Monday 23 August 2021 03:30 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കുഴികളും പാടും അകറ്റി മുഖചർമം ടോൺ ചെയ്യാം; സമയം കളയാതെ സിമ്പിളായി ഒരുങ്ങാൻ ക്വിക് മേക്കപ്പ് ടിപ്‌സ്

makeuo-selffff

കല്യാണത്തിനായാലും ഓഫിസിലേക്കായാലും മുഖം മിനുക്കി ഒരൽപം വൃത്തിയായി പോകാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും. എന്നാൽ മേക്കപ്പിനു വേണ്ടി ഒരുപാട് സമയം കളയാനും പറ്റില്ല. ഇതാ ചില ക്വിക് മേക്കപ്പ് ടിപ്‌സ്! ഇനി ഒരുങ്ങാം സിമ്പിളായി..

∙ മേക്കപ്പ് കഴിഞ്ഞാലും സമയം നഷ്ടപ്പെടുത്തി എന്ന വിഷമം തോന്നില്ല. മേക്കപ്പ് ഉണ്ടെന്ന് പെട്ടെന്ന് തിരിച്ചറിയുക പോലുമില്ല. ഇതാ, ക്വിക് മേക്കപ്പ് തുടങ്ങാം. മോയ്സ്ചറൈസർ പുരട്ടിയ ശേഷം മിനറൽ ഫൗണ്ടേഷൻ അണിയാം. കണ്ണിനടിയിലെ കറുപ്പ് മറയ്ക്കാൻ അൽപം കൺസീലർ. കൺപീലികൾക്ക് മസ്കാരയുടെ തലോടൽ. ചുണ്ടിൽ അൽപം ലിപ്ഗ്ലോസ്സും ലിപ് ബാമും. കവിളൊന്നു തുടുപ്പിക്കാൻ ഫാസ്റ്റായി ബ്ലഷ് ചെയ്തോളൂ. മേക്കപ്പ് കഴിഞ്ഞു.

∙ ലിപ്സ്റ്റിക്ക് ചുണ്ടുകളിൽ അധിക നേരം നിൽക്കാൻ വഴിയുണ്ട്. ചുണ്ടുകൾ മൃദുവാക്കാൻ മോയിസ്ചറൈസർ അടങ്ങിയ ലിപ് ബാം പുരട്ടിയശേഷം അൽപം കൺസീലർ കൂടി ചുണ്ടിൽ പുരട്ടുക. ലിപ്സ്റ്റിക്കിനേക്കാള്‍ ഒരു ഷേഡ് കുറഞ്ഞ ലിപ് ലൈനർ കൊണ്ട് ആകൃതിയിൽ വരച്ചശേഷം ലിപ്സ്റ്റിക്ക് അണിഞ്ഞോളൂ.

∙ മുഖത്തെ കുഴികളും പാടും അകറ്റി മുഖചർമം ടോൺ ചെയ്യാൻ ഇതാ ഒരു വഴി. മസ്‌ലിൻ തുണിയിൽ കെട്ടിയ  ഐസ് ക്യൂബ് കൊണ്ട് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മോയ്സ്ചറൈസർ പുരട്ടിയശേഷം ക്രീം ബേസ്‍ഡ് ലിക്വിഡ് ഫൗണ്ടേഷൻ പുരട്ടുക. പൗഡർ ബ്രഷ്  കൊണ്ട് അൽപം കോപാക്റ്റ് എടുത്ത് കുഴികളധികമുള്ള സ്ഥലങ്ങളിൽ മെല്ലെ അമർത്തുക.

മേക്കപ്പ് ചെയ്യുമ്പോൾ തെറ്റ് പറ്റാതിരിക്കാൻ

∙ വരണ്ട മുഖത്ത് മേക്കപ്പ് ചെയ്യുമ്പോൾ മുഖം നനച്ച് ഈർപ്പം ഒപ്പിയ ശേഷം മാത്രം മിനുക്കു പണികൾ തുടങ്ങിയാൽ മതി. ഫൗണ്ടേഷനും കോംപാക്ട് പൗഡറും വരണ്ട മുഖത്ത് പാടുണ്ടാക്കുന്നത് ഒഴിവാക്കാം.

∙ തിളക്കമുളള ഐ ഷാഡോ ഉപയോഗിക്കുമ്പോൾ ഒരു കോട്ട് ഐ പ്രൈമർ അടിക്കുക. കണ്ണിനു മുകളിൽ ഐഷാഡോ പടർന്ന് വൃത്തികേടാകാതിരിക്കാനാണിത്.

∙ മേൽക്കുമേൽ ഫൗണ്ടേഷൻ പുരട്ടി കൂടുതൽ വെളുക്കാൻ ശ്രമിക്കരുത്. ചർമ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷൻ അൽപം മാത്രം പുരട്ടി സ്വാഭാവികത നിലനിർത്താൻ ശ്രമിക്കുക.

∙ ടോൺ ടെസ്റ്റ് കൈത്തണ്ടയിൽ ചെയ്തു നോക്കി ഫൗണ്ടേഷൻ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും കൈകളുടേതും തമ്മിൽ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

∙ ലിപ് ഗ്ലോസ് ചുണ്ടുകളിലാകെ പുരട്ടരുത്. മധ്യഭാഗത്ത് അൽപം പുരട്ടി വശങ്ങളിലേക്ക് പടർത്തിയാൽ മതി. ഏറെ ഗ്ലോസ് പുരട്ടുന്നതും ഇപ്പോൾ ട്രെൻഡല്ല.

Tags:
  • Glam Up
  • Beauty Tips