Monday 16 March 2020 02:51 PM IST

തെറ്റായ ശീലങ്ങൾ മുടിയേയും ചർമ്മത്തേയും ബാധിക്കും; സൗന്ദര്യപ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ അറിയാം...

Roopa Thayabji

Sub Editor

bre4srrcg

കഠിനമായി  വെയിലേൽക്കുന്നതു മുതൽ തെറ്റായ സ്കിൻ കെയർ ശീലങ്ങളും അമിത മേക്കപ്പും എന്നുവേണ്ട പല കാരണങ്ങൾ കൊണ്ട് സൗന്ദര്യപ്രശ്നങ്ങൾ വരാം. 

∙ ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം, ചില മരുന്നുകൾ, അനാരോഗ്യകരമായ ഭക്ഷണരീതി, ഫാസ്റ്റ് ഫൂഡ് തുടങ്ങിയവ പ്രശ്നക്കാരാണ്. മധുരത്തിന്റെ അമിത ഉപയോഗം, പ്രോസസ്ഡ് ബേക്കറി ഐറ്റംസ്, അഡിറ്റീവ്സും പ്രിസർവേറ്റീവ്സുമുള്ള ഭക്ഷണം തുടങ്ങിയവ ചർമത്തിനു പ്രായക്കൂടുതൽ തോന്നിപ്പിക്കും.

∙ ഹോർമോൺ തകരാറുകളായ ക്രമം തെറ്റിയ ആർത്തവം, പിസിഒഡി, തൈറോയ്ഡ് രോഗം തുടങ്ങിയവ മുടിയെയും ചർമത്തെയും ബാധിക്കും.

∙ ഏതെങ്കിലും ഭക്ഷണ പദാർഥത്തോടുള്ള അലർജി കൊണ്ടോ ആ ഭക്ഷണ പദാർഥത്തിലെ പ്രോട്ടീനോടു പൊരുത്തപ്പെടാനാകാത്തതു കൊണ്ടോ ചർമത്തിൽ പാടുകളോ തടിപ്പുകളോ ചുളിവുകളോ ഉണ്ടാകാം. 

∙ അന്തരീക്ഷ മലിനീകരണവും വിലകുറഞ്ഞ ആഭരണങ്ങളുടെയും മറ്റും ലോഹങ്ങളുമായുള്ള സമ്പർക്കവും ചർമത്തിനു ദോഷമാകാം.

∙ മാനസിക സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയ മനഃശാസ്ത്ര കാരണങ്ങൾ കൊണ്ടും ചർമപ്രശ്നങ്ങൾ വരാം.

 ∙ ശരീരം ശരിയായ അളവിൽ കൊളാജൻ ഉൽപാദിപ്പിക്കാതിരുന്നാൽ ചർമത്തിൽ ചുളിവുകളുണ്ടാകാം.

∙ കണ്ണിനു ചുറ്റിനുമുള്ള കറുപ്പിനും കരുവാളിപ്പിനും പ്ര ധാന കാരണം മിക്കപ്പോഴും ഇൻസുലിൻ റെസിസ്റ്റൻസാണ്. ഗോതമ്പ്, കപ്പലണ്ടി, പാൽ എന്നിവയിലടങ്ങിയ ചില പ്രോട്ടീനുകളുടെ അലർജിക് റിയാക്‌ഷൻ കൊണ്ടും കഴുത്തിനു ചുറ്റും കണ്ണിനു താഴെയും കറുപ്പുനിറം വരാം.

