Saturday 25 May 2024 02:57 PM IST

കൗമാരക്കാരെ അലട്ടുന്ന ‘ടീ സോൺ’; മുഖത്തെ ചെറിയ കുരുക്കൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ammu Joas

Sub Editor

257404945

മുഖത്തെ ടീ സോൺ ഏരിയയായ നെറ്റി, മൂക്ക്, താടി എന്നീ ഭാഗങ്ങളിൽ വരുന്ന കുരുക്കൾ കൗമാരക്കാരെ അലട്ടുന്ന പ്രശ്നമാണ്. ഈ ഭാഗത്തെ എണ്ണമയമാണ് ചെറിയ കുരുക്കൾ ഉണ്ടാകുന്നതിനു കാരണം. ഇവ അകറ്റാൻ ശരിയായ പരിചരണം പ്രധാനമാണ്.

∙ ദിവസം രണ്ടു തവണ മുഖം കഴുകുക. ചർമത്തിൽ എണ്ണമയം കൂടുതൽ ഉള്ളവർക്കു സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ് വാഷ് ഉപയോഗിക്കാം.

∙ ആഴ്ചയിൽ മൂന്നു തവണ ഷാംപൂ ഉപയോഗിച്ചു തല കഴുകുന്ന കാര്യത്തിൽ മടി വേണ്ടേ വേണ്ട.

∙ മധുരം അധികമായി അടങ്ങിയ പാനീയങ്ങൾ വേണ്ടെന്നു വയ്ക്കുന്നതാണു ചർമത്തിനു സന്തോഷം. കോള, മിൽക് ഷേക്, കോൾഡ് കോഫി എന്നിങ്ങനെയുള്ളവ ഒഴിവാക്കുക. 

∙ നെറ്റിയിലേക്കു വീണു കിടക്കുന്ന മുടി ടീനേജിന്റെ സ്റ്റൈല്‍ കോഡ് ആണ്. വീട്ടിൽ നിൽക്കുന്ന അവസരങ്ങളിലെങ്കിലും നെറ്റിയിൽ നിന്നു മുടി മാറ്റിയിടുക, കെട്ടി വയ്ക്കുക.

∙ എണ്ണമയവും കുരുക്കളുമൊക്കെ ഉള്ളതല്ലേ, അതുകൊണ്ടു പിന്നെ മോയിസ്ചറൈസർ വേണ്ടിവരില്ല എ ന്നു കരുതരുത്. ഏതു ചർമസ്വഭാവം ഉള്ളവരും ഇണങ്ങിയ മോയിസ്ചറൈസർ പതിവായി ഉപയോഗിക്കണം.

കൗമാരക്കാരിൽ മുഖക്കുരു വരുന്നതിനു പിന്നിൽ ഹോർമോണിന്റെ കളിയാണ്. കൗമാരപ്രായമാകുമ്പോഴേക്കും ലൈംഗികഹോർമോണായ ആൻഡ്രജന്റെ പ്രവർത്തനം മൂലം സെബം ഉൽപാദനം അധികമാകുന്നതാണു കാരണം.

വീട്ടിൽ ചെയ്യേണ്ടത് ഇത്ര മാത്രം

∙ മുഖം വൃത്തിയാക്കി വയ്ക്കണം. രണ്ടു നേരം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. രാവിലെ എഴുന്നേറ്റാലുടനും രാത്രി കിടക്കും മുൻപും.

∙ ചർമസംരക്ഷണത്തിനായി ആൽക്കഹോൾ ഫ്രീ പ്രൊഡക്റ്റ്സ് ഉപയോഗിക്കുക.

∙ ഡോക്ടറുടെ നിർദേശത്തോടെ ചർമത്തിനിണങ്ങുന്ന സ്കിൻ കെയര്‍ റുട്ടീൻ മനസ്സിലാക്കി അതു നിർദിഷ്ട കാലത്തേക്കു കൃത്യമായി പിന്തുടരുക.

∙ കൃത്യമായ ഇടവേളയിൽ ഷാംപൂ ഉപയോഗിച്ചു തല കഴുകുക. താരനും ശിരോചർമത്തിൽ അടിയുന്ന അഴുക്കും കൃത്യമായി നീക്കിയില്ലെങ്കില്‍ കുരുകൾ വരാം.

∙ മൂന്നു ദിവസം കൂടുമ്പോൾ തലയണയുറ മാറ്റണം. തലയണ കവറിൽ താരനും എണ്ണമയവും പൊടിയും അഴുക്കുമെല്ലാം പറ്റിപ്പിടിച്ചിരിക്കാം. ഇതു ചർമവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചർമപ്രശ്നങ്ങൾ അധികരിക്കും.

∙ ഇടയ്ക്കിടെ മുഖത്തു തൊടുന്ന ശീലം ഒഴിവാക്കണം. കയ്യിലെ അഴുക്കും മറ്റും ചർമത്തിൽ പറ്റുന്നതു ചർമപ്രശ്നത്തിലേക്കു നയിക്കും. കുരുക്കളിൽ തൊടുന്നത് അണുബാധയ്ക്കു കാരണമാകും.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. ആശ ബിജു

എസ്തറ്റിക് ഫിസിഷൻ &  കോസ്മറ്റിക് ലേസർ സർജൻ,

വൗ ഫാക്ടർ മെഡി കോസ്മറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips