Friday 05 January 2024 12:59 PM IST

‘കാണുന്നതെല്ലാം പരീക്ഷിക്കല്ലേ..’; സോഷ്യൽമീഡിയയിലെ വാചകമടി കേട്ട് സൗന്ദര്യവർധക വസ്തുക്കൾ വാങ്ങും മുന്‍പ്! ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Chaithra Lakshmi

Sub Editor

socialmediabeauuuuu

സോഷ്യൽമീഡിയയിലെ വാചകമടി കേട്ട് സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാൻ ഒരുങ്ങും മുൻപ് ഒരു മിനിറ്റൊന്ന് ശ്രദ്ധിക്കണേ...

വിലക്കിഴിവ്, ഓഫർ, കൂപ്പണുകൾ.. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിൽ നിന്നു സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങാൻ കാരണങ്ങളേറെയാണ്. സോഷ്യൽമീഡിയ പേജുകൾ വഴിയും പല തരം സൗന്ദര്യവർധകവസ്തുക്കൾ വാങ്ങാൻ അവസരമുണ്ട്. േസാഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന ഫോമോ (പ്രധാന കാര്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന ആശങ്ക) കാരണം ഇവ വാങ്ങിക്കൂട്ടാൻ പുതുതലമുറ മത്സരിക്കുകയാണ്.  ഓൺലൈൻ ഷോപ്പിങ്ങിലൂടെ കണ്ണുംപൂട്ടി സൗന്ദര്യവർധകവസ്തുക്കളും മേക്കപ്പ് ഉൽപന്നങ്ങളും വാങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.  

ചർമത്തെ അറിയുക പ്രധാനം

റീൽസിലെ സുന്ദരിമാർ സൗന്ദര്യവസ്തുക്കളെക്കുറിച്ചു വാചാലരാകുമ്പോൾ  പലരുടെയും  മനസ്സിൽ കുറ്റബോധം നിറയും. ‘ശ്ശോ. ഇതെല്ലാം പുരട്ടാതിരുന്നാൽ എന്റെ ചർമത്തിനു ഭംഗിയുണ്ടാകില്ല. ഇന്നു മുതൽ ചർമപരിചരണം തുടങ്ങിയിട്ടു തന്നെ കാര്യം’. അതോടെ  നിരത്തിപ്പിടിച്ച് ഓൺലൈനിൽ ഓർഡർ െചയ്യും. കയ്യിൽ കിട്ടുന്ന എല്ലാ ഉൽപന്നങ്ങളും ഒന്നിനു പുറകെ ഒന്നായി പരീക്ഷിക്കും. അധികം വൈകാതെ ചർമപ്രശ്നങ്ങളുമായി ഡോക്ടറെ തേടേണ്ട അവസ്ഥയാകും.   

∙േസാഷ്യൽ മീഡിയയിൽ സൗന്ദര്യ പരിചരണത്തെക്കുറിച്ചു വാചാലരാകുന്ന പലർക്കും ഇതേക്കുറിച്ച് നിർദേശങ്ങൾ നൽകാനുള്ള യോഗ്യതയോ അറിവോ ഇല്ലെന്നു മനസ്സിലാക്കുക. ഇവ പിന്തുടർന്നു സൗന്ദര്യപ്രശ്നങ്ങൾ പിടിപെട്ടാൽ അവർക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് ഓർക്കുക.

∙അമിതമായ ഷോപ്പിങ് ഭ്രമമുണ്ടെങ്കിൽ ഇതിനു കാരണം ഫോമോ ആണോയെന്നു വിലയിരുത്തി ആവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതു നിയന്ത്രിക്കാം.

