Thursday 01 December 2022 04:46 PM IST : By സ്വന്തം ലേഖകൻ

‘ഏതോ ഒരു നിമിഷത്തിൽ അവനുണ്ടായ ആഗ്രഹം; ആ അനുഭൂതി കൊണ്ടെത്തിച്ചത് ആത്മഹത്യയില്‍!’; എയ്ഡ്സ് ദിനത്തിൽ കണ്ണൻ സാഗർ പറയുന്നു

kannan-sagar7778

ഇന്ന് ലോക എയ്ഡ്സ് ദിനം, വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മിമിക്രി താരം കണ്ണൻ സാഗർ. ആരുടെയൊക്കെയോ അറിവില്ലായ്മ കൊണ്ട് എയ്ഡ്സ് പിടിപെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ദമ്പതികളെക്കുറിച്ചും ചത്തതുപോലെ ജീവിക്കേണ്ടി വന്ന അവരുടെ രണ്ടു കുട്ടികളുക്കുറിച്ചുമാണ് കണ്ണൻ ഫെയ്സ്ബുക് കുറിപ്പിലൂടെ പറയുന്നത്. 

കണ്ണൻ സാഗർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

‘നാട്ടിലെ തൊഴിൽ കൊണ്ട് സാമ്പാദ്യം ഉണ്ടാക്കുക പ്രയാസം എന്നു കണ്ടാണ് അവൻ ബോംബേയ്ക്ക് വണ്ടി കയറിയത്, മാന്യമായ ചെറിയ ജോലി അവനു ലഭിച്ചു അൽപ്പം പണം സ്വരൂപിക്കാനും കഴിഞ്ഞു,

ഏതോ ഒരു നിമിഷത്തിൽ അവനൊരു പൂതിയുണ്ടായി സ്ട്രീറ്റിൽ പോയി ആരുമറിയാതെ ലൈംഗികമായി ബന്ധപ്പെടണം, കൂട്ടുകാർ പറഞ്ഞുവച്ച അറിവിൽ അവൻ പോയി ആ അനുഭൂതിയെന്തെന്ന് ആസ്വദിച്ചു, പിന്നെ വല്ലപ്പോഴും അവൻ ആ നിർവൃതി നുകരുക പതിവായി...

നാട്ടിൽ അവൻ വന്ന കാലം മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സാധുവായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു, അവന് ആദ്യത്തെ കണ്മണി പിറന്നു.. ഒരു പെൺകുഞ്ഞ്, തിരികേ അവൻ ജോലിസ്ഥലത്തേക്ക്. ഒന്നരവർഷത്തിനു ശേഷം വീണ്ടും നാട്ടിൽ വന്നു. 

കുറച്ചുനാൾ അവന് ഇവിടെ നിൽക്കേണ്ടി വന്നു, കാരണം വിട്ടുവിട്ടുള്ള പനിയും, ശാരീക അസ്വസ്ഥതയും ഊർജ്ജസ്വലത നഷ്ടമാകുന്നു എന്ന തോന്നലുകളും, കൂടിക്കൂടി വന്നുകൊണ്ടിരുന്നു. താത്കാലിക മരുന്നുകൾ കൊണ്ടു പിടിച്ചുനിന്നു. വീണ്ടും അവനൊരു ആൺകുട്ടി പിറന്നു. ഇത് മതിയെന്ന തീരുമാനവും വന്നു.

ദിനങ്ങൾ കഴിയുത്തോറും അവന് ആസ്വസ്ഥതകൾ കൂടി, വിശദമായ പരിശോധന വേണ്ടിവന്നു. ഞെട്ടിക്കുന്ന ആ വിവരം അവനും കുടുംബവും അറിഞ്ഞു. അല്ല ആ നാടു മുഴുവൻ.. പിന്നെ ജില്ല മുഴുവൻ, പിന്നെ കൊച്ചുകേരളം ഞെട്ടി! ഈ കുടുംബത്തിന് "എയ്ഡ്സ് " എന്ന മാരകരോഗം പിടിപ്പെട്ടിരിക്കുന്നു.

അവനും ഒന്നുമറിയാത്ത കുടുംബിനിയായ ഭാര്യയ്ക്കും രോഗം. അവൾ കുഞ്ഞുങ്ങളിൽ സ്വപ്‌നങ്ങൾ പടുത്തുയർത്തിയ ചീട്ടുകൊട്ടാരങ്ങൾ ഇടിഞ്ഞു വീഴുന്നു. അന്നേവരെ ആത്മാർഥമായി സ്നേഹിച്ച മുഖങ്ങൾ വഴിമാറി പോകുന്നു. ആദ്യം അയൽവക്കത്തുക്കാർ വിലക്കി, പിന്നെ പഞ്ചായത്തിലുള്ളവർ, പിന്നീട് അറിയുന്നവർ അറിയുന്നവർ തീണ്ടാപ്പാട് അകലെയായി ഒറ്റപ്പെടുത്തി, ഒറ്റതിരിഞ്ഞ് ആക്രമിച്ചു, ശാരീകമായും മാനസികമായും, കുറ്റപ്പെടുത്തലുകളുടെ ഘോഷയാത്രകൾ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി, പട്ടിണിയായി.

മനുഷ്യസ്നേഹികളായ ആരോഗ്യപ്രവർത്തകരായ സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടവർ പലരും പറ്റിയ തെറ്റുകൾ അറിവില്ലായ്മയിൽ നിന്നും വന്നതാണെന്നും, ലൈംഗികമായോ, പകർന്നുനൽകുന്ന രക്തത്തിലൂടെയോ മാത്രമേ ഈ രോഗം പടരൂ എന്നും ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.

