Monday 20 July 2020 02:39 PM IST

ശരീരത്തിൽ ബലവും ഉന്മേഷവും നിറയ്ക്കാം; കർക്കടകത്തിൽ കഴിക്കാം പത്തില തോരൻ

Roopa Thayabji

Sub Editor

pathilathorannyfx

രോഗങ്ങളെ വരുന്ന പതിനൊന്നു മാസത്തേക്ക് അകറ്റി നിർത്താനുള്ള ഊർജം നിറയ്ക്കേണ്ടത് കർക്കടക മാസത്തിലാണ്. അതുകൊണ്ടാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലം കർക്കടകം ആണെന്നു പറയുന്നത്. 

ഔഷധകഞ്ഞിയും സൂപ്പുമൊക്കെ തരം പോലെ സേവിക്കുന്നതിനിടെ ഒട്ടു ചെലവില്ലാതെ പോഷകങ്ങൾ ഉള്ളിലെത്തിക്കാനുള്ള വഴിയാണ് പത്തില തോരൻ. വീട്ടുമുറ്റത്തു തന്നെ കിട്ടുന്ന പത്തു തരം ഇലകൾ ഒന്നിച്ചെടുത്തുണ്ടാക്കുന്ന ഈ ഇലക്കറി വിഭവം തയാറാക്കാൻ നമുക്ക് ഇഷ്ടമുള്ള ഇലകളൊക്കെ തെരഞ്ഞെടുക്കാം. എങ്കിലും പൊതുവേ പ്രചാരത്തിലുള്ള ചിലവയെ പരിചയപ്പെടാം.

∙ ചേമ്പിൻ താള് – കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ നിറഞ്ഞ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ ഇളം തണ്ടുകളും ഇലകളും ഉപയോഗിക്കാം. കഴുകി നുറുക്കി പുളിവെള്ളത്തിൽ ഇട്ടുവച്ചാൽ ചൊറിച്ചിൽ മാറി കിട്ടും. തീരെ ചൊറിച്ചിൽ ഇല്ലാത്ത, ഇലക്കറിയായി മാത്രം ഉപയോഗിക്കാവുന്ന ചീരച്ചേമ്പും ഉണ്ട്.

∙ തകര – ദഹനശേഷി വർധിപ്പിക്കുന്നതിനും ത്വക് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, അലർജി, നേത്രരോഗങ്ങൾ എന്നിവ അകറ്റുന്നതിനും സഹായിക്കുന്ന നിരവധി ഘടകങ്ങൾ തകരയിലയിലുണ്ട്.

∙ തഴുതാമ – പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്ന തഴുതാമ മൂത്രവർധനവിന് ഔഷധമായും ഉപയോഗിക്കുന്നു. മലബന്ധം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കെതിരേയും ഇതുപയോഗിക്കാം.

∙ ചേനയില– കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കൊണ്ടു സമ്പന്നം. ചേനയുടെ കുട മുഴുവനായി മുറിച്ചെടുക്കല്ലേ. ഇടയ്ക്കു നിന്ന് ചെറിയ ഭാഗങ്ങളേ മുറിക്കാവൂ.

∙ പയറില – ശരീരശുദ്ധിക്ക് ഉത്തമം. ദഹനശക്തിയും ശരീരബലവും വർധിപ്പിക്കുന്നതിനും നേത്രരോഗങ്ങൾ, കരൽവീക്കം എന്നിവ മാറുന്നതിനും ഫലപ്രദം. പയറിന്റെ മൂക്കാത്ത ഇലയാണ് തോരന് നല്ലത്.

∙ കുമ്പളത്തില – കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും സഹായകം. പതിവായി കഴിക്കുന്നത് ദഹനശക്തി മെച്ചപ്പെടുത്തും.

∙ മത്തനില – ധാതുക്കൾ , വിറ്റാമിൻ എ , വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തനിലയും ദഹനസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കും. മത്തന്റെ ആൺപൂവും തോരനു നല്ലതാണ്.

∙ ചീരയില – ഇലയിനങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ള ചീര കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയുടെ കലവറ തന്നെയാണ്. വിളർച്ച തടയാൻ ഫലപ്രദം.

∙ കൊടിത്തൂവയില – നാട്ടിൻ പുറങ്ങളിൽ ചൊറിയണം എന്നുമറിയപ്പെടുന്ന കൊടിത്തൂവ പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇലകളിലെ രോമങ്ങളാണ് ചൊറിച്ചിലുണ്ടാക്കുന്നത്. തിളച്ച വെള്ളത്തിലിട്ട് കഴുകിയാൽ ഇവ നീക്കം ചെയ്യാൻ.

∙ വെള്ളരിയില – ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. നേത്രസംരക്ഷണത്തിന് മികച്ചതാണിത്.

∙ ഈ ഇലകൾക്കു പുറമേ പൊന്നാരി വീരൻ ചീരയില, കുടങ്ങൾ ഇല, നെയ്യുണ്ണിയില, പൊന്നാങ്കണ്ണി ഇല, ഉലുവയില, കോവൽ ഇല തുടങ്ങിയവയൊക്കെ ലഭ്യതയനുസരിച്ച് പത്തില തോരനിൽ ഉൾപ്പെടുത്താം. പത്തിലകൾ തികഞ്ഞില്ലെങ്കിലും കുഴപ്പമില്ല കേട്ടോ. കർക്കടകത്തിൽ ആയുർവേധ വിധി പ്രകാരം മുരിങ്ങിയില ഭക്ഷണത്തിന് എടുക്കാറില്ല.

തോരൻ തയാറാക്കാം– ഇലകൾ നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങയും കാന്താരി മുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചുവയ്ക്കാം. വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും ഉഴുന്നുപരിപ്പും മൂപ്പിച്ച ശേഷം ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും അരപ്പും ചേർത്തിളക്കി ചെറുതീയിൽ അടച്ചുവച്ച് വേവിക്കാം. 

Tags:
  • Health Tips
  • Glam Up