∙ ചർമപരിചരണം വളരെ പ്രധാനമാണ്. എന്നാൽ കാണുന്നതെല്ലാം ചർമത്തിൽ പരീക്ഷിക്കുന്നത് ഒഴിവാക്കണം.   ചർമത്തിന്റെ സ്വഭാവത്തിനു ചേരുന്ന ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്. എത്രമാത്രം അളവിൽ, എപ്പോഴെല്ലാം ഉപയോഗിക്കാം എന്നതെല്ലാം വളരെ പ്രധാനമാണ്.

 ∙ സൗന്ദര്യം വർധിപ്പിക്കും, ചർമത്തിന്റെ ചെറുപ്പം നിലനിർത്തും എന്ന പേരിൽ‍ ഏറെ പ്രചാരമുള്ള പല ഘടകങ്ങളുംഎല്ലാവരുടെയും ചർമത്തിനു യോജിക്കില്ല. ചിലരിൽ ഇവ പുരട്ടുന്നതു മൂലം കടുത്ത അലർജി, അസ്വസ്ഥത ഇവയുണ്ടാകാനിടയുണ്ട്. ചർമത്തിനു യോജിച്ചവ കണ്ടെത്താൻ വിദഗ്ധോപദേശം തേടുന്നതാണു നല്ലത്. ഇങ്ങനെ ചെയ്താൽ ചർമം തകരാറിലാകുമോ, സൗന്ദര്യപ്രശ്നങ്ങൾ പിടിപെടുമോ തുടങ്ങിയ പ്രശ്നങ്ങൾ പേടിക്കേണ്ട.

∙എക്സിമ, റൊസേഷ്യ, സോറിയാസിസ് തുടങ്ങിയ ച ർമപ്രശ്നങ്ങളുള്ളവർ കഴിയുന്നതും സൗന്ദര്യവർധക വ സ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഇത്തരക്കാർ  ഡെർമറ്റോളജിസ്റ്റ് നിർദേശിക്കുന്ന ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതാണു അഭികാമ്യം.  അതല്ലെങ്കിൽ ഈ ചർമപ്രശ്നങ്ങൾ രൂക്ഷമാകാനിടയുണ്ട്.

എല്ലാം ഒരുമിച്ചു പരീക്ഷിക്കേണ്ട

∙ ചിലർക്ക് ഒരേ ബ്രാൻഡിന്റെ എല്ലാ ഉൽപന്നങ്ങളും വാങ്ങിക്കൂട്ടുന്ന ശീലമുണ്ട്.  ഏതെങ്കിലും സൗന്ദര്യവസ്തു വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഒരുമിച്ച് പത്തെണ്ണം  ഓർഡർ ചെയ്യരുത്. ആദ്യം ഒരെണ്ണം വാങ്ങി ഉപയോഗിച്ചു നോക്കി  പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം  അ ടുത്തതു വാങ്ങുക.

∙ ഓേരാ തവണ പുതിയ ഉൽപന്നം പരീക്ഷിക്കുമ്പോഴും ചർമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രകടമാകുന്നുണ്ടോയെന്നു പരിശോധിക്കണം. ചർമത്തിൽ കുരുക്കളോ നിറംമാറ്റമോ പ്രകടമായാൽ ആ ഉൽപന്നത്തിന്റെ ഉപയോഗം നിർത്തുക.

വിശ്വസിക്കേണ്ട ആ ‘മാജിക്’

1996252208

ഒറ്റ ദിവസം കൊണ്ടു ചർമം തിളങ്ങും എന്ന രീതിയിൽ വിശേഷണവുമായെത്തുന്ന  ഉൽപന്നങ്ങൾ കഴിവതും ഒഴിവാക്കുന്നതാണു ചർമാരോഗ്യത്തിനു നല്ലത്. പെട്ടെന്നു ഫലം നൽകുമെന്ന അവകാശവാദവുമായെത്തുന്ന ഉൽപന്നങ്ങളിൽ േദാഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതയേറെയാണ്. പ്രകൃതിദത്തമായ ചേരുവകൾ മാത്രമുള്ള ഉൽപന്നങ്ങൾ പെട്ടെന്നു ഫലം നൽകില്ലെന്നതാണു വാസ്തവം. ഇതുകൊണ്ടുതന്നെ പലതരം രാസപദാർഥങ്ങൾക്കൊപ്പം പേരിന് എന്തെങ്കിലും പ്രകൃതിദത്ത ചേരുവകളും ചേർത്താകാം ഇവ വിപണിയിലെത്തിക്കുന്നത്. ഇങ്ങനെ ‘അദ്ഭുതം’ തീർക്കുന്ന ഉൽപന്നങ്ങൾ ചർമത്തിന് അലർജിയും അസ്വസ്ഥതയുമുണ്ടാക്കാം.

