Tuesday 17 December 2024 05:18 PM IST : By സ്വന്തം ലേഖകൻ

വിശപ്പ് നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്ക്കും, പോഷകസമ്പുഷ്ടം; ശീലമാക്കാം ഫ്ലാക്സ് സീഡ്

flax-seeds-for-weight-loss

ഫ്ലാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പുഷ്ടമായ ഒരു ധാന്യമാണ്. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്. നാരുകള്‍ ധാരാളമുള്ള ഫ്ലാക്സ് സീഡ് ഉദരത്തിലെത്തിയാൽ വിഘടിക്കാൻ തുടങ്ങും. തവിട്ട്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാകുന്ന ഫ്ളാക്സ് വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. 

കൊളസ്ട്രോളും രക്തസമർദവും എല്ലാം കുറയ്ക്കാൻ ഇത് നല്ലതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാൻ ഫ്ലാക്സ് സീഡിനു കഴിയുമെന്നു പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്ലാക്സ് സീഡിലെ നാരുകൾ ഉദരത്തിൽ വച്ച് ഫെർമെന്റ് ആവുകയും ഉദരത്തിലെ സൂക്ഷ്മാണുക്കളെ സ്വാധീനിക്കുകയും ചെയ്യും. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യും.

ഫ്ളാക്സ് വിത്തിലെ ഫൈബര്‍ തോത് വിശപ്പ് നിയന്ത്രിക്കുന്നു. ഭാരം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവര്‍ ഇതിനാല്‍ ഫ്ളാക്സ് വിത്തുകള്‍ തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സ്മൂത്തികളിലും സാലഡിലും യോഗര്‍ട്ടിലും ബേക്ക് ചെയ്ത ഭക്ഷണത്തിലും വെജ്, മീറ്റ് പാറ്റികളിലുമെല്ലാം ഫ്ളാക്സ് വിത്തുകള്‍ ചേര്‍ക്കാന്‍ സാധിക്കും. 

ഫ്ളക്സ് സീഡ് ലഡു

കാൽ കപ്പ് ഫളക്സ് സീഡ് ഒരു ചട്ടിയിൽ വറുത്തെടുക്കാം. ചൂടാകുമ്പോൾ ഫ്ളക്സ് സീഡ് പൊട്ടും അപ്പോൾ മാറ്റാം. അതേ ചട്ടിയിൽ ഇത്തിരി ബദാം, കശുവണ്ടി തൊലി കളഞ്ഞ നിലക്കടല, അതും വറുത്തെടുക്കാം. ശേഷം വെളുത്ത എള്ളും വറുത്തെടുക്കണം. എള്ള് ഒഴികെ ബാക്കിയുള്ളവ  മിക്സിയിൽ പൊടിച്ചെടുക്കാം. തരുതരുപ്പായി പൊടിക്കണം. ശേഷം മധുരം വേണമെങ്കിൽ ഇത്തിരി ശർക്കര പാനി തയാറാക്കി പൊടിയിൽ ചേർക്കാം. ആവശ്യത്തിനുള്ള നെയ്യും വറുത്ത എള്ളും ചേർത്ത് നന്നായി യോജിപ്പിച്ച് ഉരുളകളാക്കി എടുക്കാം. ഹെൽത്തി ലഡു റെഡി.  

Tags:
  • Health Tips
  • Glam Up