ചർമത്തിന് നിറം നൽകുന്നത് മെലനിൻ എന്ന ഘടകമാണ്. മെലനിൻ കൂടുമ്പോൾ ചർമത്തിന് ഇരുളിമയും പിഗ്‌മെന്റേഷൻ പ്രശ്നങ്ങളും നിറവ്യത്യാസവും വരാം. ഗ്ലൂട്ടാത്തിയോൺ മെലനിൻ സിന്തസിസ് കുറയ്ക്കുകയും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.
നമ്മുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണ് ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റ്. അതിനാൽ ഇവ സപ്ലിമെന്റ് ആയി കഴിക്കുന്നതിലോ കുത്തിവയ്പ്പ് എടുക്കുന്നതിലോ പൊതുവേ പാർശ്വഫലങ്ങളില്ല.
ഡോക്ടറുടെ നിർദേശത്തോടെ കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. എല്ലാവർക്കും ഒരേ പോലെയാകില്ല ഫലം ലഭിക്കുക. പിഗ്‌മന്റേഷന്റെ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെങ്കിൽ ഗ്ലൂട്ടാത്തിയോണിലൂടെ മാത്രം പരിഹരിക്കാനുമാകില്ല.
ഗ്ലൂട്ടാത്തിയോൺ കുത്തിവയ്പ്പ് നൽകുമ്പോൾ ആഴ്ചയിൽ ഒരു ഒന്നു വീതം എട്ട് – പന്ത്രണ്ട് കുത്തിവയ്പ്പാണ് എടുക്കുക. ഇടവേളയിൽ ഗ്ലൂട്ടാത്തിയോൺ ടാബ്‌ലറ്റും നൽകും. ഗ്ലൂട്ടാത്തിയോണിനൊപ്പം വൈറ്റമിൻ സി, ബി 12, ഡി എന്നിങ്ങനെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന പോഷകങ്ങൾ ചേർത്തും കൊടുക്കാറുമുണ്ട്.
ഗ്ലൂട്ടാത്തിയോൺ ലഭിക്കാൻ ബ്രോക്‌ലി, കോളിഫ്ലവർ, കാബേജ്, സ്പിനച്ച്, അവക്കാഡോ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്,
കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി