Monday 07 September 2020 12:39 PM IST : By ശ്യാമ

‘നമുക്കിതൊന്നും താങ്ങാൻ പറ്റില്ലേ..’എന്ന ചിന്ത ഒഴിവാക്കൂ; സുലഭമായി കിട്ടുന്ന വസ്തുക്കൾ കൊണ്ട് നല്ല ഡയറ്റ് ശീലമാക്കാം

സെപ്റ്റംബർ ഒന്ന് മുതൽ 7 വരെ നമ്മൾ ആചരിക്കുന്നു ന്യൂട്രീഷ്യൻ വീക്ക്. നമുക്ക് സുലഭമായി കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ട് ദഹന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ നോക്കാം...  

ന്യൂട്രീഷ്യൻ, ഡയറ്റ് എന്നൊക്കെ കേൾക്കുമ്പോഴേ ‘നമുക്കിതൊന്നും താങ്ങാൻ പറ്റില്ലേ...’ എന്നൊരു ചിന്ത പല തെറ്റിധാരണകൾ കൊണ്ട് നമുക്ക് പലർക്കും വന്നിട്ടുണ്ട്.  വിദേശികളും ചില സെലിബ്രിറ്റികളും കഴിക്കുന്നതിനെ കുറിച്ചുള്ള കാഴ്ച്ചയും വായിച്ചുള്ള അറിവും ഒക്കെ ഈ തെറ്റിധാരണ വളർത്താൻ ഇടവരുത്തിയിട്ടുമുണ്ട്. സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത തരം പഴങ്ങളും പച്ചക്കറികളും നട്ട്സും ധാന്യങ്ങളും പല തരം അരികളും അരിക്ക് പകരമുപയോഗിക്കുന്നവയും ഒക്കെ കണ്ട് അതൊക്കെ കഴിച്ചാൽ മാത്രമേ ആരോഗ്യം കിട്ടൂ, 

അതൊക്കെയാണ് നല്ല ഡയറ്റ് എന്നൊക്കെ കരുതുന്നവർ ധാരാളം. വാട്സ്ആപ് വഴിയും യൂട്യൂബ് വഴിയും പ്രചരിക്കുന്ന ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഡയറ്റിങ്ങ് രീതികളും മറ്റും നമ്മുടെ ആരോഗ്യത്തെ തന്നെ താറുമാറാക്കുമെന്ന് ഓർക്കുക. 

നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കൾ കൊണ്ടും നല്ല ഡയറ്റ് ശീലിക്കാം എന്നതാണ് ന്യൂട്രീഷ്യൻ വീക്ക് മുന്നോട്ട് വയ്ക്കുന്ന പ്രധാന ചിന്ത. കൂടുതൽ സമയം വീട്ടിൽ തന്നെ ചിലവഴിക്കേണ്ടി വരുന്ന ഈ കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങളുണ്ട്. 

1. നമ്മുടെ നാടിന്റെ തനത് ഭക്ഷണം കഴിക്കുക. അതാത് കാലങ്ങളിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. 

2. കഴിക്കുന്ന അളവ് ക്രമപ്പെടുത്തുക. അമിതമായി കഴിക്കുന്ന ശീലം മാറ്റാം. ഇങ്ങനെ നിയന്ത്രിച്ചു കഴിച്ചാൽ ഇഷ്ടമുള്ളതിനോട് നോ പറയേണ്ടി വരുന്നത് കുറയ്ക്കാം.

3. പാക്കറ്റ്, ക്യാൻഡ് ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. ഇവയിലൊക്കെ ധാരാളം പ്രിസർവേറ്റീവ്സും മധുരവും ഉപ്പും മസാലകളും കൂടുതൽ ഉണ്ടാകാനിടയുണ്ട്. 

4. ചോറോ ചപ്പാത്തിയോ ഒക്കെ ധാരാളം കഴിക്കുന്നതിനു പകരം അവയുടെ അളവ് കുറച്ച് കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിച്ചു ശീലിക്കുക. 