∙ ചൊറിച്ചിലും തടിപ്പും മുതൽ എക്സിമ പോലുള്ള ചർമരോഗങ്ങൾ വരെ പ്രശ്നക്കാരാണ്. പ്രിസർവേറ്റീവുകളടങ്ങിയതും അജിനാമോട്ടോ, എംഎസ്ജി, മാൾട്ടോഡെക്സ്ട്രിൻ പോലുള്ള തിക്ക്നേഴ്സ് ചേർന്ന ഭക്ഷണം പതിവാക്കുന്നത് ഡെർമറ്റൈറ്റിസ് എന്നു പൊതുവേ അറിയ പ്പെടുന്ന ചർമരോഗങ്ങളിലേക്ക് നയിക്കും. മതിയായ ശുചിത്വമില്ലാതെ സൂക്ഷിക്കുന്ന പാൽപൊടി, ഗോതമ്പുപൊടി, കറിമസാല തുടങ്ങിയ പൗഡർ രൂപത്തിൽ ഭക്ഷണത്തിൽ ചേർക്കുന്നവയിൽ വളരുന്ന ഒരുതരം ഫംഗസും രോഗകാരിയാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

∙ വേണ്ട അളവിൽ വെള്ളം കുടിക്കാത്തതും ചർമം വരളുന്നതിനു കാരണമാകുന്നു.

സൗന്ദര്യത്തിനായി മറക്കാതെ

∙ ദിവസവും രണ്ടു പ്രാവശ്യം മുഖം കഴുകാം.

∙ ഉറങ്ങാൻ കിടക്കും മുൻപ് മേക്കപ് നന്നായി തുടച്ചുമാറ്റി മുഖം ക്ലീൻ ആക്കണം.

∙ ക്ലെൻസിങ്ങിനു ശേഷം മോയ്സ്ചറൈസർ പുരട്ടി മസാജ് ചെയ്യാൻ മറക്കരുത്.

∙ ചൂടുവെള്ളത്തിലല്ല, ഇളം ചൂടുവെള്ളത്തിലാണ് മുടിയും ദേഹവും കഴുകേണ്ടത്.

∙ ധാരാളം വെള്ളം കുടിക്കുക. ദിവസവും 9 – 11 ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙ ദിവസവും എട്ടു മണിക്കൂർ ഉറങ്ങുക.

∙ പുറത്തിറങ്ങുമ്പോൾ എസ്പിഎഫ് 30 എങ്കിലുമു ള്ള സൺസ്ക്രീൻ പുരട്ടുക.

∙ സ്ട്രെസ് നിയന്ത്രിക്കാനായി ശ്വസനവ്യായാമങ്ങള്‍ പരിശീലിക്കുക.

ആഴ്ചയിലൊരിക്കൽ ചെയ്യേണ്ടത്

∙ ആഴ്ചയിൽ ഒരിക്കലെങ്കിലും മുഖത്തിനും മുടിക്കും കഴുത്തിനും പാദങ്ങൾക്കും വേണ്ടിയുള്ള പായ്ക്കുകളിടുക. ഇതിനു വേണ്ടി അര മണിക്കൂർ മതി.

∙ ആഴ്ചയിൽ കുറഞ്ഞത് 45 മിനിറ്റെങ്കിലും നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

∙ മുഖവുമായി നേരിട്ട് കോൺടാക്ട് വരുന്ന സെൽഫോൺ ആഴ്ചയിലൊരിക്കലെങ്കിലും ഡിസിൻഫെക്ടന്റ് വൈപ്സ് ഉപയോഗിച്ച് തുടയ്ക്കുക. മേക്കപ് ബ്രഷുകളും ചീപ്പും ആഴ്ചയിലൊരിക്കലെങ്കിലും ന ന്നായി കഴുകിയുണക്കുക.

∙ ആഴ്ച തോറും തലയണ കവർ മാറ്റുക.

വിവരങ്ങൾക്ക് കടപ്പാട്: പ്രിൻസി ജിജോ, കൺസൽട്ടന്റ് ഡയറ്റിഷ്യൻ (നോർമൽ ആൻഡ് തെറാപ്യൂട്ടിക് ഡയറ്റ്സ്), Longevity Diet Clinic, സിംഗപ്പൂർ

Tags:
  • Health Tips
  • Glam Up
  • Beauty Tips