Wednesday 29 August 2018 10:26 AM IST : By സ്വന്തം ലേഖകൻ

തിരക്കിട്ട് കുളിച്ചെന്നുവരുത്തി ബാത്റൂമിൽ നിന്ന് ഒാടിയിറങ്ങുന്നവർ അറിയാൻ

IB172543_172543161106183_SM567970

നന്നായി കുളിക്കുന്നത് പോലെ മനസ്സിനെയും ശരീരത്തെയും റിഫ്രഷ് ചെയ്യുന്ന മറ്റൊരു കാര്യവുമില്ല. ഇതൊക്കെ അറിയാമെങ്കിലും തിരക്കിനിടയിൽ ആരും അതിനു ശ്രമിക്കാറില്ലെന്നുള്ളതാണ് സത്യം. ഇതാ, കുളിയിലൂടെ കൂടുതൽ ഫ്രഷ് ആകാൻ ചില വഴികൾ. ക്ഷീണമകറ്റാൻ കുളിപോലെ സുഖം പകരുന്ന മറ്റു കാര്യങ്ങളും.

∙മഴക്കാലത്ത് കുളിക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക. സന്ധ്യകഴിഞ്ഞ് കുളിക്കുമ്പോൾ തല നനയ്ക്കാതെ കുളിക്കുന്നതാകും നല്ലത്. കാരണം തലമുടി ഉണങ്ങാനുള്ള ചൂട് അന്തരീക്ഷത്തിൽ ഉണ്ടാകില്ല. തലയിൽ വെള്ളം തങ്ങി നിന്നാൽ സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

∙ ശരീരം കഴുകിയ ശേഷം തല കുളിക്കുന്നതാണ് മിക്കവരുടെയും രീതി. എന്നാൽ ആദ്യം തല കഴുകിയശേഷം ശരീരം കുളിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയിൽ ഉണങ്ങിയ തോർത്ത് കൊട്ടിവച്ച ശേഷം വേണം ശരീരം വൃത്തിയാക്കാൻ. 

∙ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി കുളിക്കുന്നത് ആരോഗ്യകരമല്ല. പ്രത്യേകിച്ച് പനിക്കു ശേഷം കുളിക്കുമ്പോൾ. പകരം തിളപ്പിച്ച് ആറിയ വെള്ളത്തിൽ കുളിക്കുന്നതാണ് ഉചിതം. 

 ഫുട്ട് ബാത്

ഇളം ചൂടുള്ള വെള്ളത്തിൽ കണങ്കാലുകൾ മുങ്ങുന്ന തരത്തിൽ 30 മിനിറ്റ് കാൽ മുക്കി വയ്ക്കുക. ആവശ്യാനുസരണം ചൂടുവെള്ളം ഒഴിക്കുന്നതിനൊപ്പം കാലുകൾ തമ്മിൽ കൂട്ടിയുരുമ്മുക. ഇത്  മൂക്കടപ്പ്, പനി, ഛർദി, ഉറക്കമില്ലായ്മ എന്നിവയിൽ നിന്ന് ആശ്വാസം നൽകും. മാത്രമല്ല കാലിലെ നീരു കുറയ്ക്കാനും ഇത് സഹായിക്കും.

ഹോട് കംപ്രസ്

ചൂടുവെള്ളത്തിൽ തുണി മുക്കിയ ശേഷം ആ തുണി ഉപയോഗിച്ച് അടിവയറ്റിലും കഴുത്തിലും നെഞ്ചിലും തുടയ്ക്കുക. അ തിനു ശേഷം തണുത്ത വെള്ളത്തിൽ തുണി മുക്കി ഇതേ ശരീര ഭാഗങ്ങളിൽ അഞ്ച് മിനിറ്റ് തടവുക. മൃദുവായ കോട്ടൻ തുണിയോ ടവ്വലോ ഉപയോഗിച്ചു വേണം ഇതു ചെയ്യാൻ. 

ന്യൂട്രൽ ബാത്

ബാത് ടബ്ബാണ് ഈ കുളിക്ക് സൗകര്യം. ഇളം ചൂടുള്ള വെള്ളത്തിൽ ശരീരം മുക്കി കിടക്കുക.  20 മുതൽ 40 മിനിറ്റ് വരെ ഇങ്ങനെ കിടന്നാൽ ശരീര വേദന, ക്ഷീണം, ഉറക്കമില്ലായ്മ, മടുപ്പ് എന്നിവ അകലും.

സിറ്റ്സ് ബാത്

വലിയൊരു പാത്രത്തിലോ ബാത് ടബ്ബിലോ അരഭാഗം ഇളം ചൂടുവെള്ളം നിറയ്ക്കുക. പൊക്കിൾ വരെ വെള്ളത്തിൽ മുങ്ങി ഏകദേശം പത്ത്  മിനിറ്റ് ഇരിക്കുക. വയറിളക്കം, മൂലക്കുരു, വജൈനൽ അണുവാധ എന്നിവ തടയാൻ ഇത് നല്ലതാണ്.

സ്റ്റീം ബാത്

നീരാവി കൊണ്ടുള്ള സ്റ്റീം ബാത് കഫക്കെട്ട്, ബ്രോ   ങ്കൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, വാതം, പനി... ഇവയ്ക്കെല്ലാം ആശ്വാസം തരും. ത്വക് രോഗങ്ങളും സ്റ്റീം ബാത് കൊണ്ട് സുഖപ്പെടും. ശരീരത്തിലെ വിഷാംശങ്ങ ൾ ത്വക്കിലെ ദ്വാരങ്ങൾ വഴി പുറം തള്ളപ്പെടുകയാണ്  ചെയ്യുന്നത്. മാംസപേശികൾക്ക് അയവുണ്ടാകുകയും രക്ത ചംക്രമണം കൂടുകയും സൗന്ദര്യ വർധിക്കുകയും ചെയ്യും. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗങ്ങൾക്കും ശമനമുണ്ടാകും.