Friday 12 April 2024 02:46 PM IST : By സ്വന്തം ലേഖകൻ

‘ദാഹിക്കുന്നു എന്ന് ശരീരം സിഗ്നൽ തരുന്നതിനു മുന്‍പേ വെള്ളം കുടിക്കാം’; ഒരുക്കാം സമ്മർ ഡയറ്റ്

summerdiet

സമ്മർ ഡയറ്റിൽ ഏറ്റവും പ്രധാനം ശരീരത്തിനു വേണ്ടത്ര ജലം നൽകുക എന്നതാണ്. അതിനു ദിവസവും 2-3 ലീറ്റർ ശുദ്ധജലം  കുടിക്കുക. ചൂടു വരുമ്പോൾ ശരീരം തണുപ്പിക്കാനായി തലച്ചോർ അയക്കുന്ന സന്ദേശം വഴി വിയർപ്പു ഗ്രന്ധികൾ കൂടുതൽ വിയർക്കും. അതുവഴി നമ്മുടെ ശരീരം തണുക്കും. അതുകൊണ്ടു പുറത്തു ചൂടുണ്ടെങ്കിലും ശരീരം ഒരേപോലുള്ള ചൂടു കാത്തുവയ്ക്കും. 

ആവശ്യത്തിനു വെള്ളം ചെന്നില്ലെങ്കിൽ ചൂടു കൊണ്ടു നിർജലീകരണം പെട്ടന്നു വരാം. ദാഹിക്കുന്നു എന്ന് ശരീരം സിഗ്നൽ തരുന്നത് തന്നെ ഏകദേശം 30- 40 ശതമാനം വരെ നിർജലീകരണം സംഭവിച്ച ശേഷമാണ്. അതിനു മുൻപേ തന്നെ വെള്ളം കുടിക്കുക. 

∙ കടുത്ത ചൂടിൽ നിന്നു വന്നിട്ടു പെട്ടെന്നു തണുത്ത വെള്ളം കുടിക്കുമ്പോൾ ചിലസമയത്തു ശരീരത്തിനു ഒരു ഷോക്ക് ഉണ്ടാകാം. ഇതൊഴിവാക്കാന്‍ സാധാരണ താപനിലയിലുള്ള വെള്ളം കുടിക്കുക. തണുത്ത പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നതു വേനലിൽ പനിക്കും തൊണ്ടവേദനയ്ക്കും കാരണമാകാം.

∙ വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് തേങ്ങാ വെള്ളം,  കരിക്കിന്‍ വെള്ളം, ഇഞ്ചി – ചെറിയ ഉള്ളി – കറിവേപ്പില – കാന്താരി മുളക് ഇട്ട മോരും വെള്ളം കുടിക്കാം. 

∙ വേനൽക്കാലത്ത് ഇഡ്ഡലി ദോശ, പുട്ട്, ഉപ്പ്മാവ് ഒ ക്കെ നല്ലതാണ്. ഉച്ചയ്ക്ക് ചോറ് പരിപ്പ്/മോരുകറി, അധികം മസാല ചേർക്കാത്ത എന്നാൽ തേങ്ങാപ്പാൽ ചേർത്ത ഫിഷ് മോളി പോലുള്ളവ ഉൾപ്പെടുത്താം. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ദഹിക്കാനെളുപ്പത്തിനുള്ളവ കഴിക്കുക. ഇറച്ചിയും മീനും മുട്ടയും ഒന്നും ഒഴിവാക്കേണ്ടതില്ല അവ ശരിയായ രീതിയിൽ പാകം ചെയ്ത് കഴിച്ചാൽ മതി. പച്ചക്കറി ധാരാളം കഴിക്കാം. 

∙ സാലഡുകൾ, പഴങ്ങൾ ഒക്കെ കഴിക്കുമ്പോഴാണു കുടലിനൊക്കെ തണുപ്പു ലഭിക്കുക. ദിവസം രണ്ടു നേരമെങ്കിലും ഇവ കഴിക്കാം. മെലൺ വിഭാഗത്തിലുള്ള പഴങ്ങളും (മസ്ക് മെലൺ, വാട്ടർ മെലൺ തുടങ്ങിയവ) ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ചക്ക എന്നിവയും നമ്മുടെ നാട്ടിൽ സുലഭമായി വിളയുന്ന പഴങ്ങളും ഇടയ്ക്കിടെ കഴിക്കാം. സിട്രസ് ഫ്രൂട്ട്സ് – ഓറഞ്ച്, നാരങ്ങ, സ്വീറ്റ് മെലൺ, കമ്പളി നാരങ്ങ മുതലായവയും കൂടുതൽ ഇലക്കറികളും കഴിക്കാം.  

∙ തൈര് നല്ല തണുപ്പ് പകരുന്നതുകൊണ്ട് ഇടയ്ക്ക് പുളിയില്ലാത്ത തൈരും പഴങ്ങളും ചേർത്ത് മിക്സിയിലടിച്ച് സ്മൂതിയായും കുടിക്കാം.  

∙ മാമ്പഴക്കാലത്ത് ആം പന്ന ഉണ്ടാക്കാം. പച്ചമാങ്ങാ അല്ലെങ്കിൽ ചെനച്ച മാങ്ങ വേവിച്ചെടുക്കുക. അത് കുറച്ച് ശർക്കര കൂടിയിട്ടു മിക്സിയിൽ അടിച്ചെടുക്കാം. ഇനി വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കാം. ഉപ്പും ജീരകപ്പൊടിയും ഇഷ്ടമുള്ളവർക്ക് അവ കൂടി ചേർക്കാം. 

കടപ്പാട്: സോളി ജെയിംസ്, കൺസൽറ്റന്റ്, ന്യൂട്രീഷനിസ്റ്റ്, കൊച്ചി

Tags:
  • Health Tips
  • Glam Up