Monday 27 November 2023 04:37 PM IST

വീട്ടില്‍ ഒരുക്കാം ബ്യൂട്ടി പാർലർ; ഓരോ ചർമക്കാർക്കും യോജിച്ച ഫേഷ്യലുകൾ പരിചയപ്പെട്ടോളൂ...

Ammu Joas

Sub Editor

facials5677880000

നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ തന്നെ മതി വീട്ടിലിരുന്നു മുഖത്തിനു നവോന്മേഷം നൽകാൻ. ഓരോ ചർമക്കാർക്കും, ഓരോ ആവശ്യത്തിനും വേണ്ടി ചെയ്യാവുന്ന ഫേഷ്യലുകൾ പരിചയപ്പെട്ടോളൂ.

ഫേഷ്യൽ ഫോർ നോർമൽ സ്കിൻ

ക്ലെൻസര്‍ – പാൽ മികച്ച ക്ലെൻസറാണ്. പാലു മാത്രം മുഖത്തു പുരട്ടി പഞ്ഞി കൊണ്ടു തുടച്ചെടുക്കുക. വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക.

സ്ക്രബ്– ഒരു വലിയ സ്പൂൺ വീതം അരിപ്പൊടിയും തൈരും ഉ രുളക്കിഴങ്ങു നീരും യോജിപ്പിച്ച സ്ക്രബ് ഉപയോഗിച്ചു മുഖം രണ്ടു മിനിറ്റ് മസാജ് ചെയ്തശേഷം കഴുകുക.

സ്റ്റീം & മസാജ്– മുഖത്തു മൂന്നു മിനിറ്റ് ആവി കൊള്ളിക്കുക. അതിനുശേഷം മൃദുവായി മസാജ് ചെയ്യുക.

ഫെയ്സ് പാക്ക്‌– ഒരു ചെറിയ സ്പൂൺ വീതം റാഗിപ്പൊടിയും ഓട്സ് പൊടിച്ചതും ആവശ്യത്തിനു പാൽ ചേർത്തു മിശ്രിതമാക്കി മുഖത്ത് അണിയാം.

ഫേഷ്യൽ ഫോർ ഡ്രൈ സ്കിൻ

ക്ലെൻസർ– വെളിച്ചെണ്ണ ഉപയോഗിച്ചു അഞ്ചു മിനിറ്റ് മസാജ് ചെയ്തു വൃത്തിയാക്കുക. അതിനുശേഷം വരണ്ട ചർമത്തിനുള്ള ഫെയ്സ് വാഷ് കൊണ്ടു മുഖം കഴുകുക.

സ്ക്രബ്– ബദാം തരിയായി പൊടിച്ചത് ഒരു ചെറിയ സ്പൂൺ എടുത്ത് അതിൽ അര ചെറിയ സ്പൂൺ തേൻ ചേർക്കുക. ഇതു മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്തു കഴുകുക.

സ്റ്റീം & മസാജ്– മുഖത്തു രണ്ടു മിനിറ്റ് ആവി കൊള്ളിക്കാം. ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കിയ ചർമത്തിലെ ഈർപ്പം ഒപ്പിയ ശേഷം വെളിച്ചെണ്ണയോ ബദാം എണ്ണയോ പുരട്ടി മസാജ് ചെയ്യുക. ഇളം ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ടു തുടയ്ക്കുക.

ഫെയ്സ് പാക്– രണ്ടു വലിയ സ്പൂൺ അവക്കാഡോ ഉടച്ചതും ഒരു ചെറിയ സ്പൂൺ അരിപ്പൊടിയും തേങ്ങാപ്പാലുംചേർത്ത കട്ടിയുള്ള മിശ്രിതം മുഖത്ത് അണിയുക.

ഫേഷ്യൽ ഫോർ ഓയിലി സ്കിൻ

ക്ലെൻസർ – തേൻ മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് മസാജ് ചെയ്യാം. എണ്ണമയമുള്ള ചർമത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകാം.

സ്ക്രബ്– ഒരു വലിയ സ്പൂൺ കടലമാവും അര ചെറിയ സ്പൂൺ വീതം തേനും നാരങ്ങാനീരും യോജിപ്പിച്ചു സ്ക്രബ് തയാറാക്കി മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുക. രണ്ടു മിനിറ്റിനു ശേഷം മുഖം കഴുകാം.

സ്റ്റീം & മസാജ് – ഒരു ഹെർബൽ ടീബാഗ് ഇട്ടുതിളപ്പിച്ച വെള്ളം കൊണ്ടു മുഖം ആവി കൊള്ളിക്കുക.

എണ്ണമയുമുള്ള ചർമമുള്ളവർ മുഖം അധികം മസാജ് ചെയ്യാത്തതാണു നല്ലത്. മുഖം മസാജ് ചെയ്യുമ്പോൾ സെബേഷ്യസ്‍ ഗ്രന്ഥികൾ ഉത്തേജിപ്പിക്കപ്പെടും. കൂടുതല്‍ എണ്ണമയമുണ്ടാകും. ഇതു മുഖക്കുരു കൂടുതൽ വരാൻ കാരണമാകും.

