Thursday 28 March 2024 04:58 PM IST

‘കരുവാളിപ്പിന് കറ്റാർവാഴയുടെ കാമ്പ്, മുഖത്ത് പാല്‍ പുരട്ടി മസാജ്’; വേനൽക്കാലത്ത് വേണം പ്രത്യേക സംരക്ഷണം, അറിയേണ്ടതെല്ലാം

Ammu Joas

Sub Editor

sumer556thhj

രാത്രികളിൽ തണുപ്പ്, പകൽ കൊടും ചൂട്... തണുപ്പും ചൂടുമൊക്കെ ഇങ്ങനെ തോന്നിയതുപോലെ കയറിവരുമ്പോൾ സുന്ദരിമാരൊക്കെ അൽപം ടെൻഷനിലാകും. ചർമത്തിന്റെ വരൾച്ച, ഒപ്പം പകലിലെ കൊടുംവെയിൽ മൂലമുള്ള സൺടാൻ, വിയർപ്പ്, മുഖക്കുരു... ഇതിനൊക്കെ പരിഹാരമായി എന്തെങ്കിലും ചെയ്യാമോ? ചെയ്താൽ ഗുണത്തിനു പകരം ദോഷമായി ഭവിക്കുമോ? എല്ലാ സംശയവും ദേ, ഇവിടെ തീർക്കാം. ടെൻഷനില്ലാതെ സമ്മർ ക്വീനാകാം...

ചർമത്തിന് കരിവാളിപ്പ് ഉണ്ടാകാതിരിക്കാ‍ൻ സൺസ്ക്രീൻ പുരട്ടിയാൽ മതിയോ?

കരുവാളിപ്പ് അഥവ ടാനിങ് ചർമത്തെ ബാധിക്കാതിരിക്കാൻ സൺസ്ക്രീൻ ഉപയോഗിച്ചാൽ മതി. പക്ഷേ, അതിൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, നമ്മുടെ കാലാവസ്ഥയനുസരിച്ച് എസ്പിഎഫ് 30 എങ്കിലുമുള്ള സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ. രണ്ട്, സൺസ്ക്രീൻ പുരട്ടി മൂന്നു മണിക്കൂർ മാത്രമേ അവ സംരക്ഷണവലയം തീർക്കൂ. ഈ സമയം കഴിഞ്ഞാൽ മുഖം നന്നായി കഴുകിയശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടണം.

വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് വന്നാൽ കറ്റാർവാഴയുടെ കാമ്പ് മുഖത്തു പുരട്ടുന്നതും തൈര് പുരട്ടുന്നതും നല്ലതാണ്. മുഖത്തും ശരീരത്തും ടാനിങ് ഉള്ള ഭാഗങ്ങളിൽ നാരങ്ങാനീരും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടി അൽപനേരം റബ് ചെയ്യുക. മുഖം കഴുകിയശേഷം അൽപം പാല്‍ പുരട്ടി മസാജ് ചെയ്യുക.

ചൂടും വെയിലുമേറ്റാൽ മുടി വിണ്ടുകീറുമെന്നു പറയുന്നത് ശരിയാണോ?

മുടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ മൃദുത്വവും സ്വാഭാവികതയും നഷ്ടമാകും. മുടി വരണ്ട് വേഗം പൊട്ടിപ്പോകുകയും ചെയ്യും. മുടി വിണ്ടുകീറൽ, നര തുടങ്ങിയ പ്രശ്നങ്ങളും പിന്നാലെ വരും. വേനൽകാലത്തെ മറ്റൊരു പ്രശ്നം പൊടിയാണ്. ചൂടും പൊടിയും മുടിയിഴകളിൽ അടിഞ്ഞിരുന്ന് താരനും തലയിൽ കുരുക്കളും വരാം.

എണ്ണമയം ശിരോചർമത്തിൽ അഴുക്ക് അടിയാൻ കാരണമാകുമല്ലോ എന്നു കരുതി മുടിയിൽ എണ്ണ തേച്ചുള്ള  കുളി ഒഴിവാക്കേണ്ട. തലയിൽ എണ്ണ പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ തേച്ചു കുളിച്ചോളൂ. കണ്ടീഷനറും ഉപയോഗിക്കണം. നനഞ്ഞ മുടിയുമായി പുറത്തേക്കിറങ്ങരുത്. ഈർപ്പമുള്ള മുടിയിലും അഴുക്കും പൊടിയുമടിയും. എന്നാലിനി പതിവായി ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കാമെന്നു കരുതല്ലേ, ഈ ചൂടും ദോഷമാണ്. സ്വാഭാവികരീതിയിൽ തന്നെ മുടി ഉണക്കിയെടുത്താൽ മതി.

