Tuesday 30 January 2024 02:25 PM IST : By സ്വന്തം ലേഖകൻ

മുടി വളര്‍ച്ചയ്ക്ക് നീലയമരിയും കയ്യോന്നിയും ചേര്‍ത്തുണ്ടാക്കിയ കൂട്ടുകൾ; പത്ത് തരം എണ്ണകൾ പരിചയപ്പെടാം

oil-ten098

ഇടതൂർന്ന മുടിയുള്ള മലയാളി സുന്ദരികളുടെ ചിത്രങ്ങൾ കണ്ട് കൊതിച്ച് വിദേശസുന്ദരികൾ നമ്മുടെ നാടൻ കൂട്ടുകളുടെ പിന്നാലെയാണ്. എന്നാൽ നമ്മളിൽ പലരും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ മുടിയുടെ ഭംഗി മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.  നീലയമരിയും കയ്യോന്നിയും പോലെയുള്ള കൂട്ടുകൾ ചേർത്തുണ്ടാക്കിയ എണ്ണകളായിരുന്നു പഴയ തലമുറയുടെ മുടിയഴകിന് പിന്നിൽ.  മുടി കൊഴിച്ചിൽ അകറ്റി മുടി ഇടതൂർന്ന് വളരാൻ സഹായിക്കുന്ന പത്ത് തരം എണ്ണകൾ വീട്ടിൽ തയാറാക്കുന്ന വിധം അറിയാം. 

1. നീലിഭൃംഗാദി എണ്ണ

നീലയമരി, കയ്യോന്നി, നെല്ലിക്ക, ഉഴിഞ്ഞ എന്നിവ 50 ഗ്രാം വീതമെടുത്ത് ഒരു ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്ന് തവണ ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുക്കണം. ഈ കൂട്ടിൽ ഇരട്ടി മധുരം, അഞ്ജനക്കല്ല്, കുന്നിക്കുരു ഇവ 10 ഗ്രാം വീതം അരച്ച് കലക്കി 250 മില്ലിലീറ്റർ നല്ലെണ്ണ ചേർത്ത് കാച്ചി ചെളി പാകമാക്കുക. ആട്ടിൻ പാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ, പശുവിൻ പാൽ ഇവ 250 മില്ലി ലീറ്റർ വീതം ചേർത്ത് കാച്ചി കുറുകിയ ശേഷം അരിച്ച് ഉപയോഗിക്കുക.

ഗുണങ്ങൾ: അകാലനര, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയവ മാറ്റി മുടിക്ക് തണുപ്പും ആരോഗ്യവുമേകും. കണ്ണിന് ആരോഗ്യമേകാനും  ഈ എണ്ണ ഉപകരിക്കും.

2. കീഴാനെല്ലി എണ്ണ

കീഴാനെല്ലി അരച്ചെടുക്കുക. ഇതിന്റെ  നാല് ഇരട്ടി അളവിൽ  എണ്ണയെടുക്കണം. ഈ എണ്ണയുടെ നാല് ഇരട്ടി വെള്ളം ചേ ർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : മുടിെകാഴിച്ചിൽ അകലും. മുടി സമൃദ്ധമായി വളരും.

3. കയ്യൊന്ന്യാദി എണ്ണ

കയ്യൊന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവ 50 ഗ്രാം വീതം, ഒരു ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്ന് തവണ ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുത്ത് അഞ്ജനക്കല്ലും ഇരട്ടി മധുരം ഇവ 15 ഗ്രാം വീതം അരച്ച് കലക്കി 250 മില്ലി ലീറ്റർ നല്ലെണ്ണ ചേർത്ത് കാച്ചുക. ചെളി രൂപത്തിലാകുമ്പോൾ പശുവിൻ പാൽ, ആട്ടിൻപാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ ഇവ 250 മില്ലി ലീറ്റർ വീതം ചേ ർത്ത് കാച്ചി പാകമാകുമ്പോൾ അരിച്ചെടുക്കുക.

ഗുണങ്ങൾ: ശിരസ്സിനും മുടിക്കും തണുപ്പും പോഷണവും ന ൽകുന്നു. അകാലനര വരാതിരിക്കാൻ ഉത്തമമായ മരുന്നാണിത്. മുടിക്ക് കറുപ്പ് നിറവും ദൃഢതയും ലഭിക്കും.

4. താന്നിക്കാത്തോട് േചർത്ത എണ്ണ

ഒരു ഭാഗം താന്നിക്കാത്തോട് എട്ട് ഇരട്ടി വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഈ കഷായം ചെറുതീയിൽ വച്ച് കാൽ ഭാഗമാക്കി എടുക്കുന്നതാണ് കൽക്കം. ഈ കൽക്കം നാല് ഇരട്ടി എണ്ണയും എണ്ണയുടെ നാല് ഇരട്ടി വെള്ളവും ചേർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : മുടി വളരാനും അകാലനര അകറ്റി മുടിക്ക് കറുപ്പ് നിറം നൽകാനും ഈ എണ്ണ നല്ലതാണ്.

