Thursday 22 December 2022 03:39 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് തൊലിയും ചന്ദനവും റോസ് വാട്ടറും ചേര്‍ത്ത മാജിക് മിക്സ്; മുഖക്കുരുവിനെ പമ്പ കടത്താന്‍ ഓറഞ്ച് ഫെയ്‌സ്പായ്ക്കുകള്‍

orange-facepppaby77

മുഖക്കുരു നിങ്ങളെ വിടാതെ പിന്തുടരുന്നുവെങ്കില്‍ അതിനു കാരണം എണ്ണമയമുള്ള ചര്‍മം ആയിരിക്കും. ഇത്തരം ചര്‍മ്മത്തിനു വിറ്റാമിന്‍ സി ഒരു മികച്ച പരിഹാരമാണ്. വിറ്റാമിന്‍ സി നേരിട്ട് ചര്‍മ്മത്തിലേക്കെത്താന്‍ ഫ്രൂട്ട് ഫെയ്സ് മാസ്കുകളാണ് നല്ലത്, ഇവയില്‍ പ്രധാനി ഓറഞ്ചാണ്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി തൊലികളില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളമുള്ള ഓറഞ്ച് തൊലി മുഖക്കുരുവിനെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഓറഞ്ച് തൊലിയിലെ പൊട്ടാസ്യം ചര്‍മ്മത്തിനു ആര്‍ദ്രത നല്‍കുന്നു. വീട്ടില്‍ ചെയ്യാവുന്ന മികച്ച ഓറഞ്ച് ഫെയ്‌സ് പായ്ക്കുകള്‍ ഇതാ.. 

. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുത്ത് ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ വാല്‍നട്ട് പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം 2 മുതല്‍ 3 തുള്ളി നാരങ്ങാനീരും 2 ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. തിളങ്ങുന്ന ചര്‍മ്മത്തിനു ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്.

. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവ എടുത്ത് റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്.

. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും രണ്ടു ടീസ്പൂണ്‍ തൈരും എടുക്കുക. നന്നായി കൂട്ടികലര്‍ത്തി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. 

. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനു ശേഷം ഏതെങ്കിലും സൗമ്യമായ ക്ലെന്‍സറോ റോസ് വാട്ടറോ ഉപയോഗിച്ച് മുഖം കഴുകാം. മുഖത്തെ ടാന്‍ മാറാന്‍ ഈ ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കാം. 

. രണ്ടു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുത്ത് ഒരു ടീസ്പൂണ്‍ പാലില്‍ കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടുന്നത് വരണ്ട ചര്‍മ്മം നീക്കി തിളക്കം നല്‍കുന്നു. 

Tags:
  • Glam Up
  • Beauty Tips