വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമായി കാണരുത്. കുടിവെളളം, അലർജി പ്രശ്നങ്ങൾ തുടങ്ങി കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ.
വെള്ളം ഉപയോഗിക്കുമ്പോൾ
വേനൽക്കാലത്ത് ദാഹമേറുമെന്നതിനാൽ ധാരാളം വെളളം കുടിക്കേണ്ടതായും വരും. നിർജലീകരണം വരാതിരിക്കാൻ ധാരാളം വെളളം വേണം. കുടിക്കാൻ വെളളം തിളപ്പിക്കുമ്പോൾ മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കുക. ചൂടാറിയശേഷം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുപോകുമ്പോൾ വീട്ടിലെ വെളളം തന്നെ കുടിക്കാൻ കൈയിൽ കരുതുക.
കടകളിൽ നിന്ന് വെളളം അധികം വാങ്ങാതിരിക്കുക. നിറമുളള പാനീയങ്ങൾ വേണ്ട. അതുപോലെ തന്നെ ദാഹം തോന്നുമ്പോൾ കോള പോലുളള കാർബണേറ്റഡ് പാനീയങ്ങളും മധുരമേറിയ പാനീയങ്ങളും വാങ്ങി കുടിക്കരുത്. മദ്യം തീർത്തും ഒഴിവാക്കണം. കുഴൽകിണറുകളിലെ വെളളത്തിൽ ചിലപ്പോള്‍ ഫ്ളൂറൈഡ് എന്ന ഘടകം കൂടുതലായിരിക്കും. ഇതു തിളപ്പിച്ചാലും പോകില്ല. അതുകൊണ്ട് കുഴൽകിണറിലെ വെളളം കഴിവതും ഒഴിവാക്കുക.
എസി, ഫാൻ ഉപയോഗിക്കുമ്പോൾ
ചൂടുകാലമായതിനാൽ എസി, ഫാൻ, എയർകൂളർ എന്നിവ നാം കൂടുതലായി ഉപയോഗിക്കും. എസിയുടെ സ്ഥിരമായ ഉപയോഗം ചർമത്തെ വരണ്ടതാക്കുകയും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുകയും ചെയ്യും. ശ്വാസകോശനാളിയെയും വരണ്ടതാക്കും. ഇതു ശ്വാസകോശസംബന്ധമായ അണുബാധകൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ എസി മുറിയിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
കൃത്യമായ ഇടവേളകളിൽ എസിയുടെ ഫിൽറ്ററും മറ്റും വൃത്തിയാക്കണം. പുറമെ നിന്നു വിയർത്തൊലിച്ചു വന്നു കയറിയ ഉടൻ എസിയിൽ കയറി ശരീരം തണുപ്പിക്കരുത്. ആസ്മ, അലർജി എന്നിവ ഉളളവർ അധികനേരം എസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സീലിങ് ഫാൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ടേബിൾ ഫാനാണ്. സീലിങ് ഫാൻ മേൽക്കൂരയിലെ ചൂടുകൂടി മുറിക്കുള്ളിലേക്ക് കൊണ്ടുവരും.
ത്വക്കിലെ പ്രശ്നങ്ങൾ
കനത്ത ചൂട് കാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ധാരാളം വെളളം കുടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. കരിക്കിൻവെളളം, പഴച്ചാറുകൾ, കഞ്ഞിവെളളം എന്നിവ കുടിക്കുന്നതു നല്ലതാണ്. ദിവസവും രണ്ടോ മൂന്നോ തവണ കുളിക്കാം. അതും തണുത്ത വെളളത്തിൽ. കൂടാതെ കാൽപാദം കൂടുതൽ പരുപരുത്തതാകാനും വിണ്ടുകീറാനും ഇടയുണ്ട്.
