Monday 17 October 2022 04:54 PM IST : By സ്വന്തം ലേഖകൻ

‘തലയിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ വിർജിൻ ഓയിൽ’; താരൻ അകറ്റാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

dandruff

ശിരോചർമത്തിലെ അമിതമായ എണ്ണമയം, വൃത്തിയാക്കുന്നതിലെ പോരായ്മ, വരൾച്ച, ഇതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും താരന് കാരണങ്ങളാണ്. സ്വയം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ താരന്‍ ഒരുപരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. 

ആന്റി ഡാൻഡ്രഫ് ഷാംപൂ 

സാധാരണ ഷാംപൂവിന് പകരം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം. വീര്യം കുറഞ്ഞ, മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്. അല്ലെങ്കിൽ ശിരോചർമം വരളാൻ സാധ്യതയുണ്ട്. 

മോയിസ്ചറൈസ് ചെയ്യാം 

വരണ്ട ശിരോചർമമാണു പ്രശ്നമെങ്കിൽ എണ്ണ ഉപയോഗിച്ച് മോയിസ്ച്യുറൈസ് ചെയ്യാം. വിർജിൻ ഓയിൽ ഉപയോഗിക്കുന്നതാണ് ഉചിതം. ഇതിലെ ആന്റി ബാക്ടീരിയിൽ ഗുണങ്ങൾ താരൻ അകറ്റാനും സഹായിക്കും. തലയിലെ ചൊറിച്ചില്‍ ഒഴിവാക്കാനും ഫലപ്രദമാണ്. 

വൃത്തി ഉറപ്പാക്കുക 

കൃത്യമായ ഇടവേളകളിൽ മുടി വൃത്തിയാക്കുന്നത് താരൻ തടയുന്നതിൽ പ്രധാനമാണ്. അമിതമായ എണ്ണയും പൊടിപടലങ്ങൾ അടിഞ്ഞു കൂടുന്നതും താരന് കാരണമാകാറുണ്ട്. അതുകൊണ്ടു മുടിയും ശിരോചര്‍മവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

അമിതസമ്മർദം വേണ്ട 

പ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗൽ അണുബാധ മൂലം താരനുണ്ടാകാനുള്ള സാഹചര്യം ഉടലെടുക്കുന്നത്. അമിതമായ സമ്മർദം ഇങ്ങനെ പ്രതിരോധശേഷി കുറയാൻ കാരണമാകും. പതിവായി വ്യായാമം, യോഗ എന്നിവ ചെയ്യുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും.

Tags:
  • Hair Style
  • Glam Up
  • Beauty Tips