Friday 17 November 2023 03:06 PM IST : By സ്വന്തം ലേഖകൻ

‘ഉലുവ പാലിലരച്ചു പുരട്ടിയാൽ ഏഴു ദിവസം കൊണ്ടു കരിമുഖം മാറും’; മുഖസൗന്ദര്യം സംരക്ഷിക്കാൻ ആയുർവേദ വഴികള്‍

face-ayurveda

സൗന്ദര്യവർധകവസ്തുക്കളുടെ എണ്ണത്തിലും നിർമാണത്തിലും വിപണനത്തിലും വന്നിട്ടുള്ള വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം ഉൽപന്നങ്ങളിൽ നല്ല പങ്കും ആയുർവേദ അല്ലെങ്കിൽ ഹെർബൽ എന്ന ലേബലിലാണു പ്രചാരം നേടിവരുന്നത്. എന്നാൽ നമുക്കു പരിചിതമായ ഔഷധങ്ങളും ആയുർവേദ മരുന്നുകളും ഉപയോഗിച്ചു തന്നെ മുഖസൗന്ദര്യം സംരക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

മുഖക്കുരുവിന് ഹെർബൽ സ്റ്റീം

ആയുർവേദത്തിൽ യൗവനപിടക, മുഖദൂഷിക എന്നൊക്കെയറിയപ്പെടുന്ന ഈ അവസ്ഥ സാധാരണ യൗവനാരംഭത്തിലാണു പ്രത്യക്ഷപ്പെടുക. മുഖത്തു കുരുക്കൾ ഉണ്ടാവുക എന്നതാണു രോഗലക്ഷണം. മാനസികമായ സംഘർഷം, പോഷകാഹാരക്കുറവ്, ഹോർമോൺ തകരാറുകൾ, ചില സൗന്ദര്യവസ്തുക്കളുടെ അമിത ഉപയോഗം, എണ്ണമയമുള്ള ചർമം, വ്യക്തിയുടെ ദേഹപ്രകൃതി, ആഹാരശൈലി തുടങ്ങിയവ രോഗകാരണങ്ങളാണ്.

ശരീരത്തിൽ ചർമത്തിനടിയിൽ സ്നേഹഗ്രന്ഥി (സെബേഷ്യസ് ഗ്ലാന്റ്) സ്ഥിതി ചെയ്യുന്നു. ഇതു പുറപ്പെടുവിക്കുന്ന സ്നേഹം അഥവാ സെബം ശരീരത്തെ എണ്ണമയമാക്കിത്തീർക്കുന്നു. യൗവനാരംഭത്തോടെ മുഖത്തെ ഇത്തരം ഗ്രന്ഥികളുടെ പ്രവർത്തനം വർധിക്കുകയും സെബം കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. മേൽപറഞ്ഞ ഏതെങ്കിലും കാരണങ്ങളാൽ സ്നേഹഗ്രന്ഥിയുടെ മുഖം തടസപ്പെട്ടാൽ സെബം പുറത്തേക്കു പോകാനാകാതെ ഉള്ളിൽ നിറഞ്ഞ്, വീക്കത്തിനും അതു പൊട്ടുമ്പോൾ സെബം പുറത്തുവന്നു ശ്വേതരക്താണുക്കൾ അവിടെ കൂടി ത്വക്കിനു മാറ്റം വരുത്തി മുഖത്തു കുരു ഉണ്ടാവുന്നതിനും കാരണമാകുന്നു. ശരിയായ രീതിയിൽ ശ്രദ്ധിക്കാതെ വരുമ്പോൾ അണുബാധ വന്നു കുരു വലുതായി പ്രശ്നം ഗുരുതരമാകുന്നു. വ്യക്തിയുടെ ദേഹപ്രകൃതി, ജോലിസ്വഭാവം, ആഹാരശൈലി, മറ്റ് ഉപദ്രവരോഗങ്ങൾ എന്നിവ മനസിലാക്കി വേണം ചികിത്സിക്കാൻ.

