Thursday 16 June 2022 02:32 PM IST : By സ്വന്തം ലേഖകൻ

‘കണ്ടീഷണറിനു പകരം കറ്റാർവാഴയുടെ പൾപ്പ്, കഞ്ഞിവെള്ളം മുടിയെ സ്മൂത്താക്കും’; മുടിയ്ക്ക് വേണം നാച്ചുറല്‍ കെയർ

hairarrr54467

തിളങ്ങുന്ന മൃദുവായ മുടി യൗവനത്തിന്റെ ലക്ഷണമാണ്. മുടിയ്ക്ക് ശരിയായ പരിചരണം നൽകാൻ നാടൻ മാർഗങ്ങളാണ് ഉചിതം. രാസവസ്തുക്കളെ കഴിയുന്നതും മുടിയിൽ നിന്ന് അകറ്റിനിർത്തുക.

∙ 20- 25 വയസു വരെ മുടിക്ക് പ്രശ്നങ്ങളുണ്ടാകാറില്ല. ഈ സമയത്ത് ഗ്രന്ഥികളുടെ പ്രവർത്തനം സുഗമമായതിനാൽ മുടിക്ക് ആരോഗ്യം കാണും. ഈ പ്രായം തൊട്ടേ മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ദീർഘകാലം ഈ സൗന്ദര്യം കാത്തു സൂക്ഷിക്കാം.

∙ കഴിയുന്നതും മുടിയ്ക്ക് കെമിക്കൽ ട്രീറ്റ്മെന്റുകള്‍ ചെയ്യരുത്. പ്രത്യേകിച്ചും 25 വയസിനു മുന്‍പ് ഈ ട്രീറ്റ്മെന്റുകൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കും. ഇവ താൽക്കാലിക ഭംഗി മാത്രമാണ് നൽകുക. മുടികൊഴിച്ചിൽ, വരൾച്ച, മുടിപൊട്ടൽ തുടങ്ങിയവയായിരിക്കും അനന്തരഫലം. മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്തമാർഗങ്ങൾ സ്വീകരിക്കുക.

∙ ഹോട്ട് ഓയിൽ മസാജ് ആഴ്ചയിൽ രണ്ടു തവണ ചെയ്യുക. എണ്ണ അൽപം ചൂടാക്കി തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഇത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു.

∙ ഷാംപൂവിനു പകരം ചെമ്പരത്തി താളിയോ, ചീവയ്ക്കാ പൊടിയോ ഉപയോഗിച്ചു മുടി കഴുകുക.

∙ കണ്ടീഷണറിനു പകരം കറ്റാർവാഴയുടെ ഇലയിലെ പൾപ്പ് ഉപയോഗിക്കാം. അല്ലെങ്കിൽ തൈര് ഉപയോഗിക്കാം.

∙ കഞ്ഞിവെള്ളം മുടിയ്ക്ക് നല്ല പ്രോട്ടീൻ ആണ്. തലേന്നത്തെ കഞ്ഞിവെള്ളത്തിൽ ചീവയ്ക്കാപ്പൊടിയോ ഉലുവ കുതിർത്തരച്ചതോ കലർത്തി മുടിയിൽ തേച്ച് അരമണിക്കൂറിനുശേഷം വൃത്തിയായി മുടി കഴുകുക. ഇത് മുടിയെ സ്മൂത്ത് ആക്കും. തലവേദനയ്ക്കു പോലും ശമനം ലഭിക്കും.

∙ ഓയിൽ മസാജ് ചെയ്ത ശേഷം മാത്രം ഹെന്ന ഇടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഇടാതെ കഴുകി കളയുക. വീട്ടിലെ മൈലാഞ്ചിച്ചെടിയുടെ ഇല അരച്ചതാണ് നല്ലത്.

∙ മുട്ടവെള്ളയും ത്രിഫലപ്പൊടിയും ചേർത്ത് തലയിൽ തേക്കുന്നത് മുടിക്ക് പോഷണമേകി അകാലനര തടയുന്നു.