ടൂവീലർ ഓടിക്കുന്നവർ മുടി മൊത്തം മൂടുന്ന തരത്തിൽ സ്കാർഫ് കെട്ടിയശേഷം വണ്ടിയോടിക്കുക. വെയിലത്ത് നടക്കേണ്ടി വരുമ്പോൾ കുട ഉപയോഗിക്കാനും ഓർക്കുക.

വേനൽക്കാലത്ത് ലൈറ്റ് മേക്കപ് പോലും ഓവർ ആയി തോന്നാൻ കാരണം എന്താണ്?

മുറിയിലെ അരണ്ട വെളിച്ചത്തിലിരുന്ന് മേക്കപ് ചെയ്യുമ്പോൾ നോർമലാണെന്നു തോന്നുന്ന മേക്കപ് പുറത്തിറങ്ങുമ്പോൾ ഓവറായി തോന്നാം. അതുകൊണ്ട് ജനാലയ്ക്ക് അരികിൽ, അഭിമുഖമായിരുന്ന് മേക്കപ് ചെയ്യാം.

വെയിലത്ത് തിളങ്ങാൻ മിനിമൽ മേക്കപ് മതി. കോംപാക്റ്റ് മാത്രം ഉപയോഗിച്ചാലും സുന്ദരിയാകാം. ന്യൂഡ് ലിപ്സ്റ്റിക്കും ഐലൈനറിന്റെ ഒരു നേർത്ത വരയും മസ്കാരയും കൂടിയായാൽ സമ്മർ ബ്യൂട്ടി ആയി. കോംപാക്റ്റ് അണിയും മുൻപ് സൺസ്ക്രീൻ പുരട്ടുകയുമാകാം.

‌മഴക്കാലത്തു മാത്രമല്ല വേനൽക്കാലത്തും വാട്ടർപ്രൂഫ് മേക്കപ് തന്നെ ഉപയോഗിക്കുക. വിയർത്താലും മേക്കപ് മായില്ല. ഓയിൽ ബേസ്ഡ് മേക്കപ്പിനോടും ബൈ പറഞ്ഞോളൂ. മുഖക്കുരുവും ബ്ലാക് ഹെഡ്സും കൂട്ടും ഇവ.

കൈകാലുകൾക്ക് പ്രത്യേക സംരക്ഷണം വേണോ?

ചർമത്തിനുണ്ടാകുന്ന വരൾച്ച തണുപ്പുകാലത്തെ മാത്രം വില്ലനല്ല. തണുപ്പുള്ള സമയത്ത് ചർമത്തിലേക്ക് വേണ്ടവിധത്തിൽ രക്തം എത്തുന്നില്ലെന്നതാണ് വരൾച്ചയ്ക്കു വഴി വയ്ക്കുന്നതെങ്കിൽ ചൂടുകാലത്ത് ജലാംശം നഷ്ടപ്പെടുന്നതാണ് വരൾച്ചയ്ക്കു കാരണം. കൈകാലുകളിലാണ് വരൾച്ച പ്രശ്നങ്ങൾ അധികമായി കാണുന്നത്. വരണ്ട ചർമമുള്ളവർ മോയ്സ്ചറൈസർ ക്രീമുകൾ പതിവായി ഉപയോഗിക്കണം. വരൾച ചുണ്ടു പൊട്ടാനും ഇടയാക്കും. ഉമിനീർ കൊണ്ട് ചുണ്ട് നനയ്ക്കുന്നത് പ്രശ്നം രൂക്ഷമാക്കുകയേ ഉള്ളൂ. ലിപ് ബാം പതിവായി ഉപയോഗിക്കണം. ലിപ്സ്റ്റിക് അണിയുന്നവർ എസ്പിഎഫ് 15 എങ്കിലുമുള്ളവ തിരഞ്ഞെടുക്കുക.

ദിവസവും രണ്ടു ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കണം. കരിക്കിൻ വെള്ളം, ജ്യൂസ്, കഞ്ഞിവെള്ളം, മോരും വെള്ളം എന്നിവയും കുടിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി നന്ദകുമാർ, പ്രഫസർ, പതോളജി, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം, അന്ന മോണിക്ക, ബ്യൂട്ടിഷാക്ക് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ, പനമ്പിള്ളിനഗർ, കൊച്ചി

Tags:
  • Glam Up
  • Beauty Tips