ആവിയും ഏലാദിചൂർണവും

മുഖക്കുരു വരാതിരിക്കാനും വന്നാൽ തടയാനും ഏറ്റവും ഫലപ്രദമായ പരിചരണമാണു മുഖത്ത് ആവികൊള്ളൽ. വേപ്പില, മഞ്ഞൾ എന്നിവയിട്ട് വെള്ളം തിളപ്പിച്ചതിനുശേഷം കണ്ണുകൾ നന്നായി തുണികൊണ്ടു കെട്ടി മുഖത്തും നെറ്റിക്കും കഴുത്തിനും ആവി കൊള്ളിക്കാവുന്നതാണ്. പത്ത് മുതൽ പതിനഞ്ചു മിനിറ്റു വരെ മുഖത്ത് ആവി കൊള്ളിക്കണം. അപ്പോൾ ത്വക്കിലെ സുഷിരങ്ങൾ തുറന്ന് അതിലൂടെ വിസർജ്യവസ്തുക്കൾ പുറത്തേക്കു പോകുന്നു.

ആവികൊണ്ടതിനുശേഷം മുഖം നന്നായി തുടച്ച് ഏലാദിചൂർണം തെളിമോരിൽ ചേർത്തു ലേപനമാക്കി മുഖത്തും നെറ്റിക്കും കഴുത്തിനും ഇടുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ ചെറുചൂട് വെള്ളത്തിൽ കഴുകിക്കളയണം.

പച്ചമഞ്ഞൾ, ആര്യവേപ്പില- കിഴി

പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് ഒരു ചെറിയ തുണിക്കഷണത്തിൽ, കിഴികെട്ടിയിട്ടു കുറച്ചു വെള്ളം ചൂടാക്കി കിഴിവെള്ളത്തിൽ മുക്കി മുഖക്കുരുവുള്ള പ്രദേശം വിയർപ്പിക്കണം. അതിനുശേഷം തുടച്ചു നിംബഹരിദ്രാദിചൂർണം മോരിലോ, വെള്ളത്തിലോ ചാലിച്ചു ലേപനം ചെയ്യുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ വെള്ളം കൊണ്ടു കഴുകി തുടയ്ക്കുക.

മുഖക്കുരുവിന്റെ പാടിന്

ചെറുപയർ വെയിലത്തുണക്കി നേർമയായി പൊടിച്ചെടുക്കുക. ഒരു ചെറിയ കഷണം കസ്തൂരിമഞ്ഞൾ അരച്ചെടുത്തതും ഈ ചെറുപയർപൊടിയും പശുവിൻപാലിന്റെ പാടയിൽ കുഴച്ചു മുഖത്തു തേക്കുക. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.

പഞ്ചഗന്ധചൂർണം പനിനീർവെള്ളത്തിൽ യോജിപ്പിച്ച് മുഖത്തു ലേപനം ഇടുക. അരമണിക്കൂർ കഴിഞ്ഞു കുറച്ചു പച്ചവെള്ളം തളിച്ചു ചെറുതായി മുഖത്തു മസാജ് ചെയ്യുക. (രണ്ട്—മൂന്ന് മിനിറ്റ്) പിന്നീട് കഴുകിക്കളയാവുന്നതാണ്.

കറുത്തപാടിന് കുങ്കുമാദിതൈലം

മാനസിക പിരിമുറുക്കം, ക്രോധം തുടങ്ങിയവ ഉള്ളവരിൽ കണ്ണിനു താഴെയും മുഖത്തും കനത്തോടുകൂടി കറുത്ത നിറത്തിൽ ഉത്ഭവിക്കുന്ന മണ്ഡലങ്ങളാണ് വ്യംഗം, കരിമുഖം എന്നിങ്ങനെ പേരുകളുള്ള കറുത്ത പാട്.

മുഖത്തെ കറുത്തപാടുകൾ മാറി മുഖം തെളിയാൻ കറുത്ത എള്ള്, കരിംജീരകം, കടുക്ക, ജീരകം ഇവ നന്നായി പൊടിച്ചു പാലിൽ ലേപനം ചെയ്യുക.

കുങ്കുമാദിതൈലം പുരട്ടുകയും ഓരോ തുള്ളി രണ്ടു മൂക്കിലും ഇറ്റിക്കുകയും ചെയ്യുക.

