Thursday 12 May 2022 04:25 PM IST : By സ്വന്തം ലേഖകൻ

‘ഉറങ്ങുന്നതിന് മുന്‍പ് കൺപീലിയിൽ ഒലിവ് ഓയിൽ പുരട്ടാം’; ഭംഗിയും ആരോഗ്യവുമുള്ള കണ്ണുകള്‍ക്ക് വേണം കൂടുതല്‍ കെയര്‍, ടിപ്സ്

eye-lashes096tvhbjj

ഭംഗിയുള്ള കണ്ണുകളാണ് മുഖത്തെ ആകര്‍ഷകമാക്കുന്നത്. ആരോഗ്യമുള്ള നീണ്ട കണ്‍പീലികളാണ് കണ്ണുകളെ കൂടുതല്‍ മനോഹരമാക്കുന്നത്. അതുകൊണ്ടുതന്നെ കണ്‍പീലികളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കായി ഇക്കാര്യങ്ങള്‍ ചെയ്യാം.

∙ ഉറങ്ങുന്നതിന് മുന്‍പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും.

∙ ആവണക്കെണ്ണയിൽ കട്ടികുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ ചേർത്ത് കൺപീലിയിൽ പുരട്ടുന്നത് കൺപീലിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ വെയ്ക്കുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ഫ്ലെവനോയിഡും കണ്‍പീലികളെ ശക്തിപ്പെടുത്തും. മാത്രമല്ല പുതിയ കണ്‍പീലികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

∙ നാരങ്ങയുടെ പുറംതൊലി ഒലിവ് ഓയിലിലോ ആവണക്കെണ്ണയിലോ നാലോ അഞ്ചോ ദിവസം മുക്കി വച്ച് കണ്‍പീലിയിൽ പുരട്ടുക. വിറ്റാമിൻ സി ലയിച്ച് ചേർന്ന ഓയിൽ കൺപീലികളുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. കണ്ണുകളുടെയും കണ്‍പീലികളുടെയും സംരംക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.

കണ്ണിന് മേക്കപ്പ് ചെയ്യുമ്പോൾ

സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിലെ ചില പാകപ്പിഴകൾ കണ്ണിനു പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മേക്കപ്പ് കണ്ണിലാകുമ്പോൾ കൂടുതൽ കരുതൽ വേണം. 

∙ നന്നായി കൂർപ്പിച്ച ഐ പെൻസിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൺപോളയുടെ വരയിൽ നിന്ന് പുറത്തേ ഐലൈനർ ഉപയോഗിക്കാവൂ.

∙ കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാൻ ഇത് കാരണമാകാം.

∙ ആറു മാസത്തിലൊരിക്കൽ കണ്ണുകൾക്ക് ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ മാറ്റി പുതിയവ വാങ്ങണം. ഇത് കണ്ണുകളിൽ അണുബാധയുണ്ടാകുന്നതു തടയും.

∙ നിക്കൽ അലർജിയുള്ളവർ ഐലാഷ് കേളർ ഒഴിവാക്കുക. കേളറിന്റെ മെറ്റൽ ഫ്രെയിമിൽ നിക്കൽ അടങ്ങിയിട്ടുണ്ട്.

∙ രാത്രി ഉറങ്ങുന്നതിനു മുന്‍പ് കണ്ണുകളിലും ചുറ്റിലുമുളള എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുക. ഇതിനായി വെറ്റ് വൈപ്പ് ഉപയോഗിക്കാം.

Tags:
  • Glam Up
  • Beauty Tips