എല്ലാ പ്രായക്കാരെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് ചൂടുകുരു. വയറ്, പുറം, ശരീരത്തിലെ വിവിധ മടക്കുകൾ തുടങ്ങി വിയർപ്പ് കൂടുതൽ തങ്ങി നിൽക്കുന്ന ഇടങ്ങളിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്. നല്ല ചൊറിച്ചിലുണ്ടാകും. ഇവ അകറ്റാൻ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കാം. വിവിധ തരത്തിലുളള പൂപ്പൽബാധകളും വേനൽകാലത്ത് ഉണ്ടാകാം. അതിലൊന്നാണ് ചുണങ്ങ്, കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിലാണ് ചുണങ്ങ് ഉണ്ടാവുക. ഇതു കൂടാതെ വട്ടച്ചൊറിയും പൂപ്പൽ കാരണം ഉണ്ടാകാം.
അലർജി: കാരണങ്ങൾ ഒഴിവാക്കുക
വേനൽക്കാലത്ത് വായുമലിനീകരണം കൂടാൻ ഇടയുണ്ട്. പലയിടങ്ങളിലും പൊടിക്കാറ്റും അടിക്കാറുണ്ട്. പൊടിയും മറ്റും ആസ്മ, അലർജി എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഈ രോഗങ്ങൾ ഉളളവർ പുറത്തിറങ്ങുമ്പോഴും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. റോഡിൽ കൂടി നടക്കുമ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും (പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ) പൊടി അടിക്കാതിരിക്കാൻ മുഖത്ത് മാസ്ക് ധരിക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വേനലിൽ ചിലർക്ക് സൂര്യപ്രകാശത്തോട് അലർജി ഉണ്ടാകാനിടയുണ്ട്. സൂര്യപ്രകാശം തട്ടുന്ന ഭാഗങ്ങളിൽ ചൊറിച്ചിലുണ്ടാകുന്നതാണ് അലർജിയുടെ ലക്ഷണം. സൂര്യപ്രകാശം ഏൽക്കാതിരിക്കുകയാണ് പ്രധാന പരിഹാരം. പുറത്തു പോകുമ്പോഴും മറ്റും കുട ഉപയോഗിക്കുക.
ചൂടുകാലത്തെ രോഗങ്ങൾ
വേനൽക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യതയുളള ജലജന്യ–ഭക്ഷ്യജന്യ രോഗങ്ങളാണ് വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് എ എന്നിവ. ഈർപ്പമുളള ചൂടു കാലാവസ്ഥയിൽ കൊതുകു പെറ്റുപെരുകാന്‍ സാധ്യത കൂടുതലാണ്. അതു കൊണ്ടുതന്നെ കൊതുകു പരത്തുന്ന രോഗങ്ങളും പടരാൻ ഇടയുണ്ട്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയാണ് കൊതുകിൽ നിന്ന് രക്ഷ നേടാനുളള മാർഗം.
അന്തരീക്ഷത്തിലെ ചൂടു കൂടുന്നതു വഴി ശരീരത്തിലെ ജലാംശം പരിധിവിട്ടു കുറയുമ്പോൾ മൂത്രത്തിൽ അണുബാധയും കല്ലും വരാനുളള സാധ്യത കൂടുതലാണ്. വെയിലത്ത് കൂടുതൽ നേരം ജോലി ചെയ്യുന്നവരിൽ ഉണ്ടാകുന്ന പ്രശ്നമാണ് ചൂടു മൂലമുളള പേശീവേദന. ശരീരത്തിലെ സോഡിയത്തിന്റെ അംശം വിയർപ്പിലൂടെ കൂടുതൽ നഷ്ടപ്പെടുന്നതു മൂലമാണിത്. ചൂടു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം. ശരീരം വളരെയധികം ചൂടാകുമെങ്കിലും വിയർപ്പ് ഉണ്ടാകില്ല.
