Thursday 22 June 2023 04:39 PM IST

‘കെമിക്കല്‍ കൂടുതല്‍ ഇട്ടു വെളുപ്പിക്കല്‍, വില കുറഞ്ഞ പ്രോഡക്റ്റുകള്‍ക്ക് പത്തിരട്ടിയില്‍ കൂടുതല്‍ ചാര്‍ജ്! മുഖം കരിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ..’; ഫേഷ്യല്‍, അറിയണം ഇക്കാര്യങ്ങള്‍

Priyadharsini Priya

Senior Content Editor, Vanitha Online

hydra-facial45

മുഖം തിളങ്ങാനും നിറം വര്‍ധിപ്പിക്കാനും മുഖക്കുരു ഇല്ലാതാക്കാനുമൊക്കെ എത്ര പണം വേണമെങ്കിലും മുടക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്‍. ഇന്ന് തൊണ്ണൂറു ശതമാനം സൗന്ദര്യപ്രശ്നങ്ങള്‍ക്കും വിവിധ ബ്യൂട്ടി ട്രീറ്റ്മെന്റുകള്‍ ലഭ്യമാണ്. ബ്യൂട്ടി ക്ലിനിക്കുകളിലും പാര്‍ലറുകളിലുമൊക്കെ വിവിധ റേറ്റുകളില്‍ ഈ സേവനം പ്രയോജനപ്പെടുത്താം. അത്തരത്തില്‍ അടുത്തകാലത്ത് സൗന്ദര്യ പരിചരണത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് അക്വ ഫേഷ്യൽ അഥവാ ഹൈഡ്ര ഡെർമാബ്രേഷൻ ഫേഷ്യൽ. 

കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിൽ 17,500 രൂപയ്ക്ക് ഹൈഡ്ര ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖത്തിനു പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. പൊള്ളലേറ്റ പാടുകൾ മാറാൻ ബുദ്ധിമുട്ടാണെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞതോടെ യുവതി സലൂൺ ഉടമയ്ക്കെതിരെ പൊലീസിൽ പരാതി നല്‍കി. ഇത്തരത്തില്‍ വലിയ തുക മുടക്കി ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വിഷയത്തെക്കുറിച്ച് വനിതാ ഓണ്‍ലൈനുമായി സംസാരിക്കുകയാണ് തിരുവനന്തപുരത്തുള്ള അനില ജോസഫ്സ് ബ്യൂട്ടി കെയര്‍ സൊല്യൂഷന്‍സിന്റെ ഉടമയും മുതിര്‍ന്ന ബ്യൂട്ടീഷനുമായ അനില ജോസഫ്.  

"ഞങ്ങളുടെ സ്ഥാപനത്തില്‍ ഏറ്റവും കൂടിയ ഹൈഡ്ര ഫേഷ്യലിനു വാങ്ങിക്കുന്ന തുക 5000 രൂപയാണ്. കൂടുതലും ഓറഞ്ച് ജ്യൂസ് പോലുള്ള ഹെര്‍ബല്‍ പ്രോഡക്റ്റുകളാണ് ഉപയോഗിക്കുന്നത്. 37 വര്‍ഷമായി ഞാന്‍ ഈ രംഗത്തുണ്ട്. ഇതുവരെ കസ്റ്റമറിന്റെ മുഖം പൊള്ളിയെന്ന പരാതിയ്ക്ക് ഇടയാക്കിയിട്ടില്ല.  

പലരും പല രീതിയാലാണ് ഹൈഡ്ര ഫേഷ്യല്‍ ചെയ്യുന്നത്. ഇതിനായി ഒരു മെഷീന്‍ ഉണ്ട്. കൂടിയതും കുറഞ്ഞതുമായ ഫ്രീക്വന്‍സികളിലുള്ള മെഷീനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനാണ് ചെയ്യുക. പെട്ടെന്ന് ഫലം കാണാനായി ചിലര്‍ കെമിക്കലുകള്‍ കൂടുതല്‍ ഉപയോഗിച്ച് ചെയ്യും. ട്രീറ്റ്മെന്റ് കഴിയുമ്പോള്‍ നല്ല തിളക്കം തോന്നുമെങ്കിലും കെമിക്കലുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ ചര്‍മ്മത്തിനു ദോഷം ചെയ്യും. 

അതുപോലെ പല വിലകളിലുമുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലുണ്ട്. ബ്യൂട്ടി ട്രീറ്റ്മെന്റിനു ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരം വളരെ പ്രധാനമാണ്. വില കുറഞ്ഞ സാധനങ്ങള്‍ വരുത്തിയിട്ട് പത്തിരട്ടിയില്‍ കൂടുതല്‍ ചാര്‍ജ് കസ്റ്റമേഴ്സില്‍ നിന്നും ഈടാക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ധാരണയുള്ള കസ്റ്റമേഴ്സ് എന്തു പ്രോഡക്റ്റാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കും. നമുക്ക് അത് പറഞ്ഞുകൊടുക്കാനും കാണിച്ചു കൊടുക്കാനും സന്തോഷം മാത്രമേയുള്ളൂ.. അതാണ് ശരിയായ രീതി. 

