Saturday 25 February 2023 04:16 PM IST : By സ്വന്തം ലേഖകൻ

പോഷകങ്ങളാലും ഔഷധ ഗുണത്താലും സമ്പന്നം; വിഭവങ്ങൾക്കു ഗന്ധവും രുചിയുമേകുന്ന പാഴ്സ്‍ലി നട്ടുവളർത്താം

deeehealll889

പോഷകങ്ങളാലും ഔഷധഗുണത്താലും സമ്പന്നമാണു പാഴ്സ്‌ലി. പരന്നതും ചുരുണ്ടതുമായ ഇലകളുമായി രണ്ട് ഇനമുണ്ട്. മല്ലിയിലയോടു സാമ്യമുള്ള ഇലകൾക്കു കൂടുതൽ ഗന്ധവും കട്ടിയുമുണ്ട്. 

∙ ഭാഗികമായ തണലാണ് അനുയോജ്യം. മഴമറയിൽ വളർത്താം. ജൈവാംശമുള്ളതും നീർവാർച്ചയുള്ളതുമായ പോഷകസമൃദ്ധമായ മണ്ണാണ് അനുയോജ്യം. വേനൽക്കാലത്തു മണ്ണിലെ ഈർപ്പം നഷ്ടമായാൽ ചെടികൾ വേഗം പൂക്കും. അതുകൊണ്ട് മണ്ണിൽ നനവ് ഉറപ്പാക്കണം. 

∙ വിത്തുകൾ പാകി ചെടി വളർത്താം. ചെടിയോടു ചേർന്നുണ്ടാകുന്ന തൈകൾ വേരിനു കേടുപാടുണ്ടാകാതെ തണലത്തു നടുകയും ചെയ്യാം. 1:1:1 അനുപാതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും ചകിരിച്ചോറും കമ്പോസ്റ്റ് പൊടിയും കലർത്തിയ മിശ്രിതത്തിലാണു തൈകൾ നടേണ്ടതും വിത്തുകൾ പാകേണ്ടതും. 12 മണിക്കൂർ ചെറുചൂടുവെള്ളത്തിൽ കുതിർത്താൽ വിത്തുകൾ പെട്ടെന്നു കിളിർക്കും.

പാകുന്നതിനു മുൻപ് ഒരൂ ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമൊണാസ് കലർത്തിയ ലായനിയിൽ വിത്തുകൾ കുതിർക്കണം. അഞ്ച് സെന്റിമീറ്റർ അകലത്തിൽ കാൽ ഇഞ്ച് താഴ്ത്തി വിത്തുകൾ പാകാം.10 ദിവസം ഇടവിട്ട്  സ്യൂഡോമൊണാസും നേർപ്പിച്ച ബയോഗ്യാസ് സ്ലറിയോ നേർപ്പിച്ച ഗോമൂത്രമോ തളിക്കണം. മാസത്തിലൊരിക്കൽ 100 ഗ്രാം ചാണകമോ മണ്ണിര കംപോസ്‌റ്റോ  നൽകണം. ആറ് ആഴ്ച കഴിഞ്ഞു തൈകൾ പറിച്ച് ഒരടി അകലത്തിൽ നട്ട് 10 ദിവസം തണൽ നൽകുക.

∙ മണ്ണിൽ സ്പർശിച്ചാൽ ഇലകൾ ചീയും. ഇതൊഴിവാക്കുന്നതിനു ചെടിക്കു ചുവട്ടിൽ ഉണങ്ങിയ ഇലകൾ കൊണ്ടു പുതയിടാം.  

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Health Tips
  • Glam Up