Saturday 30 July 2022 02:06 PM IST

‘അന്നന്നുണ്ടാക്കിയ മോര് ഭക്ഷണത്തോടൊപ്പം ശീലിക്കുക’; യൗവനം നിലനിർത്താൻ 35 ആയുർവേദ വഴികൾ

Vijeesh Gopinath

Senior Sub Editor

_C2R1185

ചിട്ടയായ ജീവിതചര്യകളാണ് ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാനം. ചിട്ടയായ ജീവിതം അകാല വാർധക്യത്തെ പിടിച്ചു നിർത്താൻ മാത്രമല്ല, മാനസിക ആരോഗ്യത്തിനും പ്രധാനമാണ്. ചെറുപ്പം നിലനിർത്താൻ ജീവിതചര്യയിലും ആഹാരക്രമത്തിലും പാലിക്കേണ്ട 35 ആയുർവേദ വഴികൾ.   

1. സൂര്യോദയത്തിന് മുൻപ് എഴുന്നേൽക്കുക. ശക്തിക്കു തക്കവണ്ണം ആരോഗ്യകരവും മാനസികോല്ലാസം പകരുന്നതുമായ വ്യായാമങ്ങൾ ശീലമാക്കുക. യോഗ, പ്രാണായാമം, ധ്യാനം ഇവ ശീലമാക്കുക.

2.  ശിരസ്സിലും ദേഹത്തും എണ്ണ പുരട്ടി തലോടുക ( രോഗാവസ്ഥകളിൽ വൈദ്യ നിർദേശ പ്രകാരം മാത്രം). പതിവായി ശിരസ്സിലും ദേഹത്തും എണ്ണ തേച്ച് അൽപസമയം നിൽക്കാം. എള്ളെണ്ണയോ, ധന്വന്തരം തൈലമോ ഉപയോഗിക്കാം. രോഗാവസ്ഥകളുള്ളവർ ഡോക്ടറുടെ അനുവാദത്തോടെ ചെയ്യുക. എണ്ണ തേച്ചിരുന്ന സമയം കഴിഞ്ഞു കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക.

3. അസമയത്തെ കുളി (പ്രത്യേകിച്ച് പകൽ സമയത്ത് ചൂടു കൂടിയ നേരത്ത്) ഒഴിവാക്കുക.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം

4. ആഹാരത്തിന് സമയക്രമം പാലിക്കുക. എന്നും കഴിക്കാൻ സമയം നിശ്ചയിക്കുക. പ്രാതൽ, ഉച്ചഭക്ഷണം ഇവ പരമാവധി ഒഴിവാക്കാതിരിക്കുക. വിശപ്പു വന്ന ശേഷം ഭ ക്ഷണം കഴിക്കുക. ഭക്ഷണത്തിൽ അധികമായ ഉപ്പ്, പുളി, മധുരം ഇവയുടെ പ്രതിദിന ഉപയോഗം ഉപേക്ഷിക്കുക. വിശന്നിരിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

5. അന്നന്നുണ്ടാക്കിയ മോര് ഭക്ഷണത്തോടൊപ്പം ശീലിക്കുക.

6. ഫാസ്റ്റ്ഫൂഡ്, കൃത്രിമ രുചി വർധകങ്ങൾ, പ്രിസർവേറ്റീവ്സ് ചേർത്ത ഭക്ഷണം, അധികമായി കൊഴുപ്പു ചേരുന്നവ ഒഴിവാക്കുക.

7. ഇടവേളകളിലെ  വറുത്ത ആഹാരം ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ ഉപയോഗിക്കുക.

8. ഓരോ കാലത്തും നാട്ടിലുണ്ടാകുന്ന പച്ചക്കറികൾ, ഇലക്കറികൾ (ചീര, മുരിങ്ങ, ചേമ്പില, പയറില, മത്തനില മുത്തിൾ തുടങ്ങിയവ) ഇവ വ്യത്യസ്ത രുചിക്രമത്തോടെ ശീലമാക്കുക.

9. തവിടു കളയാത്ത അരി, ഞവര ഇവയ്ക്കു പുറമേ സൂചിഗോതമ്പ്, യവം, ചാമ തുടങ്ങിയ ധാന്യങ്ങൾ, പയർ, ചെറുപയർ, മുതിര, ഇവയും ജീരകം, ചുക്ക്, മഞ്ഞൾ, കുരുമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയ ഔഷധങ്ങളും ആഹാര കാര്യങ്ങളിൽ ഉപയോഗിക്കുക.

10. അത്താഴം കഴിക്കുന്നതും  ഉറങ്ങുന്നതും തമ്മിൽ ര ണ്ടു മണിക്കൂർ ഇടവേളയുണ്ടാകാൻ ശ്രദ്ധിക്കുക.

11. ഇടവിട്ട് ഉപവാസം, രാത്രി ഭക്ഷണമൊഴിവാക്കൽ ഇവ ചര്യയിലുൾപ്പെടുത്തുക.

12. കർക്കടകത്തിൽ സാധ്യമെങ്കിൽ, വൈദ്യ നിർദേശത്തിൻ കീഴിൽ ചിട്ടയോടെ പഞ്ചകർമ ചികിത്സകളിൽ, ശരീരപ്രകൃതിയനുസരിച്ച് ആവശ്യമായവ ചെയ്യുക. ചുരുങ്ങിയ പക്ഷം മരുന്ന് സേവിച്ച് ഒരു തവണ വയറിളക്കുക.

13. മാസം മുഴുവനോ, ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമോ ഔഷധക്കഞ്ഞി സേവിക്കുക. മൂന്നു നേരവും സേവിച്ചാൽ അത്യുത്തമം.

അസിഡിറ്റി ഒഴിവാക്കാൻ

14. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. പ്രത്യേകിച്ചും  ഉച്ചഭക്ഷണം ഒന്നര മണിക്കുള്ളിൽ കഴിക്കാൻ ശ്രദ്ധിക്കുക.

15.  മലബന്ധം വരാതിരിക്കാൻ ശ്രദ്ധിക്കുക.

16. എണ്ണയിൽ വറുത്തതും പുളിയുള്ളതും പുളിപ്പിച്ചെടുക്കുന്നതും ദഹിക്കാൻ താമസമെടുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

17. പടവലങ്ങ, ചെറുപയർ, നെല്ലിക്ക, കുമ്പളങ്ങ, പുളിയാറില, കറിവേപ്പില, മാതളം, മലർ ഇവ ആഹാര കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക

18. ഇടവിട്ട് വയറിളക്കുന്നതും ജലധൗതി (ഉപ്പ് ചേർത്ത വെള്ളം കുടിച്ച് ഛർദ്ദിക്കുന്ന രീതി) ഇവയൊക്കെ ആമാശയം ശുദ്ധീകരിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശ പ്രകാരം ചെയ്യാം.

കേശ സംരക്ഷണത്തിന്

19. ജീവകങ്ങളടങ്ങിയ കയ്യോന്നി, മുത്തിൾ തുടങ്ങിയവ ഇലക്കറികളായി ഉപയോഗിക്കുക

20. പാൽ, നെയ്യ് എന്നിവയും പോഷണമായ ആഹാരങ്ങളും കഴിക്കുക.

21. തലയിലെ എണ്ണമയം പൂർണമായി കളയാതിരിക്കുക

22. ശരീരത്തിനു ചേരാത്ത തലയിലെ എണ്ണ, വീര്യം കൂടിയ ഷാംപൂ ഇവ ഒഴിവാക്കുക

23. മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുക.

24. തലമുടിയും ശിരോചർമവും സ്ഥിരമായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.

ശ്വാസ രോഗങ്ങളെ പ്രതിരോധിക്കാൻ

25. തൊണ്ടയിൽ കഫത്തെ കുറയ്ക്കാനുതകുന്ന രീതിയിൽ വെള്ളവും ഭക്ഷണവും ചൂടോടെ കഴിക്കുക. കുടിക്കാൻ ചുക്കിട്ട് തിളപ്പിച്ച വെള്ളം ഉത്തമം.

26. ഇഞ്ചി, കറിവേപ്പില, മഞ്ഞൾ, ചുവന്നുള്ളി, വെളുത്തുള്ളി, ഏലത്തരി, ഗ്രാമ്പൂ, ജാതി ഇവ ഭക്ഷണത്തിൽ ഉപയോഗിക്കാം.

27. ആവികൊള്ളൽ ശീലമാക്കുക .

28. തണുപ്പിച്ചെടുത്തതും മധുരമേറിയതുമായ പാനീയങ്ങളും പലഹാരങ്ങളും മറ്റും ഒഴിവാക്കുക.

കരൾ സംരക്ഷണത്തിന്

29. സൂചിഗോതമ്പ്, യവം, റാഗി, ചാമ, മലർ, തവിടുകളയാത്ത അരി ഇവ കൊണ്ടുള്ള കഞ്ഞിയോ, മറ്റു വിഭവങ്ങളോ ശീലമാക്കുക.

30. ചെറുപയർ, പടവലം, വെള്ളരിക്ക, കുമ്പളങ്ങ, പപ്പായ, കാരറ്റ്, മുരിങ്ങ, ചീര, കയ്യോന്നിയില ഇവ കൊണ്ട് കറികൾ വയ്ക്കാം.

31. അന്നന്നുണ്ടാക്കിയ മോര്, ചുക്കും കൊത്തമല്ലിയും ചേർത്ത് തിളപ്പിച്ച വെള്ളം എന്നിവ കുടിക്കുക

32. വയർ നിറച്ചും ഭക്ഷണം കഴിക്കുന്നത് (പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ) ഒഴിവാക്കുക.

 33. പ്രമേഹം, രക്തത്തിലെ കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയവ കൃത്യമായ ജീവിതശൈലിയിലൂടെ എപ്പോഴും നിയന്ത്രണത്തിലാക്കുക.

 34. അവശ്യ ഘട്ടങ്ങളിലൊഴികെ വേദനാസംഹാരികളടക്കമുള്ള മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കണം.

35. ഇടവിട്ട് ഉപവാസം, വയറിളക്കൽ എന്നിവ കരൾ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

Tags:
  • Glam Up
  • Beauty Tips