വരുന്ന കസ്റ്റമേഴ്സിന്റെ പ്രായം വളരെ പ്രധാനമാണ്, അതുപോലെ ചര്‍മ്മത്തിന്റെ സ്വഭാവവും മനസ്സിലാക്കണം. ഏതു ഫേഷ്യല്‍ ആണെങ്കിലും സ്കിന്‍ ടൈപ്പ് നോക്കി വേണം ചെയ്യാന്‍. സെന്‍സിറ്റിവ് ചര്‍മ്മം ആണെങ്കില്‍ കൂടുതല്‍ കെമിക്കല്‍ ഇട്ട് വെളുപ്പിക്കാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ചര്‍മ്മം പൊള്ളിപ്പോകുന്നത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ട്രീറ്റ്മെന്റിനു ഒരു മാസം മുന്‍പ് സ്കിന്‍ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടാറുണ്ട്. ആദ്യം വളരെ മൈന്‍ഡ് ആയിട്ടുള്ള ഫേഷ്യല്‍ ചെയ്യും. വീട്ടില്‍ ചെയ്യാന്‍ ചില ബ്യൂട്ടി ടിപ്സ് പറഞ്ഞുകൊടുക്കും. അതുമായി ചര്‍മ്മം ഇണങ്ങി കഴിയുമ്പോള്‍ ആണ് വലിയ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നത്.

സെന്‍സിറ്റിവ് സ്കിന്‍, ഓയിലി സ്കിന്‍, ഡ്രൈ സ്കിന്‍, സോറിയാസിസ് രോഗം ഉള്ളവര്‍ പോലും വരാറുണ്ട്. സ്കിന്‍ ടെസ്റ്റ് ചെയ്യാതെ ഒരിക്കലും കെമിക്കലുകള്‍ ചര്‍മ്മത്തില്‍ ഇടരുത്. അവരോട് സംസാരിച്ചു സ്കിന്‍ കണ്ടീഷന്‍ മനസ്സിലാക്കണം. കെമിക്കല്‍ ബ്ലീച്ച് പോലും തീവ്രത കുറച്ചു വേണം ഇടാന്‍. ഒപ്പം മെഷീന്‍ ഉപയോഗിക്കുന്നവര്‍ അത് വ്യക്തമായി പഠിച്ചിരിക്കണം. എപ്പോഴും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. എത്ര മിനിറ്റ്, എത്ര ഡിഗ്രി വൈബ്രേഷന്‍ കൊടുക്കണം, ഫ്രീക്വന്‍സി എത്രവേണം എന്നതിനൊക്കെ കൃത്യമായ കണക്കുണ്ട്. ഓരോ ചര്‍മ്മത്തിനും ഓരോ തരത്തില്‍ വേണം കൊടുക്കാന്‍. നമ്മുടെ ഞരമ്പുകള്‍ക്കുവരെ കുഴപ്പം പറ്റുന്ന ഹൈ ഫ്രീക്വന്‍സി മെഷീനുകളുണ്ട്. അതുകൊണ്ട് ചെയ്യേണ്ട രീതികള്‍ ശാസ്ത്രീയമായി പഠിച്ചിരിക്കണം. 

കോവിഡിനു ശേഷം കൂടൂതല്‍ പേരും സ്കിന്‍ അലര്‍ജി കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ട് ബ്യൂട്ടി ട്രീറ്റ്മെന്റുകള്‍ക്ക് മുന്‍പ് പ്രീ- സ്കിന്‍ ടെസ്റ്റ് നിര്‍ബന്ധമായും ചെയ്തിരിക്കണം. ഒപ്പം കെമിക്കന്‍സ് ഉപയോഗിക്കുമ്പോള്‍ വളരെ കരുതല്‍ വേണം. ഇപ്പോള്‍ പലരും പാഷനു വേണ്ടിയോ, ഹോബിയായോ, മറ്റുള്ളവര്‍ക്ക് നല്ലതിനു വേണ്ടിയോ ചെയ്യുന്നതായി തോന്നുന്നില്ല. പണം ഉണ്ടാക്കണം, ബിസിനസ് മൈന്റാണ് പലര്‍ക്കും. ഈ ചിന്താഗതി മാറ്റി നല്ലതായിട്ട് ചെയ്താല്‍ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല."- അനില ജോസഫ് പറയുന്നു.

Tags:
  • Glam Up
  • Beauty Tips