Monday 13 May 2024 03:21 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’; ആതുരസേവനം അവസാനിപ്പിച്ച് ‘രണ്ടുരൂപ’ ഡോക്ടര്‍, ഇനി വിശ്രമജീവിതം

doctor-help.jpg.image.845.440

‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’.- ദീര്‍ഘനാളത്തെ ആതുരസേവനം അവസാനിപ്പിച്ച് ‘രണ്ടു രൂപ’ ഡോക്ടര്‍. രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് 50 വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ജോലിയില്‍ നിന്നും വിരമിച്ചത്. ‘രണ്ടുരൂപ’ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡോ. രൈരു ഗോപാലാണ് വിശ്രമജീവിതത്തിലേക്ക് കടന്നത്. 

മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. പരിശോധനയ്ക്കായി ഒരു വീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. 

ആതുര സേവനത്തിൽ നിന്ന് ഇടവേളയെടുത്ത ഡോക്ടർ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസും രംഗത്ത് എത്തി. തന്റെ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ നന്മയുടെ മറുവാക്കെന്നാണ് ഡോക്ടർ രൈരു ഗോപാലിനെ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ആതുര സേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അദ്ഭുതവുമാണ് ഡോക്ടറെന്നും കുറിപ്പിലുണ്ട്. 

മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം;

നൻമയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാൽ, പുലർച്ചെ മുതൽ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികൾ. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ. ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അദ്ഭുതവുമാണ് ഡോ. രൈരു ഗോപാൽ.അമ്പത് വർഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടു രൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നൽകുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു. 

ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടുരൂപ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്‍റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്.ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു. രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്നേഹം പങ്കുവച്ചു.

Tags:
  • Health Tips
  • Glam Up