Friday 14 January 2022 03:05 PM IST : By സ്വന്തം ലേഖകൻ

ചെമ്പരത്തിപ്പൂവിന്റെ ഇതളും ആവണക്കെണ്ണയും ചേർന്ന മാജിക്; മുഖഭംഗിയ്ക്ക് വീട്ടിൽ തയാറാക്കാം സൗന്ദര്യക്കൂട്ടുകൾ

Featured Image

മുഖത്ത് ചെറിയ കുരുവോ, കരുവാളിപ്പോ വന്നാൽ മതി പലരുടെയും ആത്മവിശ്വാസം നഷ്ടമാകും. പിന്നെ മാർക്കറ്റിൽ കിട്ടുന്നതൊക്കെ വാരിതേച്ച് കൂടുതൽ പ്രശ്നങ്ങളിൽ എത്തിപ്പെടുകയാണ് പതിവ്. അതിനുപകരം നാച്ചുറലായി സൗന്ദര്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില സൗന്ദര്യക്കൂട്ടുകൾ പരിചയപ്പെടാം.

മുഖക്കുരുവിന്: പേരയില, തഴുതാമയില, പച്ചമഞ്ഞൾ, കരിംജീരകം എന്നിവ സമം എടുത്തു മോരിലരച്ച് മുഖത്തു പുരട്ടാം. 

നിറം വർധിക്കാൻ: ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലർത്തി പുരട്ടാം. എണ്ണമയമുള്ള ചർമക്കാർ മോരിലും അല്ലാത്തവർ നെയ്യിലും കലർത്തി തേയ്ക്കുന്നതാണ് ഉത്തമം.

കറുത്തപാടുകൾ മാറാൻ: എള്ള്, ശതകുപ്പ, കടുക്കാത്തോട്, ഉണക്കലരി എന്നിവ കാടിയിലരച്ച് പാല് ചേർത്തു മുഖത്തു പുരട്ടി കുറച്ചുനേരം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

കൺപീലികൾ വളരാൻ: ചെമ്പരത്തിപ്പൂവിന്റെ ഇതളരച്ച് ആവണക്കെണ്ണ ചേർത്തു കിടക്കും മുൻപ് പുരികത്തിലും പീലിയിലും പുരട്ടാം. 

താരൻ മാറാൻ: കശകശ പാലിലരച്ച് ഒരു മണിക്കൂർ മുടിയിൽ പുരട്ടി വച്ചു കഴുകിക്കളയുക.

കൺമഷി ഉണ്ടാക്കാം: ഏഴു ദിവസം തുടർച്ചയായി കഞ്ഞുണ്ണിനീര് ഒഴിച്ചു നിഴലിലുണ്ടാക്കിയ കോടിത്തുണി എടുത്തു തിരിയാക്കി നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. കത്തുമ്പോൾ നിലവിളക്കിൽ നിന്നും വരുന്ന കരി ശേഖരിക്കുന്നതിനായി നിലവിളക്കിനു മുകളിൽ മൺചട്ടി കമിഴ്ത്തിവയ്ക്കുക. തുണി കത്തി തീർന്നശേഷം ചട്ടിയിൽ നിന്നും കരി എടുത്തു നല്ലെണ്ണയിലോ ആവണക്കെണ്ണയിലോ ചേർത്ത് ഭസ്മമാക്കിയ അഞ്ജനക്കല്ലും ചേർത്ത് ചാലിച്ചു കുപ്പിയിലാക്കി വച്ച് ദിവസവും കണ്ണിലെഴുതാം.

Tags:
  • Glam Up
  • Beauty Tips