പിന്തുടരാം ഈ കാര്യങ്ങൾ

∙ വിശ്വാസയോഗ്യമായ ഓൺലൈൻ പോർട്ടലിൽ നിന്നു മാത്രം സൗന്ദര്യ വർധകങ്ങളും മേക്കപ്പ് ഉൽപന്നങ്ങളും വാങ്ങുക. പ്രശസ്തമായ ബ്രാൻഡിന്റെ പേരിൽ ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങൾ നൽകി കബളിപ്പിക്കുന്നവരുമുണ്ട്. വിശ്വസ്തമല്ലാത്ത ഷോപ്പിങ് സൈറ്റിൽ നിന്നു വാങ്ങുമ്പോൾ ഇത്തരം അബദ്ധം പറ്റിയേക്കാം. ഗുണമേന്മയുള്ളതും മികവ് തെളിയിച്ചതുമായ ഉൽപന്നങ്ങൾ വിൽക്കുന്ന സൈറ്റുകളിൽ നിന്നു വാങ്ങിയാൽ ഈ പ്രശ്നം ഒഴിവാക്കാം.

∙ ഉപയോക്താക്കളുടെ അനുഭവങ്ങളും അവർ രേഖപ്പെടുത്തുന്ന റേറ്റിങ്ങും നൽകുന്ന  ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുണ്ട്. ഇവ കൃത്യമായി വായിച്ചു നോക്കി വാങ്ങുന്നതിലൂടെ നല്ല ഉൽപന്നങ്ങൾ ഏതെന്നു തിരിച്ചറിയാനാകും.

∙ ഒരേ ഉൽപന്നത്തെക്കുറിച്ചു പല സൈറ്റുകളിലുളള റിവ്യൂ വിലയിരുത്തിയ ശേഷം വാങ്ങുന്നതാണു നല്ലത്. കൂടുതൽ ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നതും  ബെസ്റ്റ് സെല്ലർ എന്ന വിശേഷണവുമായെത്തുന്ന ഉൽപന്നങ്ങൾ പരിഗണിക്കാം. ഇവ വാങ്ങി ഉപയോഗിച്ചവരുടെ റിവ്യൂ കൂടി വായിച്ചു നോക്കാൻ മറക്കേണ്ട.

∙ഓൺലൈനിലൂടെ ഉൽപന്നങ്ങൾ വാങ്ങുന്നതിനു മുൻപ് അവയുടെ എക്സ്പയറി ഡേറ്റ് കൃത്യമായി നോക്കാൻ മറക്കരുത്. ചിലപ്പോഴെങ്കിലും വിൽപനയിലുള്ള ഉൽപന്നങ്ങളുടെ കാലാവധി കഴിയാറായിട്ടുണ്ടാകും.  ഇതുകൊണ്ടാകും വിലക്കിഴിവിൽ ലഭിക്കുന്നത്. കാലാവധി കഴിയാറായിട്ടില്ലെന്ന് ഉറപ്പു വരുത്തിയില്ലെങ്കിൽ കയ്യിൽ കിട്ടി കാര്യമായി ഉപയോഗിക്കുന്നതിനു മുൻപ് തന്നെ കാലാവധി കഴിയുന്ന അവസ്ഥയുണ്ടാകും.