കുട്ടികളുടെ കളിയും ഭക്ഷണവും
കുട്ടികളുടെ അവധിക്കാലമാണല്ലോ വേനൽക്കാലം. അതുകൊണ്ടു തന്നെ വീട്ടിൽ ഇരിക്കാതെ കളിയൊക്കെയായി ആഘോഷതിമിർപ്പിലായിരിക്കും അവർ. കടുത്ത വെയിലുളള സമയങ്ങളിൽ (രാവിലെ 11 മുതൽ 3 മണിവരെ) കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കക. സൂര്യാഘാതമേൽക്കാൻ ഇടയുണ്ട്. കുട്ടികളുമായി പുറത്തു പോകുമ്പോൾ തൊപ്പി ധരിപ്പിക്കുവാൻ ശ്രദ്ധിക്കുക.
കൈ മൂടുന്ന തരത്തിലുളള വസ്ത്രങ്ങളായാൽ നല്ലത്. കോട്ടൺ മതി. ധാരാളം വെളളം കുടിപ്പിക്കണം. പുറത്തു കളിക്കാൻ പോകുമ്പോഴും നന്നായി വെളളം കുടിപ്പിക്കുക. വെളളത്തിനു പുറമെ ശരീരം തണുപ്പിക്കാൻ വീട്ടിൽ തന്നെ തയാറാക്കുന്ന പഴച്ചാറുകളും നാരങ്ങാവെളളവും നൽകാം. സീസണലായി ലഭിക്കുന്ന പഴങ്ങളും ധാരാളം കൊടുക്കാം. ശരീരത്തിൽ നിർജലീകരണത്തിന് ഇട നൽകരുത്. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുളള സൺസ്ക്രീനുകൾ പുരട്ടാം.
വസ്ത്രധാരണം
വേനലിൽ ശരീരത്തിലെ വിയർപ്പ് ഒപ്പിയെടുക്കുന്നതിനു കോട്ടൺ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്. അടിവസ്ത്രങ്ങളും കോട്ടൺ തന്നെ ഉപയോഗിക്കന്നതാണ് അനുയോജ്യം. പോളിസ്റ്റർ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ലിനൻ തുണിത്തരങ്ങളും നല്ലതാണ്. ഇറുകി കിടക്കുന്ന ജീൻസ്, ലെഗിങ്ങ്സ്, ഈർപ്പമുളള അടിവസ്ത്രങ്ങൾ എന്നിവ ഒഴിവാക്കുക. അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.
ശരീരം മൂടുന്ന തരത്തിലുളള കോട്ടൺ നിർമ്മിത ഫുൾസ്ലീവ് വസ്ത്രങ്ങൾ സൂര്യരശ്മിയിൽ നിന്നു രക്ഷിക്കും. അങ്ങനെ കൈ കറുക്കുന്നതു തടയാം. വസ്ത്രങ്ങൾ വെയിലത്ത് ഇട്ടു നന്നായി ഉണക്കിയ ശേഷം ധരിക്കുക. ഇളം നിറത്തിലുളള വസ്ത്രങ്ങളാണ് നല്ലത്. കടുത്ത നിറങ്ങൾ ചൂടു കൂട്ടും. രാത്രിയിൽ അയവുളള വസ്ത്രങ്ങൾ ധരിക്കുക. വീതിയേറിയ സ്ട്രാപ്പുളള ചെരുപ്പുകൾക്കു പകരം നേരിയ സ്ട്രാപ്പുളള ചെരുപ്പ് ധരിക്കുന്നത് പാദങ്ങൾക്ക് ആശ്വാസം പകരും.
യാത്ര ചെയ്യുമ്പോൾ
വെക്കേഷൻ കാലമായതിനാൽ കുടുംബസമേതം ധാരാളം യാത്രകൾ ചെയ്യുന്ന സമയമാണിത്. യാത്രയിൽ സണ്‍ഗ്ലാസ്, ഹാൻഡ്കർച്ചീഫുകൾ, തൊപ്പി എന്നിവ കരുതാം. കാറിനുളളിലെ യാത്രയാണെങ്കിലും സൺഗ്ലാസ് ധരിക്കാവുന്നതാണ്. ദൂരയാത്രയ്ക്കു പോകുന്നവർ കൈയിൽ വെളളം കരുതണം. ഹോട്ടലിൽ നിന്നും മറ്റും വെള്ളം കുടിക്കുന്ന അവസ്ഥ ഒഴിവാക്കാം.
