Friday 19 January 2024 09:40 AM IST : By സ്വന്തം ലേഖകൻ

അളവ് അണുവിട പിഴച്ചാൽ കയ്യിൽ നിന്നെന്നു വരില്ല; കുഞ്ഞാവയ്ക്ക് മരുന്നു നൽകുമ്പോൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

medicine മോഡൽ: അവന്തിക അരവിന്ദ്, ഫോട്ടോ: ആർ. എസ്. ഗോപൻ

നരജീവിതമായ വേദനയ്ക്കൊരു മട്ടർഭകർ ഒൗഷധങ്ങൾ താൻ’ എന്നു കുമാരനാശാൻ പാടിയത് ഒൗഷധപ്രയോഗത്തിന്റെ അപാരമായ തിളങ്ങുന്ന മുഖത്തിനു നേർക്കു പിടിച്ച കണ്ണാടിയായി മാറിയെന്നത് ചരിത്രം. ആധുനിക കാലത്തു മരുന്നുകൾ നമ്മുടെ ജീവരക്ഷയുടെ ഉപാധിയും ശാരീരിക–മാനസിക വേദനകൾ അലിയിച്ചു കളയുന്ന ഇന്ദ്രജാലവുമാണ്. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ നേർവിപരീതമായിരിക്കും ഫലം. പ്രത്യേകിച്ച് കുഞ്ഞുങ്ങളിൽ. കുഞ്ഞുങ്ങൾക്കു മരുന്നു നൽകുമ്പോൾ പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? രക്ഷിതാക്കൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്.

ചെറുതെങ്കിലും ഗുരുതരം

ചെറിയ അളവ് വ്യത്യാസം പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കടുത്ത രീതിയിൽ ബാധിക്കും എന്നതിനാൽ കൃത്യമായ അളവിൽ മരുന്നു നൽകാൻ ജാഗ്രത വേണം. ഒരു ടീസ്പൂൺ എന്നതു വീട്ടിലെ ഏതെങ്കിലും സ്പൂണല്ല മറിച്ച് 5 മി.ലീറ്റർ (5ml) ആണ് എന്ന് ഒാർത്തുവയ്ക്കണം; ഒരു മില്ലി (1ml) എന്നു പറഞ്ഞാൽ ഉദ്ദേശം 16 തുള്ളിയാണ് എന്നതും. അടുക്കള സ്പൂണിൽ മരുന്ന് അളന്നു നൽകിയാൽ ഒന്നുകിൽ ഡോസ് കൂടിപ്പോകും അല്ലെങ്കിൽ കുറഞ്ഞുപോകും.

മരുന്നുകുപ്പികളിൽ ഡ്രൈ പൗഡർ ആയി വരുന്നവ, കൃത്യമായ അളവിൽ തിളച്ചാറിയ ജലം ഒഴിച്ച് മരുന്നുലായനി ആക്കേണ്ടതുണ്ട്. ചിലപ്പോൾ മരുന്നുകളോടൊപ്പം തന്നെ അത് സിറപ്പാക്കാനുള്ള ശുദ്ധീകരിച്ച ജലവും ഉണ്ടാകും. വെള്ളം നിറയ്ക്കും മുൻപ് മരുന്നുകുപ്പികളിലെ അതിനായുള്ള അടയാളങ്ങൾ ശ്രദ്ധിക്കണം.

സ്വാദുള്ള മരുന്നു നൽകാം

കുട്ടികൾ താരതമ്യേന ചവർപ്പുള്ളതോ കയ്ക്കുന്നതോ ആയ മരുന്നു കുടിക്കുവാൻ ഇഷ്ടപ്പെടാത്തതുകൊണ്ടു മധുരമുള്ള മരുന്നുകൾ മതി എന്നു ഡോക്ടറോടു പറയാൻ മടിക്കരുത്. നല്ല ‘സ്വാദുള്ള’ മരുന്നുകൾ ധാരാളം മാർക്കറ്റിൽ കിട്ടാനുണ്ട് എന്നിരിക്കേ, നമ്മൾ എന്തിന് അവ നൽകാതിരിക്കണം. പലപ്പോഴും ‘മരുന്ന്’ എന്ന ഭാവത്തിൽ നൽകിയാൽ ചെറിയ കുഞ്ഞുങ്ങൾ സ്വാദുള്ള മരുന്നു പോലും കുടിക്കാൻ മടിക്കുന്നതു കാണാറുണ്ട്. അതുകൊണ്ടു മറ്റു പാനീയങ്ങളോ ഭക്ഷണമോ നൽകുന്നതു പോലെ ഒരു ഭാവഭേദവും കൂടാതെ മരുന്ന് നൽകുന്നതാവും നല്ലത്.

