Monday 22 July 2019 09:19 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനും അമ്മയും വഴക്കാണ്, ആത്മഹത്യ ചെയ്യാൻ അനുമതി വേണം’! രാഷ്ട്രപതിക്ക് 15 വയസ്സുകാരന്റെ കത്ത്

boy-new

ആത്മഹത്യ ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് 15 വയസ്സുകാരന്റെ കത്ത്. ഞെട്ടിക്കുന്ന ആവശ്യവുമായി രാഷ്ട്രപതിയെ തേടിച്ചെന്ന ഈ കത്തെഴുതാൻ ആ കുട്ടിയെ പ്രേരിപ്പിച്ച കാരണം അച്ഛനും അമ്മയും വഴക്കിലാണെന്നതാണ്.

ബിഹാറിലെ ഭഗൽപുര്‍ ജില്ലാ ഭരണകൂടമാണ് ഇങ്ങനെയാരു കത്തു കിട്ടിയ വിവരം പുറത്തു വിട്ടിരിക്കുന്നത്.

രണ്ടുമാസം മുന്‍പാണ് കത്ത് അയച്ചത്. ജൂലൈ 16ന് കത്ത് രാഷ്ട്രപതി ഭവനിൽ ലഭിച്ചു. രാഷ്ട്രപതി ഭവനിൽ നിന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി നടപടി ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെടാൻ ഭഗൽപുര്‍ ജില്ലാ ഭരണകൂടത്തിനു നിർദേശം നല്‍കുകയുമായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനൊപ്പം ജാർഖണ്ഡിലാണ് കുട്ടിയുടെ താമസം. ബിഹാറിലെ പാട്നയിൽ ഒരു ബാങ്കിലെ മാനേജരാണ് അമ്മ. ഭഗൽപുരിലാണ് ഇവർ കുടുംബ സമേതം താമസിച്ചിരുന്നത്. വീട്ടിൽ വഴക്ക് പതിവായിരുന്നതിനാൽ, സ്ഥലം മാറ്റം കിട്ടിയതോടെ അച്ഛന്‍ കുട്ടിയെയും കൊണ്ട് ജാർഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു. പിതാവ് കാൻസർ രോഗിയാണ്. അവിഹിത ബന്ധം ആരോപിച്ച് മാതാപിതാക്കൾ പരസ്പരം കേസു കൊടുത്തിട്ടുമുണ്ട്.

സ്വസ്ഥതയും സമാധാനവും ഇല്ലാത്തതിനാൽ പഠിക്കാനാവുന്നില്ല. ഇങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കാൻ ആഗ്രഹമില്ല. അതിനാൽ മരിക്കാൻ അനുവാദം തരണം എന്നാണ് കത്തിലെ ആവശ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നിയമപരമായി പ്രശ്നത്തിൽ ഇടപെടാനും കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്താനുമാണ് തീരുമാനമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.