Friday 12 April 2024 11:19 AM IST : By സ്വന്തം ലേഖകൻ

ചൂട് കനത്തു, വരാതെ നോക്കാം ചിക്കൻപോക്സ്; പ്രതിരോധശേഷി കുറഞ്ഞവര്‍ ശ്രദ്ധിക്കണം, രണ്ടു മാസത്തിനിടെ ഒമ്പത് മരണം!

chickenpox4456767

ചൂട് കനത്തതോടെ വേനല്‍ക്കാല രോഗങ്ങളും പടരുന്നു. ചിക്കന്‍പോക്സ് രണ്ടു മാസത്തിനിടെ 9 പേരുടെ ജീവന്‍ കവര്‍ന്നു. ഈ മാസം മാത്രം ചിക്കന്‍ പോക്സ് ബാധിച്ചത് 879 പേര്‍ക്കാണ്. ചൂട് കുരു മുതല്‍ സൂര്യാഘാതം വരെയുളള ശാരീക പ്രശ്നങ്ങളും നിരവധി പേരെ ബാധിച്ചിട്ടുണ്ട്. 

വേനല്‍ക്കാലത്ത് കൂടുതല്‍ സജീവമാകുന്ന വൈറസുകള്‍ വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും പകരും. പ്രതിരോധ ശേഷി കുറഞ്ഞവരെയും വൃദ്ധരേയും കുട്ടികളേയും ഗുരുതരമായി ബാധിക്കാം. ശ്വാസംമുട്ടല്‍, അണുബാധ, ആശയക്കുഴപ്പം, അപസ്മാരം തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണം. 

നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കണം. ചൂട് കാലത്ത് അമിതമായി വിയര്‍ക്കുന്നതു മൂലം ചര്‍മത്തില്‍ ചെറുകുമിളകള്‍ പോലെ ഉണ്ടായിവരുന്ന ചൂടു കുരു അഥവാ ഹീററ് റാഷസും നിരവധി പേര്‍ക്ക് കണ്ടു വരുന്നുണ്ട്. ചൂടു കുരു വന്ന ഭാഗം വരണ്ടതായി സൂക്ഷിക്കണം. 

സൂര്യാഘാതത്തിനും സാധ്യതയേറെയാണ്. ചുവന്നു തിണര്‍ത്ത ചര്‍മ്മം, ബോധക്ഷയം , ജന്നി, ഛര്‍ദി , വേഗത്തിലുളള ശാസോഛ്വാസം, പേശിവലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. സൂര്യഘാതം മരണത്തിനു പോലും കാരണമാകാം. അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. 

വരാതെ നോക്കാം, ചിക്കൻപോക്സ്

'വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, പ്രമേഹരോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഈ രോഗത്തിനെ ഭയക്കണം.

പ്രധാന ലക്ഷണങ്ങൾ 

∙ പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്‌സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.  

∙ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസംവരെ  ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്.

∙ മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

∙ ചിക്കൻപോക്‌സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്.

ചിക്കൻപോക്‌സ്: സങ്കീർണതകൾ

ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മയ്ക്ക് ചിക്കൻപോക്‌സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്‌സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്‌നങ്ങൾ സങ്കീർണമാക്കാറുണ്ട്. 

ചിക്കൻ പോക്‌സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതയ്ക്കിടയാക്കും. കുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്ടിക്കും. പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്‌സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്

കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല  ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. സ്വയം ചികിത്സ അരുത്.

രോഗം പകരുന്നത് എങ്ങനെ?

രോഗിയുടെ വായിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതൽ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പകരും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും വരാറുണ്ട്.

Tags:
  • Health Tips
  • Glam Up