ആഹാരസാധനങ്ങളും കരുതുന്നത് നല്ലതാണ്. പുറത്തു നിന്നു കഴിക്കേണ്ടി വന്നാലും മാംസാഹാരം ഒഴിവാക്കാം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ ഒഴികെ മുഖവും മൂക്കും മറയുന്ന തരത്തിൽ ചെറിയ സ്കാർഫോ മറ്റോ കൊണ്ട് മൂടാം. കാറിൽ ദൂരയാത്ര ചെയ്യുന്നവർക്ക് എസി ചൂടിൽ നിന്ന് അനുഗ്രഹമാണ്. എന്നിരുന്നാലും ഇടയ്ക്ക് വണ്ടി നിർത്തി, പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചു വിശ്രമിക്കുന്നത് നല്ലതാണ്.
സൗന്ദര്യം കാത്തുസൂക്ഷിക്കാം
ചൂടു കാരണം മുഖവും മറ്റു ഭാഗങ്ങളും കരുവാളിക്കുന്നത് (ടാനിങ്) വേനൽക്കാലത്ത് ഉണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കുക. എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) കുറഞ്ഞത് 30 എങ്കിലും ഉളളതു തന്നെ ഉപയോഗിക്കണം. മൂന്നു മണിക്കൂറാണ് സൺസ്ക്രീനിന്റെ ഫലം നിലനിൽക്കുന്നത്.
ചെറുപ്പക്കാരിൽ മുഖക്കുരു കൂടുതലായി വരാം. സ്നേഹഗ്രന്ഥിയുടെ സുഷിരങ്ങൾ അടയുന്നതാണു കാരണം. മുഖക്കുരു തടയാൻ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് മുഖം രണ്ടോ മൂന്നോ തവണ കഴുകാം. പുറത്തിറങ്ങുമ്പോൾ മുടിയും മറയ്ക്കാം. അല്ലെങ്കിൽ യുവി രശ്മികൾ കാരണം നര, മുടി വിണ്ടുകീറൽ എന്നിവ സംഭവിക്കാം. വെയിലേറ്റ ഭാഗത്തെ കരുവാളിപ്പ് മാറാൻ തണുത്ത തൈരോ, വെളളരിക്ക അരിഞ്ഞതോ തേയ്ക്കാം.
കണ്ണിനു കണ്ണായി
കടുത്ത വേനലിൽ സൂര്യപ്രകാശത്തിലേക്ക് നേരിട്ട് നോക്കരുത്. പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കണം. നല്ല ഗുണമേന്മയുളളത് വാങ്ങുക. വെയിലേറ്റ് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ നല്ല തണുത്ത വെളളത്തിൽ കണ്ണു കഴുകണം. കണ്ണിലേക്ക് ചൂടേൽക്കാതെ തൊപ്പിയോ മറ്റോ ധരിക്കാം. ചൂടുകാലത്ത് നീന്താൻ ഇറങ്ങുമ്പോള്‍ സ്വിമ്മിങ് ഗോഗിൾസ് ഉപയോഗിക്കണം. നീന്തല്‍ കുളത്തിൽ നിന്നു പുറത്തിറങ്ങി കഴിഞ്ഞാൽ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയും വേണം.
വേനൽക്കാലത്ത് കണ്ണിന് ഉണ്ടാകുന്ന രോഗങ്ങളാണ് ചെങ്കണ്ണ്, അലർജി, ഡ്രൈ ഐ, കൺകുരു, കോർണിയയിൽ അൾസർ എന്നിവ. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ വൈദ്യസഹായം തേടണം. കണ്ണിനു കുളിർമ കിട്ടാൻ പഞ്ഞി തണുത്ത വെളളത്തിൽ മുക്കിപ്പിഴിഞ്ഞ് കണ്ണിനു മേലെ വയ്ക്കാം.