Thursday 11 April 2024 03:08 PM IST : By സ്വന്തം ലേഖകൻ

‘അമിതമായ ഡിപ്രഷൻ വരുമ്പോൾ ഡോപമിന്റെ അളവ് വല്ലാതെ താണുപോകും’; ആരോഗ്യമുള്ള മനസ്സിന് ഇക്കാര്യങ്ങൾ പാലിച്ചു നോക്കൂ...

depre4566ghjj

ചെറുപ്പം നിലനിർത്താൻ നമ്മുടെ മനസിന്റെ സമീപനവും പ്രധാനം. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ സൗഖ്യവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. ആരോഗ്യമുള്ള മനസ്സിന് ഇക്കാര്യങ്ങൾ പാലിച്ചു നോക്കൂ...

∙ മാനസിക സമ്മർദം അകറ്റുക. സമ്മർദം കൂടുമ്പോൾ കോശങ്ങൾ വേഗം നശിക്കുന്നു. എത്ര പ്രശ്നങ്ങൾക്കു നടുവിലും ശുഭാപ്തിവിശ്വാസം കൈവെടിയാതിരിക്കുക. മൂഡോഫിന്റെ ദിനങ്ങൾ എല്ലാവർക്കും കാണും. പക്ഷേ, അതിലാഴ്ന്നു പോകാതെ കരകയറാൻ കഴിയണം. 

∙ ഇഷ്ടസ്ഥലത്തേക്കുള്ള യാത്ര, പ്രിയപ്പെട്ട ആഹാരം, പ്രിയ സുഹൃത്തുക്കൾ ഇതു മൂന്നും മനസിന് ഉല്ലാസം തരുന്നു.

∙ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലവും വീടും വൃത്തിയാക്കി വയ്ക്കുക. പോസിറ്റീവ് എനർജി ചുറ്റും നിറയണം.

∙ ഇന്നലെകളെക്കുറിച്ചോർത്ത് പശ്ചാത്തപിച്ചിട്ട് ഒരു കാര്യവും ഇല്ല. നാളെ എന്താവും എന്ന കണക്കു കൂട്ടൽ വേണം. പക്ഷേ, നാളെയെക്കുറിച്ച് അമിതമായി ആധിയും വേണ്ട.

∙ ടൈം മാനേജ്മെന്റ് ഇല്ലാത്തത് സ്ട്രെസ് ഉണ്ടാക്കുന്നു. നാളെ ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി ഇന്ന് രാത്രി കിടക്കും മുമ്പേ ഒരു ടു ഡൂ ലിസ്റ്റ് ഉണ്ടാക്കി നോക്കൂ. നല്ല ഉറക്കം കിട്ടും. രാവിലെ എണീറ്റിട്ട്, വെപ്രാളം പിടിച്ച് ഓടേണ്ടിയും വരില്ല. തെളിഞ്ഞ മനസോടെയാവുമ്പോൾ നല്ല തീരുമാനങ്ങളെടുക്കാനും നന്നായി വർക്ക് ചെയ്യാനും സാധിക്കും. അപ്പോൾ നല്ല ഫലവും കിട്ടും.

ചെയ്ത കാര്യങ്ങളുടെ നേരെ ടിക് ഇടുക. അത്രയും ചെയ്തല്ലോ എന്ന പോസിറ്റീവ് എനർജി തോന്നും. നമ്മൾ ഒരു ജോലി പൂർത്തിയാക്കുമ്പോൾ, മനസിന് തൃപ്തി വരുമ്പോൾ തലച്ചോറിലെ പോസിറ്റീവ് ഹോർമോണായ ഡോപമിന്റെ നില ഉയരുന്നു. ഇത് ചെറുപ്പത്തിന്റെ ചുറുചുറുക്ക് പ്രദാനം ചെയ്യുന്നു. എപ്പോഴും ഡോപമിൻ നില ഉയർന്നു നിർത്താനാണ് ശ്രമിക്കേണ്ടത്. അമിതമായ ഡിപ്രഷൻ വരുമ്പോൾ ഡോപമിന്റെ അളവ് വല്ലാതെ താണുപോകും.

∙ രാവിലെ കുറഞ്ഞത് അരമണിക്കൂർ നടക്കുക. വീട്ടിലിരുന്ന് ചെയ്യുന്ന വ്യായാമത്തെക്കാൾ എത്രയോ ഇരട്ടി ഫലപ്രദമാണ് പുറത്തെ ഫ്രെഷ് അന്തരീക്ഷത്തിൽ ചെയ്യുന്ന വ്യായാമങ്ങൾ. വീട്ടുജോലികൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത് ഒരിക്കലും വ്യായാമത്തിന്റെ ഫലം ചെയ്യുന്നില്ല.

∙ ദിവസം 15 മിനിറ്റ് നേരം മെഡിറ്റേറ്റ് ചെയ്യണം. അതു കഴിഞ്ഞ് 15 മിനിറ്റ് നേരം വെറുതെ സിംപിൾ ബ്രീത്ത് എക്സർസൈസ് ചെയ്യുക. നല്ല റിലാക്സേഷൻ ലഭിക്കും.

∙ പ്രശ്നങ്ങളുണ്ടെങ്കിൽ എപ്പോഴും അവയെപ്പറ്റി ചിന്തിക്കാതെ പരിഹരിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. നിങ്ങൾ പരീക്ഷിക്കാത്ത വഴികൾ ഇനിയും കാണും.

∙ മറ്റുള്ളവരോട് സഹായം അഭ്യർഥിക്കാനും പ്രശ്നങ്ങൾ പങ്കിടാനും ഒരിക്കലും മടിക്കരുത്.

∙ ഏതു പ്രശ്നത്തിനും ഒരു ബെസ്റ്റ് കൺസൾട്ടന്റിനെ കണ്ടാൽ പരിഹാരമുണ്ടാവും. വണ്ടി കേടാവുമ്പോൾ നിങ്ങൾ മികച്ച മെക്കാനിക്കിനെ ഏൽപ്പിക്കുകയില്ലേ? ജീവിതത്തിലെ പ്രശ്നങ്ങളിലും വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുക.

∙ ദിവസം നല്ലൊരു പോസിറ്റീവ് ബുക്കിന്റെ 20 പേജെങ്കിലും വായിക്കുന്നത് മനസിന് ഒരു ടോണിക് പോലെയാണ്.

∙ നെഗറ്റീവ് വാക്കുകൾ പറയില്ലെന്ന് പ്രതിജ്ഞയെടുക്കുക.

∙ കുട്ടികളോട് കൂട്ടു കൂടുന്നതും അവരുമായി സമയം ചെലവിടുന്നതും കളിക്കുന്നതും ചെറുപ്പം നിലനിർത്തുന്നു.

∙ ജന്മദിനങ്ങൾ ആഘോഷിക്കുക. ഒരു വയസ് കൂടിയെന്നോർത്ത് വിഷമിക്കേണ്ട. കുട്ടികൾ എത്ര ആഹ്ലാദത്തോടെയാണ് ജന്മദിനങ്ങളെ കാത്തിരിക്കുന്നത്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള വേളയാണത്. 

Tags:
  • Health Tips
  • Glam Up