ദിവസവും ബ്യൂട്ടി പായ്ക്ക് ഇട്ടാൽ എന്തൊരു മാറ്റമായിരിക്കുമെന്നോ? വിശ്രമിക്കും മുന്‍പ് അഞ്ചു മിനിറ്റ് മുഖത്തോ കൈകാലുകളിലോ ഇടാൻ ഒരു സംരക്ഷണ പായ്ക്കു കൂടി തയാറാക്കിക്കോളൂ. ചർമത്തിനു തിളക്കം മാത്രമല്ല ക്ഷീണം മാറി ആളു നല്ല ഫ്രഷാവും.
മുഖം തിളങ്ങാൻ
മൂന്നു ടേബിൾ സ്പൂൺ കടലമാവിൽ ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ പാലൊഴിച്ചു കുഴച്ചു മുഖത്തിട്ട് ഉണങ്ങും മുമ്പു കഴുകിക്കളയുക. മുൾട്ടാണിമിട്ടിയും ചന്ദനവും റോസ്വാട്ടറിൽ കുഴച്ചു മുഖത്തിട്ട് ഉണങ്ങുമ്പോൾ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ചു മുഖത്തിട്ടാൽ മുഖക്കുരു അപ്രത്യക്ഷമാവും.തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേർത്ത മിശ്രിതം മുഖത്തിട്ട് ഉണങ്ങുമ്പോൾ കഴുകിക്കളയാം.
ചുണ്ടുകളുടെ ഭംഗിക്ക്
പനിനീർ പൂവിന്റെ ഇതളുകൾ ഏഴോ എട്ടോ എണ്ണം അടർത്തിയെടുത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പാൽപ്പാട ചേർത്ത് ചുണ്ടുകളിൽ പായ്ക്ക് നൽകാം. ഇത് ഉണങ്ങാൻ തുടങ്ങുന്നതിനു മുമ്പേ കഴുകിക്കളയണം. കാരറ്റിന്റെ നീര്, ഗ്ലിസറിൻ, പാൽപ്പാട ഇവ സമം എടുത്തു ചുണ്ടിൽ പുരട്ടി പത്തുമിനിറ്റിനുശേഷം കഴുകാം. ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേർത്തു പുരട്ടിയാൽ ചുണ്ടുകൾ തുടുക്കും. നിറം മങ്ങിയ ചുണ്ടുകൾക്കു ചുവപ്പുനിറം കിട്ടാൻ നെല്ലിക്കയുടെ നീര് തേനിൽ ചാലിച്ചു പായ്ക്ക് ആയി നൽകാം.
കൈകൾ സുന്ദരമാകാൻ
പച്ചച്ചീരയുടെ ചാറും കാരറ്റ് നീരും കൂട്ടിച്ചേർത്തു പതിവായി കൈകളിൽ പുരട്ടിയാൽ ചർമം മൃദുവാകും. രക്തചന്ദനവും രാമച്ചവും ചേർത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പനിനീരിൽ ചാലിച്ച് കൈകളിൽ പുരട്ടാം. പുതിനയിലയും ചെറുനാരകത്തിന്റെ തളിരിലയും ചേർത്തരച്ച് നാരങ്ങാനീരിൽ ചാലിച്ചു കൈകളിൽ പുരട്ടുക. ഒരു ടേബിൾ സ്പൂൺ കാച്ചാത്ത പാലിൽ ബദാം പരിപ്പിട്ട് അരച്ചു കുഴമ്പുരൂപത്തിലാക്കി കൈകളിൽ പുരട്ടുക.
കാലുകൾക്ക്
ഒരു നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ ഗ്ലിസറിനും ചേർത്തു കാലുകളിൽ പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകി കളയാം.കാലുകളിൽ നല്ല പുളിയുള്ള തൈര് പുരട്ടുന്നത് ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. പത്തു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞ് ഓറഞ്ചനീരും മുൾട്ടാണിമിട്ടിയും ചേർന്ന പായ്ക്ക് ഇടാം. പഴുത്ത പപ്പായ അരച്ചു കാലുകളിൽ പുരട്ടിയാൽ നല്ല നിറം കിട്ടും.