5. ഭൃംഗാമലകാദി എണ്ണ‌

ഒന്നര ലീറ്റർ പശുവിൻപാലിൽ കാൽ ലീറ്റർ കയ്യോന്നിനീര്, നെല്ലിക്കാനീര്, നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇവയിലേതെങ്കിലും ചേർക്കുക. ഒപ്പം 25 ഗ്രാം ഇരട്ടി മ‌ധുരം ചേർത്ത് പാകത്തിന് കാച്ചിയെടുക്കാം.

ഗുണങ്ങൾ : മുടി നന്നായി വളരാനും നര മാറ്റി കറുപ്പ് ലഭിക്കാനും ഉത്തമ ഔഷധമാണ്.

6. തുമ്പ ചേർത്ത എണ്ണ

50 ഗ്രാം തുമ്പ ഇടിച്ചു പിഴിഞ്ഞതിൽ ഇളനീർ ചകിരി ഇടിച്ചു പിഴിഞ്ഞ നീര്, മോര് ഇവ അര ലീറ്റർ വീതം ചേർക്കുക. മഞ്ഞൾ, കച്ചോലം ഇവ അരച്ചത് എട്ടിരട്ടി വെള്ളത്തിൽ തിളപ്പിച്ചത് ചെറുതീയിൽ വച്ച് കാൽഭാഗമാക്കണം. ഈ കൂട്ട് 50 മില്ലി ലീറ്റ ർ എടുക്കുക. അര ലീറ്റർ എണ്ണയിൽ ഈ കൂട്ടുകളും ഒരു ലീറ്റർ വെള്ളവും ചേർത്ത് എണ്ണ തയാറാക്കാം.

ഗുണങ്ങൾ : തലയിലുണ്ടാകുന്ന ചെറിയ കുരുക്കൾ, താരൻ ഇവയ്ക്ക് നല്ലതാണ്.

7. മാലത്യാദി കേരം

പിച്ചകം, അരളി, ഉങ്ങ്, വെള്ള കൊടുവേലി ഇവ 50 ഗ്രാം വീതമെടുക്കുക. ഇതിൽ രണ്ടു ലീറ്റർ വെള്ളം, അര ലീറ്റർ നല്ലെണ്ണ എന്നിവ പാകത്തിൽ ചേർത്ത് തിളപ്പിച്ചെടുക്കാം.

ഗുണങ്ങൾ : മുടി വട്ടത്തിൽ കൊഴിയുക, ശിരോചർമത്തിൽ ഉണ്ടാകാവുന്ന േരാഗങ്ങൾ, താരൻ എന്നിവ അകറ്റാൻ ഈ എണ്ണ ഫലപ്രദമാണ്.

8. ത്രിഫലത്തോട് േചർത്ത എണ്ണ

ത്രിഫലത്തോട്, വേപ്പിൻതൊലി, പുത്തരിച്ചുണ്ടവേര്, മഞ്ഞ ൾ, മരമഞ്ഞൾത്തൊലി, രക്തചന്ദനം ഇവ അരച്ച് എട്ടിരട്ടി വെള്ളത്തിൽ തിളപ്പിക്കുക. ഇതു ചെറുതീയിൽ വച്ച് കാൽ ഭാഗമാക്കുക. ഈ കൂട്ടിന്റെ നാല് ഇരട്ടി എണ്ണയെടുത്ത്, എണ്ണയുടെ നാലിരിട്ടി വെള്ളവും േചർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : തലയിലെ അണുബാധ നിമിത്തമുള്ള മുടികൊഴിച്ചിൽ മാറും. ശിരോചർമത്തിന്റെ ആരോഗ്യം കാക്കും.

9. നാടൻ കൂട്ടുകളാൽ എണ്ണ

തകരയരി, നെല്ലിക്കാത്തോട്, കോലരക്ക്, കൊന്നയില ഇവ   സമമെടുക്കുക. ഇതിന്റെ നാലിരട്ടി എണ്ണയും എണ്ണയുടെ നാലിരട്ടി വെള്ളവും ചേർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : രൂക്ഷമായ മുടികൊഴിച്ചിൽ മാറും.

10. ഉലുവ എണ്ണ

25 ഗ്രാം ഉലുവയെടുത്ത് അരയ്ക്കുക. 100 മില്ലി ലീറ്റർ എണ്ണയും  400 മില്ലി ലീറ്റർ വെള്ളവും ചേർത്ത് എണ്ണ കാച്ചണം.

ഗുണങ്ങൾ : മുടികൊഴിച്ചിൽ കുറയ്ക്കും. മുടി വളർത്തും.

കാച്ചെണ്ണകൾ പാകം അറിയാതെ ചെയ്താൽ കഴുത്ത് വേദന, വിട്ടുമാറാത്ത തുമ്മൽ സൈനസൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകാനിടയുണ്ട്. അതുകൊണ്ട് തന്നെ എണ്ണ തയാറാക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

Tags:
  • Glam Up
  • Beauty Tips