ചില കുട്ടികൾ എത്ര ശ്രമിച്ചാലും മരുന്നു കുടിക്കാതെ തുപ്പിക്കളയാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഒാറൽ സിറിഞ്ചുകൾ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവിൽ ഇറ്റിച്ചു നൽകാം. പൊടിക്കുഞ്ഞുങ്ങൾക്കു മരുന്നു നൽകുമ്പോഴും ഈ രീതിയാണ് നല്ലത്. മെഷറിങ് കപ്പുകളിൽ മരുന്നു നൽകുമ്പോൾ മരുന്നു മുഴുവനായി വടിച്ചു നൽകാൻ ശ്രദ്ധിക്കണം.

km-1

ഗുളിക നൽകുമ്പോൾ

കുട്ടികൾക്കു ഗുളിക നൽകുന്ന പ്രവണത കുറഞ്ഞുവരികയാണ്. മിക്കവാറും മരുന്നുകളെല്ലാം തന്നെ സിറപ്പുരൂപത്തിൽ ലഭിക്കും. എപ്പോഴെങ്കിലും ഗുളിക നൽകേണ്ടിവന്നാൽ കുട്ടി അത് കഴിച്ചു എന്നുറപ്പുവരുത്തണം. ചില കുട്ടികൾ കയ്പുമൂലം തുപ്പിക്കളയും. ഗുളിക വിഴുങ്ങാൻ പ്രയാസമാണെങ്കിൽ കഞ്ഞിവെള്ളത്തിലോ പച്ചവെള്ളത്തിലോ ലയിപ്പിച്ച് നൽകാം. ജ്യൂസ്, പാൽ തുടങ്ങിയ പാനീയങ്ങളിൽ മരുന്നു ലയിപ്പിച്ചു നൽകുന്നത് നല്ലതല്ല.

ആന്റിബയോട്ടിക് നൽകുമ്പോൾ

മരുന്നു നൽകിയശേഷം കുട്ടികൾ ഛർദിക്കുന്നത് അപൂർവമല്ല. മരുന്നു നൽകി അര മണിക്കൂറിനുള്ളിൽ ഛർദിച്ചാൽ ഒരു തവണ കൂടി മരുന്നു നൽകണം. ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ ഉപദേശപ്രകാരം അഞ്ചു ദിവസമോ ഏഴു ദിവസമോ ചിലപ്പോൾ അതിലധികമോ നൽകേണ്ടിവന്നേക്കാം. ഒന്നോ രണ്ടോ ദിവസം നൽകിയതിനുശേഷം ആന്റിബയോട്ടിക്കുകൾ ഒരിക്കലും നിർത്തിവയ്ക്കരുത്.

പാരസെറ്റമോൾ പോലുള്ള മരുന്നുകൾ അവ ഏതു രോഗലക്ഷണത്തിനാേണാ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അവ കുറയുന്നതോടെ പതുക്കെ നിർത്തിവയ്ക്കാവുന്നതാണ്. ഉദാഹരണത്തിനു രണ്ടു ദിവസത്തിനുള്ളിൽ പനി കുറഞ്ഞാൽ ആന്റിബയോട്ടിക്കുകൾ നിർത്തരുത്. എന്നാൽ പാരസെറ്റമോൾ തുടരേണ്ടതില്ല.

മരുന്നു മറന്നുപോയാൽ

ഏതെങ്കിലും ഒരു നേരത്തെ മരുന്നു മറന്നുപോയാൽ ഒാർമ വരുന്നയുടനെ തന്നെ മരുന്നു നൽകുക. അതായത് മൂന്നുനേരം നൽകേണ്ട മരുന്നിൽ ഉച്ചയ്ക്കത്തെ ഡോസ് നൽകാൻ ഒാർക്കുന്നത് വൈകുന്നേരം ഏഴു മണിക്കാണെങ്കിൽ ഉടനെ നൽകുക. അടുത്ത ഡോസ് 11–12 മണിക്ക് കൊടുക്കുക. ഏറ്റവും കുറഞ്ഞത് മൂന്നു നാലു മണിക്കൂർ ഇടവേള വേണം രണ്ടു ഡോസുകൾ തമ്മിൽ. കുട്ടികളുടെ തൂക്കമനുസരിച്ച് മരുന്നിന്റെ ഡോസ് വ്യത്യാസപ്പെടും. അതുകൊണ്ട് ഒരേ രോഗവും ഒരേ പ്രായവും ആണെങ്കിലും മരുന്നിന്റെ ഡോസ് വ്യത്യാസപ്പെടാം.