∙ നീർമാതളത്തിന്റെ തൊലി പാലിലരച്ചു പുരട്ടാം.

∙ ഉലുവ പാലിലരച്ചു പുരട്ടിയാൽ ഏഴു ദിവസം കൊണ്ടു കരിമുഖം ശമിക്കുന്നു.

മരുന്നിനൊപ്പം നല്ല ഉറക്കവും മനസുഖവും

ആയുർവേദത്തിൽ ക്ഷുദ്രരോഗങ്ങളുടെ (അധികം മാരകമല്ലാത്ത രോഗങ്ങളുടെ) കൂട്ടത്തിലാണു മുഖക്കുരുവിനെയും മുഖത്തെ കരിമുഖത്തെയും ഒക്കെ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ വിവിധ അവസ്ഥകളിൽ വൈദ്യനിർദേശപ്രകാരം താഴെപ്പറയുന്ന മരുന്നുകൾ കൂടി പ്രയോജനപ്പെടുത്താം.

നിംബാദി കഷായം, തിക്തകം കഷായം, മഹാതിക്തകം കഷായം, നിംബാമൃതാദിപഞ്ചതിക്തകം കഷായം, പടോലമൂലാദി കഷായം, ആരഗ്വധാദി കഷായം, മജ്ഞിഷ്ടാദി കഷായം മുതലായ കഷായങ്ങളും ഖദിരാരിഷ്ടം, ആരഗ്വധാരിഷ്ടം, ശാരിബാദ്യാസവം, നിംബാമൃതാസവം മുതലായ അരിഷ്ടങ്ങളും ത്രിഫലചൂർണം, അവിപത്തീചൂർണം, തൃവൃത്ലേഹ്യം തുടങ്ങിയ ശോധന ക്രമപ്പെടുത്തുന്ന മരുന്നുകളും വലിയ മധുസ്നൂഹി രസായനം, ചെറിയ മധുസ്നൂഹി രസായനം മുതലായ രസായനങ്ങളും ഇതിൽ പ്രയോജനപ്പെടുത്താം.

യോഗ, ധ്യാനം, വ്യായാമം തുടങ്ങിയവ നിത്യം ശീലിക്കുന്നതും മനസും ശരീരവും ശുദ്ധമാക്കി വയ്ക്കുന്നതും ദഹനക്കേടും മലബന്ധവുമുള്ളപ്പോൾ അതു പരിഹരിക്കുകയും കൊഴുപ്പും മധുരവും പരമാവധി വർജിക്കുകയും ചെയ്യുന്നതും മുഖക്കുരു വരാതിരിക്കാനും വന്നതു പോകാനും നല്ലതാണ്.

ആയുർവേദപ്രകാരമുള്ള ഇത്തരം മുഖലേപനങ്ങളും ശീലങ്ങളും മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തും. ഇതു കൂടാതെ ദിവസവും ധാരാളം ശുദ്ധജലം കുടിക്കുകയും പോഷകാഹാരങ്ങൾ കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം.

ആയുർവേദ ബ്ലീച്ചിങ് സ്വയം ചെയ്യാം

ചെറുനാരങ്ങാനീര് — ഒരു ടീസ്പൂൺ

പശുവിൻപാൽ (തണുപ്പിച്ചത്)— ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി — ഒരു ടീസ്പൂൺ

ചെറുപയർപ്പൊടി — ഒരു ടീസ്പൂൺ

പൊടിയുപ്പ് — ഒരു നുള്ള്

ഇവ കൂട്ടി യോജിപ്പിച്ചു മുഖത്തു ഫെയ്സ്പാക്കായി ഇടാം. അര മണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളവും കടലപ്പൊടിയും ഉപയോഗിച്ചു കഴുകിക്കളയുക. ഇതുമൂലം മുഖത്തെ മൃതകോശങ്ങൾ ഇളകി മുഖം ബ്ലീച്ച് ചെയ്യപ്പെടുന്നു. ഇങ്ങനെ പത്തു ദിവസം ചെയ്താൽ വള്ളിപുള്ളി അടയാളങ്ങൾ ഇല്ലാതായി മുഖത്തിനു ഭംഗി കൈവരും.

Tags:
  • Glam Up
  • Beauty Tips