Friday 09 September 2022 12:21 PM IST : By സ്വന്തം ലേഖകൻ

വാക്‌സീൻ നൽകിയിട്ടും പേവിഷബാധ മൂലം മരണം; ബന്ധപ്പെട്ട വാക്സീൻ പുനഃപരിശോധനയ്ക്ക്, സെൻട്രൽ ഡ്രഗ്സ് ലാബിൽ എത്തിക്കും

rabies45677

പേവിഷബാധയ്ക്കെതിരെയുള്ള വാക്സീൻ കുത്തിവച്ചിട്ടും മരണം സംഭവിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട ബാച്ച് വാക്സീൻ പുനഃപരിശോധനയ്ക്ക് രണ്ടു ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശിലെ കസൗളി സെൻട്രൽ ഡ്രഗ്സ് ലാബിൽ ​​എത്തിക്കും. റാന്നിയിൽ മരണം സംഭവിച്ച കുട്ടിയുടെ പരിശോധനാ റിപ്പോർട്ടിൽ വാക്സീൻ അംശം കണ്ടെത്തിയെങ്കിലും പുനഃപരിശോധനാ നടപടി പൂർത്തിയാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിനായി മന്ത്രി വീണാ ജോർജ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറെ  ചുമതലപ്പെടുത്തി.  

കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സീൻ ആണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കു നൽകിയത്. വാക്‌സീൻ നൽകിയിട്ടും പേവിഷബാധമൂലം മരണം സംഭവിച്ചു. 

ഒരിക്കൽ സെൻട്രൽ  ലബോറട്ടറിയുടെ പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകി വിതരണത്തിന് അയച്ച വാക്സീൻ  പിന്നീട് പുനഃപരിശോധനയ്ക്കു സാധാരണ നിലയിൽ ലാബ് തയാറാകാറില്ല. അതുകൊണ്ട് കേന്ദ്ര ലാബിൽ നിന്ന് ലഭിച്ച ഗുണനിലവാര സർട്ടിഫിക്കറ്റിന്റെ കോപ്പിയുൾപ്പെടെ നൽകി കേന്ദ്ര ആരോഗ്യവകുപ്പിനോടാണ് പുനഃപരിശോധനയ്ക്കു സഹായം തേടിയിട്ടുളളത്. കെബി 21002 ബാച്ച് നമ്പരിൽ വന്ന 83000 വയ്ൽ (vial– ഒരു കുത്തിവയ്പിനുള്ള കുപ്പി) മരുന്നാണ് കേരളത്തിലെത്തിയത്. ഇതിൽ ഇനി 1000 വയ്ൽ മാത്രമേ ബാക്കിയുള്ളൂ. 

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സീന്റെ ഓരോ ബാച്ചും പരിശോധിക്കണമെന്ന വ്യവസ്ഥ 2017ൽ കേന്ദ്രസർക്കാർ തന്നെ കർശനമാക്കിയിരുന്നെങ്കിലും 2020ൽ കോവിഡ് വന്നപ്പോൾ ലാബിലെ തിരക്കു മൂലം കേന്ദ്രസർക്കാർ തന്നെ ഇതിൽ ഇളവു വരുത്തിയിരുന്നു. അപ്പോഴും രാജ്യത്തെ ഏക സെൻട്രൽ ഡ്രഗ്സ് ലാബിന്റെ ഗുണപരിശോധനയില്ലാത്ത ഒരു വാക്സീനും വിതരണത്തിന് എത്തിക്കരുതെന്ന നിലപാടാണ് കേരളം എടുത്തതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

Tags:
  • Health Tips
  • Glam Up