായി കുറുക്കുവഴികളും ഇല്ല.