രാവിലെ കുളിച്ചു ഫ്രഷായി നീണ്ട യാത്ര കഴിഞ്ഞ് ഓഫിസിലെത്തുമ്പോഴേക്കും ആകെ വിയർത്തൊലിച്ചിട്ടുണ്ടാകും. വീര്യം കൂടിയ പെർഫ്യൂമിന്റെ ഗന്ധമെല്ലാം ആവിയായിപ്പോയെന്ന തിരിച്ചറിവ് കൂടിയാകുമ്പോൾ ഉള്ള ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ? ഇനി വിയർപ്പ്നാറ്റത്തെ പേടിക്കേണ്ടതില്ല. ദിവസം മുഴുവനും ശരീരത്തിനു സുഗന്ധം നൽകാൻ ഈ രീതി പരീക്ഷിച്ചോളൂ..
സുഗന്ധ തൈലങ്ങൾ നൽകും ഫ്രഷ്നസ്
1. എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ ചിലർ കൂടുതലായി വിയർക്കും. ഹോർമോൺ, പാരമ്പര്യം, അന്തരീക്ഷനില ഇവയെല്ലാം ഓരോ വ്യക്തിയും വിയർക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോൺ, വൃത്തിയില്ലായ്മ ഇവയെല്ലാം വിയർപ്പ് നാറ്റത്തിനു വഴിയൊരുക്കും.പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യമാണു വിയർപ്പ് നാറ്റത്തിനു കാരണമാകുക.
2. ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്‌ലി, കോളിഫ്ലവർ തുടങ്ങിയവയുടെ ഉപയോഗം വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു ഗ്ലാസ് തണുത്ത പാൽ കുടിക്കുകയാണെങ്കിൽ ഈ ദുർഗന്ധം കുറയ്ക്കാനാകുമെന്നാണു വിദഗ്ധ പഠനങ്ങൾ പറയുന്നു.
3. വിയർപ്പ് ഗന്ധം കൂടുതലുള്ളവർ രണ്ടു നേരം കുളിക്കണം. ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. വൃത്തിയായി അലക്കി ഉണക്കിയ അടിവസ്ത്രങ്ങളും സോക്സും അണിയാൻ ശ്രദ്ധിക്കണം. വിയർപ്പ് ഗന്ധം കൂടുതലായതിനാൽ ആർത്തവ ദിനങ്ങളിൽ കൂടുതൽ വൃത്തി ഉറപ്പാക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. കുളിച്ച ശേഷം ശരീരത്തിലെ നനവൊപ്പി മാറ്റിയ ശേഷമേ വസ്ത്രങ്ങൾ അണിയാവൂ.
വിയർപ്പ് ഗന്ധത്തെ അകലെ നിർത്താൻ രൂക്ഷഗന്ധമുള്ള പെർഫ്യൂം ഉപയോഗിക്കുകയാണ് മിക്കവരും കണ്ടെത്തുന്ന വഴി. എന്നാൽ ചിലരിൽ ഇതു കൊണ്ടു പ്രയോജനമുണ്ടാകുകയില്ല. കുറച്ചു സമയം കഴിയുമ്പോൾ പെർഫ്യൂമിന്റെ സുഗന്ധം ഇല്ലാതാകുകയും വിയർപ്പ് നാറ്റമുണ്ടാകുകയും ചെയ്യും. വെറുതെ കുറെ പെർഫ്യൂം വാരിപ്പൂശുന്നതിനു പകരം ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ.
4. കുളിക്കുന്ന വെള്ളത്തിൽ റോസ്, ലാവൻഡർ, ചന്ദനം തുടങ്ങിയവയിലേതെങ്കിലും സുഗന്ധതൈലം അൽപം ചേർക്കുക. ഈ വെള്ളം അൽപാൽപമായി ശരീരത്തിലൊഴിക്കുക. ഇതു നിങ്ങളുടെ ചർമത്തിന് സുഗന്ധം നൽകും. ഈ സുഗന്ധതൈലത്തിന്റെ അതേ ഗന്ധമുള്ള ഷവർ ജെൽ, ലോഷൻ, ഡിയോഡറന്റ് ഇവ ഉപയോഗിക്കുക. കുളിച്ചതിനു ശേഷം നനവൊപ്പി മാറ്റി അതേ ഗന്ധമുള്ള മോയ്സ്ചറൈസർ നേർമയായി പുരട്ടുക.
വസ്ത്രമണിയുന്നതിനു മുമ്പ് എസൻഷ്യൽ ഓയിലിന്റെ ഗന്ധത്തിലുള്ള ഫ്രഷ് പെർഫ്യൂം മിതമായി ഉപയോഗിക്കുക. കൈത്തണ്ട, ചെവിക്കു പിന്നിൽ, കഴുത്ത്, നെറ്റി എന്നിവിടങ്ങളിലാണു പെർഫ്യൂം സ്പ്രേ ചെയ്യേണ്ടത്. ഹെയർബ്രഷിൽ അൽപം പെർഫ്യൂം പുരട്ടിയ ശേഷം തലമുടി ചീകുക കൂടി ചെയ്താൽ ശരീരം മുഴുവൻ സുഗന്ധം നിറയും.
5. ഒരേ ഗന്ധത്തിലുള്ള പെർഫ്യൂം പതിവായി ഉപയോഗിച്ചാൽ കുറേക്കാലം കഴിയുമ്പോൾ ആ ഗന്ധം തിരിച്ചറിയാൻ കഴിയാതെ വരും. വ്യത്യസ്ത ഗന്ധത്തിലുള്ള മൂന്നു തരം പെർഫ്യൂം മാറിമാറി ഉപയോഗിക്കുന്നതാണ് ഉത്തമം.