ബ്രൈറ്റനിങ് ഫേഷ്യൽ

ക്ലെൻസർ – ഒരു വലിയ സ്പൂൺ തേനും പാലും യോജിപ്പിക്കുക. ഇതിൽ മുക്കിയ പഞ്ഞി കൊണ്ടു മുഖം വൃത്തിയാക്കാം. അഴുക്കും പൊടിയും പൂർണമായി നീങ്ങാൻ ബ്രൈറ്റനിങ് ഫെയ്സ് വാഷ് ഉപയോഗിച്ചും മുഖം കഴുകാം.

സ്ക്രബ്– ഒരു വലിയ സ്പൂൺ പഴുത്ത പപ്പായ ഉടച്ചതും അര ചെറിയ സ്പൂൺ വീതം അരിപ്പൊടിയും തൈരും ചേർത്തു സ്ക്രബ് തയാറാക്കി മുഖത്തു പുരട്ടി വൃത്തിയാക്കുക. സ്കിൻ ടോൺ മെച്ചപ്പെടുത്താൻ മികച്ചതാണ് പപ്പായ.

സ്റ്റീം & മസാജ് – അധികം ചൂടില്ലാതെ മുഖത്തു രണ്ടു മിനിറ്റ് ആവി പിടിക്കുക. അടഞ്ഞിരിക്കുന്ന ചർമസുഷിരങ്ങൾ തുറന്നുവരുമ്പോൾ പഞ്ഞിക്കഷണം ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കണം. അതിനുശേഷം ഉരുളക്കിഴങ്ങു നീരു മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുക.

ഫെയ്സ്പാക് – ഒരു വലിയ സ്പൂൺ വീതം കാപ്പിപൊടിയും ഉരുളക്കിഴങ്ങുനീരും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്തു പാക്ക് തയാറാക്കി മുഖത്തണിയാം. 15 മിനിറ്റിനു ശേഷം കഴുകാം.

ആന്റി എയ്ജിങ് ഫേഷ്യൽ

ക്ലെൻസർ – ഒരു വൈറ്റമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ചതും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ഉപയോഗിച്ചു മുഖം മസാജ് ചെയ്യുക. ടിഷ്യു പേപ്പർ ഉപയോഗിച്ചു തുടച്ചശേഷം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക.

സ്ക്രബ് – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട പൊടിച്ചതും കുഴച്ചെടുക്കാൻ പാകത്തിനു തേനും ചേർത്ത് സ്ക്രബ് തയാറാക്കാം. സെൻസിറ്റീവ് ചർമമുള്ളവർക്കു കറുവാപ്പട്ട പൊടിച്ചത് അസ്വസ്ഥതകൾ ഉണ്ടാക്കാം. പകരം ഓട്സ് പൊടിച്ചതും പാലും ചേർന്ന സ്ക്രബ് ഉപയോഗിക്കാം.

സ്റ്റീം & മസാജ്– ഉപയോഗിച്ച ഒരു ഗ്രീൻ ടീ ബാഗ് ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുഖത്തു മൂന്നു മിനിറ്റ് ആവി പിടിക്കാം. ഇനി ഈ ഗ്രീന്‍ ടീ ഉപയോഗിച്ചു മസാജ് ചെയ്യുക.

ഫെയ്സ് പാക്ക്– പകുതി ഏത്തപ്പഴം ഉടച്ചതും ഒരു വലിയ സ്പൂൺ വീതം പാൽപ്പൊടിയും ഓട്സ് പൊടിച്ചതും ഒരു മുട്ടവെള്ളയും യോജിപ്പിച്ച് പാക്ക് തയാറാക്കി മുഖത്ത് അണിയുക. നന്നായി ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ടു മുഖം തുടയ്ക്കുക.

പ്യൂരിഫയിങ് ഫേഷ്യൽ

ക്ലെൻസര്‍– തക്കാളിനീര് ഉപയോഗിച്ചു മുഖം തുടച്ച ശേഷം ഫെയ്സ് വാഷ് ഉപയോഗിച്ചു കഴുകുക.

സ്ക്രബ്– ഒരു ചെറിയ സ്പൂൺ തേനിൽ അര ചെറിയ  സ്പൂൺ പഞ്ചസാര പൊടിച്ചതു ചേർത്തു മുഖത്തു മൃദുവായി മസാജ് ചെയ്ത് രണ്ടു മിനിറ്റിനു ശേഷം കഴുകാം.

സ്റ്റീം & മസാജ് – തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുഖത്തു രണ്ടു മിനിറ്റ് ആവി പിടിക്കുക. മുഖക്കുരു ഉള്ളവർ മസാജ് ചെയ്യുകയേ വേണ്ട.

ഫെയ്സ്പാക്– ഒരു വലിയ സ്പൂൺ ആര്യവേപ്പില ഉണക്കി പൊടിച്ചതിൽ അര ചെറിയ സ്പൂണ്‍ വീതം തേനും  രണ്ടു തുള്ളി ടീ ട്രീ ഓയിലും ചേർത്തു പാക്ക് തയാറാക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.

വിവരങ്ങൾക്കു കടപ്പാട് : ജാസ്മിൻ മൻസൂർ, സിൻഡ്രല്ല ബ്യൂട്ടി കൺസപ്റ്റ്സ്, കോട്ടയം

Tags:
  • Glam Up
  • Beauty Tips