ദഹനപ്രശ്നങ്ങളും മലബന്ധവും ഒഴിവാക്കാം

വീട്ടിലിരിക്കുന്നതിന്റെ ഗുണങ്ങൾ പലതുണ്ടെങ്കിലും ഈയിടടയായി വീട്ടിലിരിപ്പിന്റെ മോശം വശം അമിത വണ്ണവും ദഹനപ്രശ്നങ്ങളുമായി തലപൊക്കി തുടങ്ങുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ക്രമം തെറ്റുന്ന ആഹാര രീതികൾ, ആവശ്യമില്ലാഞ്ഞിട്ടും കൊറിക്കുന്ന ചെറുകടികളും പലഹാരങ്ങളും, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്ന രീതിയും ഒക്കെ നമ്മുടെ ദഹനപ്രക്രിയകളെ ദോഷകരമായി ബാധിക്കും. ദഹനപ്രശ്നങ്ങള്‍ ഉള്ളവർ ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങൾ നോക്കാം...

1. ദിവസവും 8–12 ഗ്ലാസ് വെള്ളം നിർബന്ധമായി കുടിക്കുക. ഓരോരുത്തർ ഓരോ കുപ്പിയിൽ വെള്ളമെടുത്ത് വച്ച് അതി കുടിച്ചു തീർക്കുന്ന രീതി ശീലിച്ചാൽ വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാം. 

2. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ഓരേതരം പഴങ്ങളും പച്ചക്കറിയും മാത്രം കഴിക്കാതെ പലതും മാറി മാറി കഴിക്കാം. ഇഷ്ടമല്ലാത്തവ ചപ്പാത്തിയിലോ, ദോശയിലോ, കട്ട്ലറ്റിലോ മറ്റ് പലഹാരങ്ങളിലോ അരിഞ്ഞ് ചേർത്ത് കഴിക്കാം. 

3. ദഹനത്തിനു ബുദ്ധിമുട്ടുള്ളവരും മലബന്ധം ഉള്ളവരും ദിവസവും ഒരു ചെറുപഴം കഴിക്കുന്നത് നല്ലതാണ്. 

4. പപ്പായ, പൈനാപ്പിൾ, തക്കാളി, വാഴപ്പിണ്ടി, വാഴകുടപ്പൻ, വെണ്ടക്ക, കപ്പ, ചക്ക ഇവയൊക്കെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ നല്ലതാണ്. പ്രമേഹമുള്ളവർ പഴുത്ത ചക്കയും കപ്പയും ഒഴിവാക്കുന്നതാണ് നല്ലത്. 

5. മലബന്ധമുള്ളവർ ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കണം എന്ന് നിർബന്ധമുള്ളവർ നന്നായി പുഴുങ്ങി കഴിക്കുക. 

6. ദഹനപ്രശ്നങ്ങൾ ഉള്ളവർ റെഡ് മീറ്റ് ഒഴിവാക്കുക. അതു പോലെ മീനിൽ അയല ഒഴിവാക്കുക. 

7. ഓട്സ്, റാഗി പോലുള്ളവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. 

8. ജംങ്ക് ഫുഡ് കഴിക്കുന്നത് ദഹനരപ്രശ്നങ്ങൾ കൂട്ടും. അങ്ങനെയുള്ളവ കഴിക്കാൻ തോന്നിയാൽ തന്നെ വീട്ടിൽ ഉണ്ടാക്കി കഴിക്കുക. 

9. ഉണക്കമുന്തിരി, ഈന്തപ്പഴം, ബദാം ഒക്കെ ചെറിയ അളവിൽ കഴിക്കുന്നത് നല്ലതാണ്. 

10. ഇതോടൊപ്പം കൃത്യമായ വ്യായാമവും ഉറക്കവും ശീലിക്കുക. 

വിവരങ്ങൾക്ക് കടപ്പാട്: അൽഫോൺസ പ്രഭ സോളമൻ, ഡയറ്റീഷ്യൻ, ഇന്ദിരഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര

Tags:
  • Health Tips
  • Glam Up