∙ വിശ്വസനീയമായ ബ്രാൻഡിന്റെ മേക്കപ്പ് ഉൽപന്നങ്ങൾ വാങ്ങുന്നതാണു നല്ലത്. വിലക്കുറവാണെന്നു കരുതി ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്താൽ ചർമപ്രശ്നങ്ങളുണ്ടാകാനും സ്വാഭാവിക ഭംഗി നഷ്ടമാകാനുമിടയുണ്ട്. ഗുണമേന്മ കൊണ്ടു പ്രചാരം നേടിയ ഉൽപന്നങ്ങൾ തിര‍ഞ്ഞെടുക്കുത്താൽ ഈ പേടി വേണ്ട.

∙ പുതിയ ഉൽപന്നങ്ങൾ പരീക്ഷിക്കുന്നതിനു പകരം മുൻപ് ഉപയോഗിച്ചു ചർമത്തിന് അനുയോജ്യമെന്ന് ഉറപ്പു വരുത്തിയ ഉൽപന്നങ്ങൾ ഓൺലൈനിൽ വാങ്ങുന്നതാണു നല്ലത്.

∙ ലിപ്സ്റ്റിക്, ബ്ലഷ് തുടങ്ങിയവ  വാങ്ങുമ്പോൾ  യോജിച്ച ഷേഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓൺലൈൻ വഴി വാങ്ങുമ്പോൾ ചർമത്തിനു ചേരുന്ന ഷേഡ് ആണോയെന്നതു കൃത്യമായി മനസ്സിലാക്കുക പ്രയാസമാകും. മുൻപ് ഉപയോഗിച്ചിട്ടുള്ളതും ഷേഡ് അനുയോജ്യമെന്ന് ഉറപ്പുവരുത്തിയതുമായ  ഉൽപന്നങ്ങൾ ലാഭത്തിന് ഓൺലൈനി ൽ വാങ്ങുന്നതിൽ പ്രശ്നമില്ല. ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഷേഡ് ആദ്യമായി വാങ്ങുമ്പോൾ ശ്രദ്ധ നൽകണം. കൃത്യമായ ഷേഡ് കണ്ടെത്താൻ ചില ബ്രാൻഡുകൾ ഓൺലൈൻ ക്വിസ്, ഷേഡ് ഫൈൻഡർ  തുടങ്ങിയ മാർഗങ്ങളൊരുക്കിയിട്ടുണ്ട്. നൂറു ശതമാനം കൃത്യമായ ഫലം ഉറപ്പാക്കനാകില്ലെങ്കിൽ ഏകദേശം അനുയോജ്യമായ ഷേഡ് കണ്ടെത്താൻ ഇത്തരം സംവിധാനങ്ങൾ ഉപകരിക്കും.

∙ ഓൺലൈനിൽ വസ്ത്രവും ആഭരണങ്ങളുമെല്ലാം വാങ്ങുമ്പോൾ അവ അണിഞ്ഞിട്ട് ഇഷ്ടമായില്ലെങ്കിലോ എന്തെങ്കിലും തരത്തിലുള്ള തകരാറുള്ളവയാണെങ്കിലോ തിരിച്ചയയ്ക്കാമെന്ന ഓപ്ഷനുണ്ടാകും. സൗന്ദര്യവർധകവസ്തുക്കൾക്ക് ഇത്തരം ആനുകൂല്യം ലഭിക്കണമെന്നില്ല. പല ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും സൗന്ദര്യവർധകവസ്തുക്കൾ  തിരിച്ചയയ്ക്കാൻ കഴിയാത്തവയാണ്. ഇതു മനസ്സിലാക്കി വേണം ഓർഡർ െചയ്യേണ്ടത്.