കൊടിയ പാതകമാണ് ഇവനും ഈ കുടുംബവും ചെയ്തതെന്ന് പറഞ്ഞു ഭ്രഷ്ട് കൽപിച്ചു, മാറ്റിനിർത്തി, നികൃഷ്ടജീവികളെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങൾ തല്ലിക്കെടുത്തി, മാനസികമായി തകർന്നു ആ കുടുംബം. പ്രായമായ അവന്റെ അമ്മ ദൂരെ എവിടെയോ കൂലിപ്പണിക്ക് പോയി കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോയി.

ഒരുനാൾ അവനും അവളും ഒരു തീരുമാനത്തിൽ എത്തി ചെയ്തതും കാണിച്ചുകൂട്ടിയതുമായ തെറ്റുകൾ അവൻ അവളുടെ കാലുപിടിച്ചു മാപ്പിരന്നു പറഞ്ഞു. എന്റെ അറിവില്ലായ്മ നിന്റെയും കൂടി ജീവിതം നശിപ്പിച്ചു, ഞാൻ ഈ ലോകത്തോട് യാത്രയാകാൻ അനുവദിക്കണം.

അങ്ങനെ എന്നേയും പിള്ളാരേയും ഒറ്റയ്ക്കാക്കി പോകണ്ടാ ഞാനും വരാം, പക്ഷേ, കുഞ്ഞുങ്ങൾ അവന്റെ ചോദ്യത്തിൽ അവൾ പറഞ്ഞ മറുപടിയാണ്, പിന്നെയും സമൂഹം ആ കുഞ്ഞുങ്ങളേയും ഒറ്റപ്പെടുത്തിയത്."

അവർ ജീവിക്കട്ടെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചാൽ നമ്മൾ അവരെയും കൊണ്ടുപോയിട്ട് കാര്യമില്ലല്ലോ, അവർ ജീവിക്കട്ടെ കുട്ടികളല്ലേ അവരെ ആരും തള്ളിപ്പറയില്ല.

രണ്ടുപേരും ആത്മഹത്യ ചെയ്തു കേരളം ഞെട്ടി, ചിലർ ആശ്വസിച്ചു, ഇനി അവരിലൂടെ ആർക്കും രോഗം വരില്ല, പക്ഷേ, അവരുടെ കുട്ടികൾ, പലരും ആശങ്കയും അസംതൃപ്തിയും ശാപജന്മങ്ങൾ എന്നു പഴിച്ചുകൊണ്ടും ഇരുന്നു.

തെറ്റുപറ്റിയാൽ പലരും ഒളിച്ചോടും അത് സമൂഹത്തെ മാനിക്കുന്നതുകൊണ്ടോ, ബഹുമാനിക്കുന്നത് കൊണ്ടോ ഒക്കെയാവാം, പക്ഷേ ഈ കുഞ്ഞുങ്ങൾ എന്തു തെറ്റുചെയ്തു? അവരേയും വീണ്ടും ഈ സമൂഹം ക്രൂശിക്കാൻ,

ഞാനുള്ളിടത്തോളം കാലം എന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്ന് ശപഥമെടുത്തു അവരുടെ അച്ഛമ്മ, പ്രധിബന്ധങ്ങൾ തരണം ചെയ്തു യാതനകളും വേദനകളും ഒറ്റപ്പെടലും കൂടപ്പിറപ്പാക്കി കുറേ മനുഷ്യസ്നേഹികളുടെ കാരുണ്യത്താൽ അവർ ജീവിച്ചു.

കാലങ്ങൾ കഴിയുന്നു പുതിയതും പുതുമയുള്ളതുമായ പലവിധ സാക്രമികരോഗങ്ങളും ഉടലെടുക്കുന്നു. പലരേയും വേട്ടയാടുന്നു. അപ്പോഴും സമൂഹം വിചിന്തനങ്ങളിലേക്ക് കൂപ്പു കുത്തുന്നു, ആ പഴകഥകൾക്ക് അടിവരയിടുന്നു, ആ ജീവിച്ചു മരിച്ച രോഗങ്ങളാൽ ജീവിതം മുഴുവൻ മുദ്രണം ചെയ്യപ്പെട്ട മാറാരോഗികളെക്കുറിച്ചു ഒരു വാർത്തകൾ പോലും അറിയുന്നില്ല.

എത്രയോ ജീവിതങ്ങൾ അറിഞ്ഞും അറിയാതെയും എയ്ഡ്സ് എന്ന രോഗത്തിന് അടിമപ്പെട്ടു നരക ജീവിതം അനുഭവിച്ചു, തൂക്കുകയർ കിട്ടിയ കുറ്റവാളിയെ പോലെ ഇരുട്ടു മൂടിയ മുറിയിലെ ഏകാന്തതയിൽ സ്വയം ശപിച്ചു മരണം കാത്തു കിടന്നിരുന്നു.

ഇന്ന് ലോക എയ്ഡ്സ് ദിനം, ജീവിതം ആസ്വദിക്കുന്ന കൂടെ സ്വയം ആത്മപരിശോധനകൾ ചെയ്യുക, ജീവിതം ശാപമേൽക്കാനുള്ളതല്ല എന്നു മനസിരുത്തുക,

"രോഗങ്ങൾ തന്നെ വരുന്നതും തന്നാൽ വരുന്നതും, താനേ പഴുക്കുന്നതും തല്ലി പഴുക്കുന്നതും പോലെ വ്യത്യാസമുണ്ട് " 

ടേക്ക് കെയർ....’

Tags:
  • Health Tips
  • Social Media Viral
  • Glam Up