വരണ്ട ചർമം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയും സൂര്യപ്രകാശവും പൊടിപടലങ്ങളുമൊക്കെയാണിതിനു പിന്നിൽ. വരണ്ട ചർമം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ.
ഒലിവ് ഓയിലും മുട്ടയുടെ വെള്ളയും
ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട ചർമം മാറാൻ പറ്റിയൊരു പായ്ക്കാണിത്. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.
പപ്പായയും തേനും
നന്നായി പഴുത്ത പപ്പായയും തേനും ചേർത്ത മിശ്രിതം മുഖത്തു തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമകാന്തി വർധിക്കാനും വരണ്ട ചര്‍മം അകറ്റാനും ഈ പായ്ക്ക് സഹായിക്കും.
പഴവും കട്ടത്തൈരും
എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു പായ്ക്കാണിത്. അല്പം തൈരും പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. വരണ്ട ചര്‍മം മാറി ചർമം കൂടുതൽ മൃദുലമാകും.
ഗ്ലിസറിനും നാരങ്ങാനീരും
ചർമത്തിലെ ജലാംശം നിലനിർത്താൻ ഗ്ലിസറിൻ സഹായിക്കും. ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഈ മിശ്രിതം മുഖത്തു പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകാം. കൂടുതൽ അളവിലെടുത്ത മിശ്രിതം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
തേനും പാലും മുട്ടയുടെ വെള്ളയും
രണ്ട് സ്പൂൺ പാൽ അര സ്പൂൺ തേനും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്ത് 20 മിനിറ്റിനു ശേഷം കഴുകാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ ചർമ്മത്തിലെ മൃതകോശങ്ങൾ അകന്ന് ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.