∙ ഉൽപന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഓൺലൈൻ സൈറ്റിന്റെ ഷിപ്പിങ് പോളിസി പരിശോധിക്കണം. ചില ഓൺലൈൻ സൈറ്റുകൾ നിശ്ചിത ഷിപ്പിങ് ചാർജ് ചുമത്തും. അതോടെ വിലയിൽ വലിയ ലാഭമൊന്നുമുണ്ടാകില്ല. ഇത്ര വില നൽകി വാങ്ങുന്ന ഉൽപന്നം ഇഷ്ടപ്പെടാതെ കൂടി വന്നാൽ നഷ്ടമാകും ഫലം.

∙ ചില ഓൺലൈൻ സ്‌റ്റോറുകൾ മേക്കപ് ഉൽപന്നങ്ങളുടെ സാംപിൾ നൽകും. ഇതു പ്രയോജനപ്പെടുത്തിയാൽ ഇവ ഉപയോഗിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ കഴിയും.

 ∙ ഓൺലൈൻ ഷോപ്പിങ് നടത്തുന്നതിനു മുൻപ് ബജറ്റ് തീരുമാനിക്കുന്നത് അമിത പണച്ചെലവ് ഒഴിവാക്കാൻ സഹായിക്കും. മികവ് കൊണ്ടും മേന്മ കൊണ്ടും വിശ്വാസ്യത ആർജിച്ച  കുറച്ചു ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പരിഗണിക്കുക. ബജറ്റിനുള്ളിലൊതുങ്ങുമോയെന്നും മികച്ച റിവ്യൂ ഉണ്ടോയെന്നും വിലയിരുത്തിയ ശേഷം വാങ്ങാം.   

∙ഒാഫറുകൾ കാണുമ്പോൾ ലാഭമെന്നു കരുതി ആവശ്യമുള്ളതിലേറെ സൗന്ദര്യവർധകവസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. ആവശ്യമുള്ളതും പതിവായി ഉപയോഗിക്കേണ്ടതും മാത്രം വാങ്ങുന്നതാണു നല്ലത്. ആവശ്യത്തിലേറെ വാങ്ങിയാൽ അവ ഉപയോഗിക്കണമെന്നില്ല. കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായാൽ വെറുതെ പണം നഷ്ടമാകുകയും ചെയ്യും.

ലളിതമായാൽ പേടി വേണ്ട

∙കഴിവതും ഒന്നോ രണ്ടോ ഘടകം  അടങ്ങിയ ച ർമസംരക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. ചില ഉൽപന്നങ്ങളിൽ പത്തിലേറെ ഘടകങ്ങളാകും അടങ്ങിയിട്ടുള്ളത്. ഇവ ഉപയോഗിക്കുന്നതു മൂലം ചർമത്തിന് അസ്വസ്ഥതയുണ്ടായാൽ ഏതു ഘടകമാണു പ്രശ്നമുണ്ടാക്കുന്നതെന്നു വേർതിരിച്ചറിയാൻ കഴിയില്ല.

∙നല്ല ഗന്ധമുള്ള സൗന്ദര്യവർധക വസ്തുക്കൾ ഇഷ്ടപ്പെടുന്നവരേറെയാണ്. എന്നാൽ സുഗന്ധം    (ഫ്രാഗ്രൻസ്)  പോലെയുള്ള ഘടകം അടങ്ങിയ ഉ ൽപന്നങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. ഇവ പലപ്പോഴും ചർമത്തിനു ദോഷകരമായിമാറാനിടയുണ്ട്.  

∙ ഓേരാ ഉൽപന്നത്തിലും അടങ്ങിയ ഘടകങ്ങൾ എന്തൊക്കെയെന്നു വായിച്ചു നോക്കിയ ശേഷം മാത്രം വാങ്ങുന്നതാണു നല്ലത്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. സൗമ്യ ജഗദീശൻ

അഡീഷനൽ പ്രഫസർ, െഡർമറ്റോളജി

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ

സയൻസസ്, കൊച്ചി

Tags:
  • Glam Up
  • Beauty Tips