Thursday 01 October 2020 01:38 PM IST : By സ്വന്തം ലേഖകൻ

ഉയർന്ന ബിപി പോലെ നിശബ്ദ കൊലയാളിയാണ് കിഡ്നി രോഗവും; ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

renal-ffff

ഉയർന്ന ബി പി പോലെ കിഡ്നി രോഗവും നിശബ്ദമായ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. കാരണം, തുടക്കത്തിൽ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ കിഡ്നിയുടെ ആരോഗ്യ പ്രശ്നങ്ങൾ നിശബ്ദമായിരിക്കുന്നു. കിഡ്നിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി ജാഗ്രത പുലർത്താം. അതിനായി ഈ കാര്യങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. 

1. ഫിറ്റ്നസ് കാത്തു സൂക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക. നടപ്പ്, സൈക്ലിങ്, ജോഗിങ് ഇവയിലേതെങ്കിലും അര മണിക്കൂർ ചെയ്യുക.

2. രക്തത്തിലെ പഞ്ചസാരയുടെ നില ഉയരാതെ നോക്കുക. ഡയബറ്റിസ് ഉള്ളവരിൽ 30 ശതമാനം പേരിൽ കിഡ്നിക്ക് ഡാമേജ് ഉണ്ടാകാറുണ്ട്. അതിനാൽ ഡയബറ്റിസ് ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് കിഡ്നി പ്രവർത്തനം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. 

3. രക്തസമ്മർദം ഉയരാതെ ശ്രദ്ധിക്കുക. പ്രഷറിനുള്ള മരുന്നുകൾ കഴിക്കുന്നവർ അതു മുടക്കരുത്. ഉയർന്ന ബി പി മൂലം സ്ട്രോക്കും ഹാർട്ട് അറ്റാക്കും ഉണ്ടാകുമെന്നു മിക്കവർക്കും അറിയാം. പക്ഷേ, ഇത് കിഡ്നി ഡാമേജിനും കാരണം ആണെന്ന് പലർക്കും  അറിയില്ല. നോർമൽ ബി പി 120/ 80 ആണ്. 140 / 90 ആയാൽ റിസ്കുകളെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യണം. 

4. ആരോഗ്യകരമായ ആഹാരം കഴിക്കുക. ഉപ്പിന്റെ അളവ് പരവാവധി കുറയ്ക്കുക. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചീസ് ഇതെല്ലാം ഒഴിവാക്കുക. പ്രൊസസ്ഡ് (സംസ്കരിച്ച) ആയ ഭക്ഷണപദാർഥങ്ങൾ ഉപേക്ഷിക്കുക. 

5. ധാരാളം െവള്ളം കുടിക്കുക. ദിവസം 12 ഗ്ലാസ് വെള്ളം കുടിക്കണം. (രണ്ടര ലീറ്റർ മുതൽ മൂന്ന് ലീറ്റർ വരെ). ധാരാളം ഫ്ലൂയിഡ് ശരീരത്തിലെത്തുമ്പോൾ സോഡിയം, യൂറിയ തുടങ്ങിയ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർ ഇനിയും സ്റ്റോൺ വരാതിരിക്കാൻ ദിവസം 3 ലീറ്റർ വെള്ളം ദിവസം കുടിക്കണം. ഡോക്ടറോട് കൺസൾട്ട് ചെയ്ത് ആഹാരത്തിൽ ചിട്ടകൾ പാലിക്കണം. 

6. പുകവലി പാടില്ല. പുകവലി കിഡ്നിയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. 

7. ചില വേദനാ സംഹാരികളും ആന്റിബയോട്ടിക്കുകളും കിഡ്നിക്ക് ദോഷം െചയ്യുന്നവയാണ്. അമിതമായി വേദനാ സംഹാരികൾ കഴിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരം അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഇവ കഴിക്കുക. വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും കഴിക്കും മുൻപ് കിഡ്നി രോഗമുള്ളവർ ഡോക്ടറോട് പറയുക. 

8. അമിതവണ്ണം വരാതെ ശരീരഭാരം നിയന്ത്രിക്കുക.

9. പാരമ്പര്യമായി കിഡ്നി രോഗത്തിനു സാധ്യത  ഉള്ളവർ ജാഗ്രത പാലിക്കുക. കൃത്യമായ ഇടവേളകളിൽ ചെക്കപ്പ് നടത്തണം. 

10. കിഡ്നിക്കു പ്രവർത്തന തകരാറ് ഉള്ളവർ ഭക്ഷണത്തിലെ  പ്രോട്ടീന്റെ അളവ് നിയന്ത്രിക്കുക. 0. 6 ഗ്രാം/ കിലോഗ്രാം  എന്ന അളവിലേ പ്രോട്ടീൻ കഴിക്കാവൂ. മാംസാഹാരത്തിലൂടെ കഴിക്കുന്ന പ്രോട്ടീന്റെ അളവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. സസ്യ പ്രോട്ടീൻ കൂടുതലായി കഴിക്കുക. 

Tags:
  • Health Tips
  • Glam Up