kids-medicine

എക്സ്പയറി കഴിഞ്ഞ മരുന്ന്

ചില മരുന്നുകൾ അൽപം ഉറക്കക്കൂടുതലോ ചെറിയ തോതിലുള്ള വയറിളക്കമോ ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഡോക്ടറോടു സംസാരിച്ചു പരിഹരിക്കാൻ ശ്രദ്ധിക്കണം. അപസ്മാരം പോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികളുടെ മരുന്നുകൾ യാത്രയിൽ കയ്യിൽ കരുതണം.

ചിലപ്പോഴൊക്കെ ചില അമ്മമാരെങ്കിലും അവസാന ഉപയോഗതീയതി കഴിഞ്ഞ മരുന്നുകൾ അറിയാതെ കൊടുത്തുപോയി എന്നു വേവലാതിപ്പെട്ട് ഒാടിവരാറുണ്ട്. അത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം ഒരു പ്രാവശ്യമോ മറ്റോ കൊടുത്തുപോയാൽ വല്ലാതെ പേടിക്കാൻ മാത്രം ഒന്നുമില്ല എന്ന കാര്യവും ഒാർത്തുവയ്ക്കണം; ആ മരുന്നുകൾക്ക് അതിന്റേതായ ഒൗഷധഗുണമുണ്ടാവില്ല എന്നതും.

km-2

കയ്യെത്താത്തിടത്ത് വയ്ക്കാം

കുഞ്ഞുങ്ങൾ വല്ലാത്ത അന്വേഷണത്വരയുള്ളവരാണ്. അതുകൊണ്ടുതന്നെ മുതിർന്നവർ കഴിക്കുന്ന മരുന്നുകൾ കഴിച്ചു നോക്കാൻ താൽപര്യവും അവർ കാത്തുവയ്ക്കുന്നു. ഒരിക്കലും ചെറിയ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളിൽ മുതിർന്നവരുടെ മരുന്നുകൾ വയ്ക്കരുത്. മാനസികരോഗത്തിനോ, അപസ്മാരചികിത്സയ്ക്കോ ഒക്കെ ഉള്ള അത്തരം മരുന്നുകൾ ഗുരുതരമായ അവസ്ഥകളിലേക്കു നയിച്ചേക്കാം.

മരുന്ന് ചൂടുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതിനെക്കാൾ ഉത്തമം ചൂടു കുറഞ്ഞ, താരതമ്യേന തണുപ്പുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതാണ്. ചിലർ കുട്ടികളുടെ കയ്യെത്താത്ത സ്ഥലമെന്നു പരിഗണിച്ച് അടുക്കളയിൽ മരുന്നു സൂക്ഷിക്കാറുണ്ട്. എന്നാൽ കഴിവതും അടുക്കളയിൽ മരുന്നു സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം.

കണ്ണിലൊഴിക്കുന്ന മരുന്നുകൾ, വേദനയ്ക്കുള്ള ഒായിന്റ്മെന്റ്, ഡയപ്പർ റാഷ് ക്രീം എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്നു നാം കരുതുന്ന ചില മരുന്നുകൾ അശ്രദ്ധമായി ഇടാറുണ്ട്. പക്ഷേ, കൊച്ചുകുട്ടികൾക്ക് അത് അപകടകരമായേക്കാം.

അതുകൊണ്ട് എല്ലാമരുന്നുകളും ഭദ്രമായി കുട്ടികൾക്ക് കയ്യെത്താത്തിടത്ത് വയ്ക്കുക. മരുന്നുകൾ നമ്മുടെ കൂട്ടുകാരാണ്. പക്ഷേ, െെവദ്യുതിയെപ്പോലെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മാത്രം.

Tags:
  • Baby Care