∙ ഒരു നര കണ്ടാൽ അപ്പോഴേ ഹെയർഡൈ ചെയ്യരുത്. ത്രിഫല കുതിർത്ത് അരച്ചെടുത്ത് തലയിൽ തേയ്ക്കുക. അരമണിക്കൂർ വച്ചിട്ട് ചീവയ്ക്കാപ്പൊടി കൊണ്ട് കഴുകി കളയുക. പതിവായി ചെയ്താൽ അകാല നര തടയാം.

∙ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ പതിവായി തേയ്ക്കുന്നതും അകാലനരയെ അകറ്റും.

∙ ത്രിഫല പൊടിച്ചത്, ഉലുവ കുതിർത്ത് അരച്ചത്, തൈര് എന്നിവ ചേർത്ത് തലയോട്ടിയിലും മുടിയിലും ആഴ്ചയിലൊരിക്കൽ പുരട്ടുന്നത് മുടിക്ക് പോഷണം നൽകും. ചെറിയ പ്രായത്തിലേ ഇതു ശീലമാക്കിയാൽ മുടി തഴച്ചു വളരും. കുട്ടികൾക്കും നല്ലതാണിത്.

∙ താരൻ അകറ്റാൻ ചെറിയ ഉള്ളി അരച്ച് മുട്ടയുടെ വെള്ള കൂടെ ചേർത്ത് തലയോട്ടിയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.

∙ കുളിച്ചശേഷം നല്ലവണ്ണം ഉണങ്ങിക്കഴിഞ്ഞേ മുടി കെട്ടി വയ്ക്കാവൂ.

∙ കെമിക്കൽ ട്രീറ്റ്മെന്റുകൾ നല്ലതല്ലെങ്കിലും ചില മുടികൾക്ക് അത് അത്യാവശ്യമാകും. ഡാമേജ്ഡ് ആയ മുടി, ചുരുണ്ട് കൈകാര്യം ചെയ്യാനാവാത്ത മുടി തുടങ്ങിയവയ്ക്ക് കെരാറ്റിൻ ട്രീറ്റ്മെന്റ്, സ്പാ, പ്രോട്ടീൻ ട്രീറ്റ്മെന്റ് തുടങ്ങിയവ വേണ്ടിവരും. വിദഗ്ധ ബ്യൂട്ടീഷന്റെ സഹായത്തോടെ മാത്രം ഇത് ചെയ്യുക. ട്രീറ്റ്മെന്റിനു ശേഷം ബ്യൂട്ടീഷൻ നിർദേശിക്കുന്ന പ്രത്യേക ഷാംപൂവും കണ്ടീഷണറും തുടർന്നുപയോഗിക്കണം.

∙ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ ഷാംപൂവും കണ്ടീഷണറും പൂർണമായും ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഷാംപൂ നേരിട്ട് തലയിൽ തേക്കരുത്. തല കുനിച്ച് പിടിച്ച് ആദ്യം മുടി നന്നായി നനച്ച ശേഷം ഷാംപൂ അൽപം വെള്ളത്തിൽ കലർത്തി മുടിയിലും തലയോട്ടിയിലും തേക്കുക. ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്തശേഷം കഴുകിക്കളയുക. ഒരംശം പോലും മുടിയിൽ അവശേഷിക്കരുത്. കണ്ടീഷണറും തല കുനിച്ച് പിടിച്ച്, തലയോട്ടിയിൽ പറ്റാതെ മുടിയിൽ മാത്രം പുരട്ടുക. നന്നായി കഴുകിക്കളയണം. മുടിയിൽ തൊട്ടാൽ വഴുവഴുപ്പ് തോന്നാത്ത വിധത്തിൽ നല്ല വൃത്തിയായി കഴുകണം.

∙ ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മുടിയെ ബാധിക്കും. അവ പരിഹരിക്കാൻ ആദ്യമേ ശ്രദ്ധിക്കുക. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ആഹാരം നിത്യവും കഴിക്കണം.

Tags:
  • Glam Up
  • Beauty Tips